കോട്ടയം: ഏറ്റവും ഒടുവിലായാലും പുതുപ്പള്ളിയിൽ ബിജെപിക്ക് സ്ഥാനാർത്ഥി ആയിക്കഴിഞ്ഞു. കോട്ടയം ജില്ലാ സെക്രട്ടറി ലിജിൻലാലാണ് പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർത്ഥി. ഇന്നലെ പ്രഖ്യാപനം വന്നതിന് പിന്നാലെ ലിജിൻ തെരഞ്ഞെടുപ്പു പ്രചരണം തുടങ്ങി. ഇന്ന് പെരുന്നയിലെ ൻഎസ്എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ കണ്ട ശേഷമാണ് തെരഞ്ഞെടുപ്പു പ്രചരണം തുടങ്ങിയത്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മിത്ത് വിവാദം ചർച്ചയാക്കുമെന്ന് ലിജിൻ ലാൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുമ്പ് മിത്തായിരുന്നതെല്ലാം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സിപിഎമ്മിന് ദൈവങ്ങളായെന്നും ലിജിൻ ലാൽ പറഞ്ഞു. സുകുമാരൻ നായരിൽ നിന്നും അനുഗ്രഹം വാങ്ങിയെന്നും അത് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് വിശ്വാസമെന്നും ലിജിൻ ലാൽ പറഞ്ഞു. എൻ.എസ്.എസിന്റെ സമദൂരമെന്ന നിലപാടിനെ സ്വാഗതം ചെയ്യുന്നതായും ലിജിൻ ലാൽ വ്യക്തമാക്കി.

എംഎ‍ൽഎയോ എംപിയോ ഒന്നുമില്ലാത്ത സംസ്ഥാനത്ത് ഈ നിയോജകമണ്ഡലത്തിൽ മോദിസർക്കാർ നിരവധി വികസനപ്രവർത്തനങ്ങൾ നടത്തുമ്പോൾ ഇത്രയും കാലം ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച ഇരുമുന്നണികളും ജനങ്ങൾക്കു വേണ്ടി എന്താണ് ചെയ്തത്. സ്പീക്കറുടെ പരമാർശം തിരഞ്ഞെടുപ്പ് വിഷയമായി ഉന്നയിക്കും. വിശ്വാസിസമൂഹം ജീവിക്കുന്ന ഒരു നാട്ടിലാണ് നാം. അവരുടെ വിശ്വാസങ്ങൾക്കെതിരായ വാക്കുകളുണ്ടായാൽ അത് അവരെ മുറിപ്പെടുത്തും എന്നുള്ളതിൽ സംശയമില്ല.- ലിജിൻ ലാൽ പറഞ്ഞു.

പല തവണ കേരളത്തിലെ വിശ്വാസിസമൂഹത്തിനെതിരെ സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഇത്തരം പ്രവർത്തികളുണ്ടായിട്ടുണ്ട്. അതെല്ലാം വിശ്വാസിസമൂഹത്തിന്റെ മനസ്സിലുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് പറയുന്നു എല്ലാം മിത്താണെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം എല്ലാം ദൈവങ്ങളായി. ചുരുങ്ങിയ സമയത്തിനുള്ളിൽ നിലപാട് മാറ്റിപ്പറഞ്ഞുകൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന സമീപനത്തിനെതിരെ പുതുപ്പള്ളിയിലെ ജനങ്ങൾ പ്രതികരിക്കുക തന്നെ ചെയ്യും. -ലിജിൻ ലാൽ വ്യക്തമാക്കി.

ലിജിൻ ലാൽ യുവമോർച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2014 മുതൽ ബിജെപി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം സ്വദേശിയാണ്. തൃശൂരിലെ ബിജെപി കോർ കമ്മറ്റി യോഗത്തിലേക്കും ലിജിനെ വിളിപ്പിച്ചിരുന്നു. 2021ൽ കടുത്തുരുത്തിയിൽ സ്ഥാനാർത്ഥിയായിരുന്നു ലിജിൻ.

നിരവധി ചർച്ചകൾക്കൊടുവിൽ സംസ്ഥാന നേതൃത്വം നൽകിയ പട്ടിക ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു. മത്സരരംഗത്തേയ്ക്ക് എൻഡിഎയും എത്തിയതോടെ ശക്തമായ മത്സരത്തിനാകും പുതുപ്പള്ളി വേദിയാകുക.. ആർഎസ്എസ് നേതൃത്വവും പുതുപ്പള്ളിയിൽ ബിജെപിക്കായി പ്രചരണത്തിൽ സജീവമാകും. കോൺഗ്രസിനായി ചാണ്ടി ഉമ്മനും സിപിഎമ്മിനായി ജെയ്ക് സി തോമസും മണ്ഡലത്തിൽ നിറഞ്ഞു കഴിഞ്ഞു.