ന്യൂഡൽഹി: ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിൽ ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി. 67.71 ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ പോളിംങ് ശതമാനത്തിലെ കുറവ് ബിജെപിയെ ആശങ്കപ്പെടുത്തിയിരുന്നു. പശ്ചിമ ബംഗാളിലും ആന്ധ്രപ്രദേശിലും പോളിങ് 78 ശതമാനം നടന്നിട്ടുണ്ട്. ജമ്മു കശ്മീരിൽ 40 ശതമാനത്തിനടുത്തും പോളിങ് രേഖപ്പെടുത്തി. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ടത്തിൽ വിധിയെഴുതിയത്.

അതേസമയം, തെരഞ്ഞെടുപ്പിൽ വൻവിജയം അവകാശപ്പെട്ട് അമിത് ഷാ രംഗത്തെത്തി. ജമ്മു കശ്മീരിൽ പോളിങ് ഉയർന്നത് നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൂണ്ടിക്കാട്ടി. 400 കടക്കുമെന്ന് ഉറപ്പായെന്നും വോട്ട് ചെയ്യുന്നവരിൽ കൂടുതൽ ബിജെപി അണികളാണെന്നും പറഞ്ഞ അമിത് ഷാ പോളിങ് കുറഞ്ഞതിൽ ആശങ്കയില്ലെന്നും വ്യക്തമാക്കി.

അതേസമയം വാരണാസി മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ ഗംഗാ സ്‌നാനവും കാലഭൈരവ ക്ഷേത്രത്തിൽ ദർശനവും നടത്തിയ ശേഷമാകും കളക്ടറേറ്റിൽ വരണാധികാരിക്ക് പത്രിക സമർപ്പിക്കുക. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ എന്നിവർ മോദിക്കൊപ്പമുണ്ടാകും.

പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം മണ്ഡലത്തിൽ പ്രധാനമന്ത്രി മണ്ഡലത്തിൽ റോഡ് ഷോ നടത്തിയിരുന്നു. പത്രിക സമർപ്പണത്തിന് മുന്നോടിയായി ഗംഗ തീരത്തുള്ള ദശാശ്വമേധ് ഘാട്ടിൽ പ്രധാനമന്ത്രി പ്രാർത്ഥന നടത്തും. അവിടെ നിന്ന് ബോട്ടിൽ നമോ ഘാട്ടിൽ എത്തും. തുടർന്ന് കാല ഭൈരവ ക്ഷേത്രത്തിൽ എത്തി പ്രാർത്ഥന നടത്തും. ഇതിന് ശേഷം കളക്ടറേറ്റിൽ എത്തി നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഉത്തരേന്ത്യയിലെ ഹിന്ദു മത വിശ്വാസ പ്രകാരം മംഗള കർമങ്ങൾക്ക് അനുയോജ്യമായ പുഷ്യ നക്ഷത്ര മുഹൂർത്തത്തിൽ ആണ് നാമ നിർദ്ദേശ പത്രിക സമർപ്പണം.

ഗംഗ സപ്തമി ദിനമായ ഇന്ന് നരേന്ദ്ര മോദി ഗംഗ സ്നാനം നടത്തുമെന്നാണ് ബിജെപി നേതാക്കൾ അറിയിച്ചിട്ടുള്ളത്. ഗംഗ ദേവി ഭൂമിയിൽ പുനർജനിച്ച ദിവസം എന്ന വിശ്വാസത്തിൽ ആണ് ഗംഗ സപ്തമി ആഘോഷിചിക്കുന്നത്. സപ്തമികളിൽ ഏറ്റവും അതി ശുഭകരമായ ദിവസം ആണ് ഗംഗ സപ്തമി.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉത്തരാഖണ്ഡ് മുഖ്യമന്തി പുഷ്‌കർ സിങ് ധാമി, മധ്യ പ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി വിഷണു ദേവ് സായി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ, ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്, ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ എന്നിവർ മോദിയുടെ നാമ നിർദ്ദേശ പത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുക്കും.

കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ് നാഥ് സിങ് തുടങ്ങിയവരും നാമ നിർദ്ദേശ പത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുക്കും. ജൂൺ ഒന്നിന് ഏഴാം ഘട്ടത്തിലാണ് വാരാണസിയിൽ വോട്ടെടുപ്പ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മറ്റ് സംസ്ഥാനങ്ങളിൽ ഇന്നു മുതൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും. ആംആദ്മി പാർട്ടി മത്സരിക്കുന്ന ഹരിയാനയിലെ ഏക സീറ്റായ കുരുക്ഷേത്രയിൽ റോഡ് ഷോ നടത്തും. ഇന്ത്യ സഖ്യത്തിനായി ഉത്തർപ്രദേശ്, പഞ്ചാബ്, ജാർഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും ഈ ആഴ്ച ഡൽഹി മുഖ്യമന്ത്രി പ്രചാരണത്തിനെത്തുന്നുണ്ട്.