ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോളുകൾ നിഷ്പ്രഭമാക്കുന്ന മുന്നേറ്റവുമായി ഇന്ത്യാ സഖ്യം. ഇതോടെ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ഭരിക്കാമെന്ന ബിജെപിയുടെയും മോദിയുടെയും മോഹനങ്ങൾ മങ്ങുകയാണ്. ലീഡ് നിലയിൽ ഇപ്പോഴും എൻഡിഎ സഖ്യമാണ് മുന്നിലെത്തിയിരിക്കുന്നത്. എന്നാൽ, ഇന്ത്യാ മുന്നണിയും ശക്തമായ മത്സരം കാഴ്‌ച്ചവെച്ചു.

വോട്ടെണ്ണൽ ആരംഭിച്ച് അഞ്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ ഇന്ത്യ സഖ്യം വിട്ടുകൊടുക്കാതെ പൊരുതുകയാണ്. ഇടയ്ക്ക് എൻഡിഎയെ ഞെട്ടിച്ച് മുന്നിലെത്തിയ ഇന്ത്യ സഖ്യം, കൃത്യമായ ഇടവേളകളിൽ എൻഡിഎയ്‌ക്കൊപ്പമെത്തി. നിലവിൽ ലീഡ് നിലയിൽ കേവല ഭൂരിപക്ഷം കടന്ന് മുന്നിലാണെങ്കിലും, ലീഡ് നില അടിക്കടി മാറിമറിയുന്നത് അവരെ ആശങ്കപ്പെടുത്തുന്നുണ്ട്.

ലീഡ് നില

എൻഡിഎ -298
ഇന്ത്യാ സഖ്യം -226
മറ്റുള്ളവർ -18

ഭരണം പിടിക്കാൻ ആകെ 272 സീറ്റുകളാണ് വേണ്ടത്. എൻഡിഎക്ക് 296 സീറ്റുകളിൽ ലീഡുണ്ട്. അതേസമയം ഇന്ത്യാ സഖ്യത്തിന് 227 സീറ്റുകളിലാണ് ലീഡുള്ളത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ എൻഡിഎ വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നെങ്കിലും, പിന്നീട് ശക്തമായി തിരിച്ചുവന്നാണ് ഇന്ത്യ സഖ്യം സാന്നിധ്യം അറിയിച്ചത്. ഒരുവേള ഇരു മുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും പിന്നീട് വീണ്ടും എൻഡിഎ മുന്നിൽ കയറി. 2014നു ശേഷം ഇതാദ്യമായി കോൺഗ്രസ് 100 സീറ്റുകളിൽ ലീഡ് പിടിച്ചു.

വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഘട്ടത്തിൽ പിന്നിൽ പോയെങ്കിലും പിന്നീട് മുന്നിലെത്തി. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായ് ഒരു ഘട്ടത്തിൽ ആറായിരത്തോളം വോട്ടുകളുടെ അപ്രതീക്ഷിത ലീഡ് നേടിയിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിലും വയനാട്ടിലും വിജയം ഉറപ്പിച്ച ലീഡെടുത്തു. രാഹുൽ കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ അമേഠിയിലും കോൺഗ്രസ് സ്ഥാനാർത്ഥി ഇത്തവണ മുന്നിലാണ്. അവിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പിന്നിലാണ്.

കേരളത്തിൽ 18 സീറ്റുകളിൽ യു.ഡി.എഫും, തൃശൂരിൽ എൻ.ഡി.എയും, ആലത്തൂരിൽ മാത്രം എൽ.ഡി.എഫും ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്ത് ഏറെ നേരം ലീഡുയർത്തിയ ബിജെപിയുടെ രാജീവ് ചന്ദ്രശേഖരനെ പിന്നിലാക്കി ശശി തരൂർ ലീഡ് നേടിയിരിക്കുകയാണ്. ആറ്റിങ്ങൽ മണ്ഡലത്തിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഇവിടെ മൂന്ന് സ്ഥാനാർത്ഥികൾക്കും വിജയസാധ്യതയുണ്ട്.

2019 ൽ എൻഡിഎയ്ക്ക് 352 സീറ്റാണ് ലഭിച്ചത്. ഇത്തവണയും എൻഡിഎ 350 സീറ്റിലധികം നേടുമെന്നാണ് മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിട്ടുള്ളത്. എന്നാൽ ആ നിലയിലേക്ക് ലീഡ് ഉയരുമോ എന്ന വ്യക്തത ഇല്ലാത്ത അവസ്ഥയിലാണ് കാര്യങ്ങൾ.

ചന്ദ്രബാബു നായിഡുവിനെ ഫോണിൽ വിളിച്ചു അമിത്ഷാ

എൻഡിഎയെ ഞെട്ടിച്ച് ഇന്ത്യാ മുന്നണി അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയതോടെ മൂന്നാം വട്ടവും ഭരണം ഉറപ്പിക്കാനുള്ള നിർണായ നീക്കവുമായി ബിജെപി. ടിഡിപിയെ എൻഡിഎയിൽ തന്നെ നിർത്തുന്നതിനായി ചന്ദ്രബാബു നായിഡുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഫോണിൽ സംസാരിച്ചു. എൻഡിഎയിൽ തന്നെ ഉറച്ച് നിൽക്കുമെന്നാണ് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയത്.

അതേസമയം, ടിഡിപിയുമായി ചർച്ച നടത്താനുള്ള നീക്കത്തിലാണ് ഇന്ത്യാ സഖ്യ നേതാക്കൾ. നിതീഷ് കുമാറുമായും ഇന്ത്യാ സഖ്യം ചർച്ച നടത്തുന്നുണ്ട്. ഒരു ഭാഗത്ത് പ്രാദേശിക കക്ഷികളെ കൂടെ നിർത്തി ഭരണം പിടിച്ചെടുക്കാൻ ഇന്ത്യാ സഖ്യം നീക്കം നടത്തുമ്പോഴാണ് ഭരണതുടർച്ചയ്ക്കായി ബിജെപി ടിഡിപി ഉൾപ്പെടെയുള്ള എൻഡിഎ സഖ്യകക്ഷികൾ വിട്ടുപോകാതിരിക്കാനുള്ള നീക്കങ്ങളും സജീവമാക്കിയത്.

ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കുമെന്നും മോദി അറിയിച്ചു. കൂടെ നിർത്തുന്നതിനായി എൻഡിഎയുടെ കൺവീനർ സ്ഥാനം ഉൾപ്പെടെ ചന്ദ്രബാബു നായിഡുവിന് ബിജെപി വാഗ്ദാനം ചെയ്തതായാണ് വിവരം. ടിഡിപിയെ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാക്കാനുള്ള നീക്കം സജീവമായതോടെയാണ് ചന്ദ്രബാബു നായിഡു മറുകണ്ടം ചാടാതിരിക്കാൻ എൻഡിഎ കൺവീനർ സ്ഥാനം അടക്കമുള്ള വലിയ വാഗ്ദാനങ്ങൾ ബിജെപി മുന്നോട്ടുവെച്ചിരിക്കുന്നത്.

ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം 300 സീറ്റുകളിലാണ് എൻഡിഎ മുന്നേറുന്നത്. ഇന്ത്യാ സഖ്യം 223 സീറ്റുകളിലും മുന്നേറുന്നുണ്ട്. ആന്ധ്രാ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വൈഎസ്ആർ കോൺഗ്രസിന് കനത്ത തിരിച്ചടിയായി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) വൻതിരിച്ചുവരവാണ് നടത്തിയത്. ജഗൻ മോഹൻ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രഖ്യാപിച്ച അതേദിവസം അധികാരമേറ്റ് മധുര പ്രതികാരം ചെയ്യാൻ ചന്ദ്രബാബു നായിഡു തീരുമാനിച്ചിട്ടുണ്ട്. ജൂൺ 9ന് ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്യുമെന്ന് ടിഡിപി അറിയിച്ചു.

മറുവശത്തും നീക്കങ്ങളുമായി കോൺഗ്രസും

അതേസമയം, മറുഭാഗത്ത് നിർണായക നീക്കങ്ങളുമായി കോൺഗ്രസും മുന്നോട്ടുപോവുകയാണ്. നിലവിൽ ഇന്ത്യാ സഖ്യം 225 സീറ്റിലോളം മുന്നേറുന്ന സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കാൻ കോൺഗ്രസ് നീക്കം ആരംഭിച്ചു. ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി, നവീൻ പട്‌നായിക്കിന്റെ ബിജെഡി, ജഗന്മോഹൻ റഡ്ഡിയുടെ വൈ എസ് ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികളുമായി കോൺഗ്രസ് സംസാരിക്കും.

നിതീഷ് കുമാറിന്റെ ജെഡിയുവിനെയും ഇന്ത്യാ മുന്നണിയിലേക്ക് അടുപ്പിക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി. 225 സീറ്റുകളിലാണ് ഇന്ത്യാ മുന്നണി മുന്നിട്ട് നിൽക്കുന്നത്. 297 മണ്ഡലങ്ങളിൽ എൻഡിഎ മുന്നിട്ട് നിൽക്കുന്നു. കോൺഗ്രസിന് നിലവിൽ 97 സീറ്റുകളിലാണ് ലീഡുള്ളത്. അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയാണ് ഇന്ത്യാ മുന്നണിയിൽ കൂടുതൽ സീറ്റുകളിൽ മുന്നേറ്റം നടത്തുന്ന രണ്ടാമത്തെ പാർട്ടി.

നിലവിലെ സാഹചര്യത്തിൽ നിതീഷിന്റെ ജെഡിയുവും ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാർട്ടിയും ഇന്ത്യാ മുന്നണിക്ക് ഒപ്പം നിന്നാൽ 30 സീറ്റുകൾ കൂടി ഇന്ത്യാ മുന്നണിയിലേക്ക് എത്തും. ജെഡിയു നേതാവ് നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ഒരു ആവശ്യം മമത ബാനർജി അടക്കം ചില സഖ്യകക്ഷികൾ മുന്നോട്ട് വെച്ചിട്ടുണ്ട്. അതല്ലെങ്കിൽ ഇന്ത്യാ മുന്നണിയുടെ കൺവീനർ സ്ഥാനം നിതീഷിന് നൽകി സർക്കാർ രൂപീകരണ ശ്രമം നടത്തണമെന്നാണ് ആവശ്യം. സഖ്യകക്ഷികളുടെ ആവശ്യം പരിഗണിച്ച് അത്തരത്തിലൊരു നീക്കം നടത്താൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

400 സീറ്റെന്ന പ്രതീക്ഷയിലായിരുന്ന എൻഡിഎയ്ക്ക് വലിയ തിരിച്ചടിയാണ് ഇത്തവണ ഉണ്ടായത്. കോൺഗ്രസിന്റെ വോട്ട് ഷെയർ കഴിഞ്ഞവട്ടം 19 ശതമാനമായിരുന്നു. ഇത് ഇത്തവണ 24.84 ശതമാനമായി മാറി. അഞ്ച് ശതമാനം വോട്ട് വിഹിതം കൂട്ടാൻ കോൺഗ്രസിന് സാധിച്ചു. എന്നാൽ അതേ സമയം, ബിജെപിക്ക് വോട്ട് ഷെയറിൽ വലിയ മാറ്റമുണ്ടായിട്ടില്ല.