ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിലാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ ജൂൺ നാലിനാണ് നടക്കുക എന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ആദ്യ ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19നാണ് നടക്കുക. രണ്ടാം ഘട്ടം ഏപ്രിൽ 26നും മൂന്നാം ഘട്ടം മെയ് ഏഴിനുമാണ് തെരഞ്ഞെടുപ്പ് നടക്കുക. നാലാം ഘട്ടം മെയ് 13നാണ്. അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25ന്. ഏഴാം ഘട്ടം ജൂൺ ഒന്നിനും നടക്കും. ജൂൺ നാലിന് വോട്ടെണ്ണൽ. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ഏഴ് സംസ്ഥാനങ്ങളിലെ 26 നിയമസഭാ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കും. തെരഞ്ഞെടുപ്പു തീയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

ആദ്യ ഘട്ടത്തിൽ 102 ലോക്സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. തമിഴ്‌നാട് ,രാജസ്ഥാൻ, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലും മൂന്നാമത്തെ ഘട്ടത്തിൽ 94 മണ്ഡലങ്ങളിൽ നാലാം ഘട്ടത്തിൽ 96 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തിൽ 49 മണ്ഡലങ്ങളിലും ആറാം ഘട്ടത്തിൽ 57 മണ്ഡലങ്ങളിലും ഏഴാം 57 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. ആന്ധ്രാ പ്രദേശ് - വോട്ടെടുപ്പ് -മെയ് 13ന്, സിക്കിം- ഏപ്രിൽ 19 ന, ഒഡീഷ- മെയ് 13 ന്, അരുണാചൽ പ്രദേശ് -ഏപ്രിൽ 19 നുമാണ് തെരഞ്ഞെടുപ്പ് നടക്കുക.

കേരളത്തിലെ തെരഞ്ഞെടുപ്പ്:

തെരഞ്ഞെടുപ്പ് വിജ്ഞാപനം - മാർച്ച് 28
നാമനിർദേശ പത്രിക സമർപ്പിക്കൽ - ഏപ്രിൽ 4
നാമനിർദേശ പത്രിക പരിശോധന - ഏപ്രിൽ 5
നാമനിർദേശ പത്രിക പിൻവലിക്കൽ - ഏപ്രിൽ 8
വോട്ടെടുപ്പ് - ഏപ്രിൽ 26 (വെള്ളിയാഴ്ച)
വോട്ടെണ്ണൽ - ജൂൺ 4 (ചൊവ്വാഴ്ച)

രാജ്യത്ത് ആകെ 96.8 കോടി വോട്ടർമാർ

ആകെ 96.8 കോടി വോട്ടർമാരാണ് ഉള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ 49.7 കോടി പുരുഷ വോട്ടർമാരും, 47.1 കോടി സ്ത്രീ വോട്ടർമാരുമാണുള്ളത്. 1.8 കോടി കന്നി വോട്ടർമാരാണ് ഉള്ളത്. കന്നി വോട്ടർമാരിൽ 85 ലക്ഷവും പെൺകുട്ടികളാണ്. 48000 ട്രാൻസ്ജെന്റർ വോട്ടർമാരുമുണ്ട്. 10.5 ലക്ഷം പോളിങ് ബൂത്തുകൾ ഉണ്ടാകും. 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും 55 ലക്ഷം ഇവിഎമ്മുകളും 4 ലക്ഷം വാഹനങ്ങളുമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു

ബൂത്തുകളിൽ കുടിവെള്ളവും മറ്റു സൗകര്യവും ഒരുക്കുമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി. ശൗചാലയ സൗകര്യവും ഒരുക്കും. വോട്ട് ഫ്രം ഹോം സൗകര്യവും അർഹതപ്പെട്ടവർക്കായി ഒരുക്കും. 85 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ഈ സൗകര്യം ഒരുക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിൽ 85ന് മുകളിൽ പ്രായമുള്ളവർക്കും, 40 ശതമാനത്തിലേറെ വൈകല്യമുള്ളവർക്കും'വോട്ട് ഫ്രം ഹോം' സൗകര്യം പ്രയോജനപ്പെടുത്താം. അതായത് വീട്ടിൽവച്ചുതന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ലഭിക്കും.

പ്രായാധിക്യം മൂലം അവശനിലയിൽ ആയി പുറത്തിറങ്ങാൻ പ്രയാസമനുഭവിക്കുന്നവർക്കും ശാരീരികവൈകല്യം മൂലം വോട്ട് ചെയ്യാൻ പോകാൻ ബുദ്ധിമുട്ടുന്നവർക്കുമെല്ലാം ഈ സൗകര്യം ഏറെ ആശ്വാസകരമായിരിക്കും. കുടിവെള്ളം, ശൗചാലയം, വീൽച്ചെയർ, മെഡിക്കൽ സൗകര്യങ്ങൾ എന്നിവയും വോട്ടിങ് കേന്ദ്രങ്ങളിൽ സജ്ജമാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. എത്താവുന്ന എല്ലായിടങ്ങളിലുമെത്തി വോട്ടെടുപ്പിൽ ജനങ്ങളെ പങ്കാളികളാക്കാനാണ് തീരുമാനം.

പേപ്പർ ഉപയോഗം പരമാവധി കുറയ്ക്കും, ഇ-വോട്ടർ ലിസ്റ്റ് പ്രയോജനപ്പെടുത്തും, ഇലക്ട്രോണിക് സംവിധാനങ്ങളെ തന്നെ കാര്യമായി ആശ്രയിക്കാനും തീരുമാനം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ചെറുക്കും. പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ചെറുക്കും. 11 നിയമസഭ തെരഞ്ഞെടുപ്പുകളിൽ കഴിഞ്ഞ 5 വർഷത്തിനിടെ 3400 കോടി രൂപ പിടിച്ചെടുത്തുവെന്നും അദ്ദേഹം അറിയിച്ചു.

ജില്ലയിൽ സുരക്ഷ സംവിധാനങ്ങൾക്ക് 24ഃ7 കൺട്രോൾ റൂം. നെറ്റ് വർക്ക് ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും. അതിർത്തികളിൽ ഡ്രോൺ നിരീക്ഷണം. പ്രശ്നസാധ്യത ബൂത്തുകളിൽ വെബ് കാസ്റ്റിങ് ഏർപ്പെടുത്തും. ജില്ലയിൽ സുരക്ഷ സംവിധാനങ്ങൾക്ക് 24ഃ7 കൺട്രോൾ റൂം നെറ്റ് വർക്ക് ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും. സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയുണ്ടാകും. സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കാൻ അനുവദിക്കില്ലെന്നു മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ അറിയിച്ചു.

രാജ്യത്തിന് യഥാർഥ ഉത്സവവും ജനാധിപത്യവുമായ അന്തരീക്ഷം നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പുകാലം രാജ്യത്തിന്റെ അഭിമാന കാലം എന്ന് മുദ്രാവാക്യമെന്നും രാജീവ് കുമാർ അറിയിച്ചു.

ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യ കമീഷണറും രണ്ടു കമീഷണർമാരുമാണ് തീയതി പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. 543 മണ്ഡലങ്ങളിലെ ഒരുക്കങ്ങൾ വിലയിരുത്താൻ വിവിധ സംസ്ഥാനങ്ങളിൽ പര്യടനം പൂർത്തിയാക്കി ഡൽഹിയിൽ തിരിച്ചെത്തിയ ശേഷമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ തീയതി പ്രഖ്യാപിക്കുന്നത്.

543 ലോക്‌സഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബിജെപി 267 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ ഇതിനകം പ്രഖ്യാപിച്ചപ്പോൾ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് 82 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. പതിനേഴാം ലോക്‌സഭയുടെ കാലാവധി ജൂൺ 16ന് പൂർത്തിയാകും. ആന്ധ്ര പ്രദേശ്, ഒഡീഷ, അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളുടെ കാലാവധി ജൂണിൽ അവസാനിക്കും.