- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്
ന്യൂഡൽഹി: പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് ഇന്ന് തുടക്കമാകും. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഉൾപ്പെടെ 102 മണ്ഡലങ്ങളിലാണ് ഇന്ന് ജനവിധി നടക്കുക. അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും വോട്ടെടുപ്പുനടക്കും. ഇന്ത്യാ മുന്നണിയും എൻഡിഎ മുന്നണിയുമായി നേർക്കുനേരാണ് ഇക്കുറി പോരാട്ടം. തുടർഭരണം ഉറപ്പാണെന്ന് കണക്കാക്കിയാണ് പ്രധാനമന്ത്രി മോദിയും ബിജെപിയും മുന്നോട്ടുപോകുന്നത്. സഖ്യനീക്കത്തിലൂടെ ബിജെപിക്ക് തടയിടാമെന്ന് ഇന്ത്യാ സഖ്യവും കരുതുന്നു.
16.63 കോടി വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. 1.87 ലക്ഷം പോളിങ്സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിൽ സംസ്ഥാനങ്ങൾക്കനുസരിച്ച് മാറ്റമുണ്ടാവാം. എട്ടു കേന്ദ്രമന്ത്രിമാർ, രണ്ട് മുൻ മുഖ്യമന്ത്രിമാർ, ഒരു മുൻ ഗവർണർ എന്നിവരടക്കം 1600 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
അരുണാചൽപ്രദേശ് (രണ്ട്), അസം (അഞ്ച്), ബിഹാർ (നാല്), മധ്യപ്രദേശ് (ആറ്), മഹാരാഷ്ട്ര (അഞ്ച്), മണിപ്പുർ (രണ്ട്), രാജസ്ഥാൻ (13), മേഘാലയ (രണ്ട്), തമിഴ്‌നാട് (39), ഉത്തരാഖണ്ഡ് (അഞ്ച്), ബംഗാൾ (മൂന്ന്), ഉത്തർപ്രദേശ് (എട്ട്), ഛത്തീസ്‌ഗഢ്, ലക്ഷദ്വീപ്, അന്തമാൻ നിക്കോബാർ, ജമ്മു-കശ്മീർ, മിസോറം, നാഗാലാൻഡ്, പുതുച്ചേരി, സിക്കിം, ത്രിപുര (ഒന്നുവീതം മണ്ഡലങ്ങൾ) എന്നിങ്ങനെയാണ് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്നത്. ജൂൺ ഒന്നുവരെ ഏഴുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം ജൂൺ നാലിന്.
സിക്കിമിൽ വിധിയെഴ്‌ത്ത് എന്താകും?
32 മണ്ഡലങ്ങളുള്ള സിക്കിമിൽ 146 സ്ഥാനാർത്ഥികളും അരുണാചലിൽ 50 മണ്ഡലങ്ങളിൽ 133 പേരുമാണ് മത്സരരംഗത്തുള്ളത്. സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്, മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാംലിങ് തുടങ്ങിയവരാണ് മത്സരരംഗത്തെ പ്രമുഖർ. ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ച (എസ്.കെ.എം) അധ്യക്ഷനായ പ്രേം സിങ് തമാങ് രണ്ട് മണ്ഡലങ്ങളിൽനിന്നാണ് മത്സരിക്കുന്നത്. ഗാങ്‌ടോക് ജില്ലയിലെ റെനോക്, സോറെങ് ജില്ലയിലെ സോറെങ് ചകൂങ് മണ്ഡലങ്ങളിൽനിന്നാണ് ഇദ്ദേഹം ജനവിധി തേടുന്നത്.
ഇദ്ദേഹത്തിന്റെ ഭാര്യ കൃഷ്ണ കുമാരി നംചി-സിങ്കിതാങ് മണ്ഡലത്തിൽനിന്നും മത്സരിക്കുന്നു. ഒമ്പതാം തവണ മത്സരിക്കുന്ന സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്.ഡി.എഫ്) അധ്യക്ഷൻ പവൻ കുമാർ ചാംലിങ്ങും രണ്ട് മണ്ഡലങ്ങളിൽനിന്ന് ജനവിധി തേടുന്നുണ്ട്. എസ്.കെ.എം, എസ്.ഡി.എഫ് എന്നിവ 32 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ബിജെപി 31 മണ്ഡലങ്ങളിലും കോൺഗ്രസ് 12ലും മത്സരിക്കുന്നു. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്.കെ.എം 17 സീറ്റിലും എസ്.ഡി.എഫ് 15 സീറ്റിലുമാണ് വിജയിച്ചത്. പിന്നീട്, എസ്.ഡി.എഫിലെ 10 എംഎൽഎമാർ കൂറുമാറി ബിജെപിയിൽ എത്തി. 2019 ഒക്ടോബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എസ്.കെ.എമ്മുമായി ചേർന്ന് രണ്ട് സീറ്റിലും ബിജെപി വിജയിച്ചു. ബിജെപിയുടെ 12 എംഎൽഎമാരിൽ അഞ്ച് പേർ പിന്നീട് പാർട്ടിവിട്ട് എസ്.കെ.എമ്മിൽ ചേർന്നു.
അരുണാചലിൽ എതിരില്ലാതെ പത്തുപേർ
അരുണാചലിൽ 60 അംഗ നിയമസഭയാണ്. എന്നാൽ, 10 മണ്ഡലങ്ങളിൽ ഭരണകക്ഷിയായ ബിജെപിയുടെ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മത്സരം 50ലേക്ക് ചുരുങ്ങിയത്. മുഖ്യമന്ത്രി പ്രേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മെയിൻ എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആറ് മണ്ഡലങ്ങളിൽ ഓരോ നാമനിർദ്ദേശ പത്രിക വീതമാണ് സമർപ്പിച്ചത്. നാല് മണ്ഡലങ്ങളിൽ മറ്റുള്ളവർ പത്രിക പിൻവലിക്കുകയായിരുന്നു. വോട്ടെടുപ്പിന് മുമ്പുതന്നെ കരുത്ത് തെളിയിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി.
അരുണാചൽ വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തിൽ കേന്ദ്രമന്ത്രി കിരൺ റിജിജു, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നബാം തൂക്കി എന്നിവർ ഉൾപ്പെടെ എട്ട് സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. അരുണാചൽ ഈസ്റ്റിൽ നിലവിലെ ബിജെപി എംപി തപിർ ഗാവോ, കോൺഗ്രസ് വൈസ് പ്രസിഡന്റ് ബോസിറാം സിറാം എന്നിവരാണ് മത്സരിക്കുന്ന പ്രമുഖർ. 2,226 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 228 എണ്ണം വാഹനം എത്താത്ത വിദൂരപ്രദേശത്തുള്ളവയാണ്.
2019ൽ നടന്ന തെരഞ്ഞെടുപ്പിൽ 41 നിയമസഭാ സീറ്റുകളും രണ്ട് ലോക്‌സഭാ സീറ്റുകളുമാണ് ബിജെപി നേടിയത്. ജെ.ഡി.യു ഏഴ് സീറ്റിലും എൻ.പി.പി അഞ്ചിലും കോൺഗ്രസ് നാലിലും ജയിച്ചു. പി.പി.എ ഒരു സീറ്റിലും സ്വതന്ത്രർ രണ്ടിടങ്ങളിലും വിജയം സ്വന്തമാക്കി. ജെ.ഡി.യുവിലെ ഏഴംഗങ്ങളും പിന്നീട് ബിജെപിയിലേക്ക് കൂറുമാറി.