തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, സംസ്ഥാനത്ത് ഇക്കുറി താമര വിരിയുമെന്ന് വിലയിരുത്തി ബിജെപി. ബിജെപി 5 സീറ്റ് വിജയിക്കുമെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ അവകാശപ്പെട്ടു. 20 ത്തിന് മുകളിൽ വോട്ടുശതമാനമുണ്ടാകുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ 12000 വോട്ടൂകൾക്ക് വിജയിക്കും. തൃശൂരിൽ സുരേഷ് ഗോപിയും തെറ്റില്ലാത്ത ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു. ആറ്റിങ്ങൽ, പത്തനംതിട്ട മണ്ഡലങ്ങളിൽ അട്ടിമറിയും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. ആറ്റിങ്ങലിൽ വി.മുരളീധരനും പത്തനംതിട്ടയിൽ അനിൽ ആന്റണിയും മികച്ച പ്രകടനം നടത്തി. 20 മണ്ഡലങ്ങളിലും നല്ല പ്രതികരണം വോട്ടർമാരിൽ നിന്നുണ്ടാകുമെന്നും ബിജെപി വിലയിരുത്തുന്നു. വോട്ട് ശതമാനം ഇത്തവണ 20 കടക്കുമെന്നാണ് അവകാശവാദം.

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ 3.60 ലക്ഷം വോട്ട് പിടിക്കുമെന്നാണ് വിലയിരുത്തൽ. നേമത്ത് ഇരുപതിനായിരത്തിന് മുകളിലും വട്ടിയൂർക്കാവിൽ 15000 ത്തിനും മുകളിൽ ലീഡാണ് പ്രതീക്ഷ. കഴക്കൂട്ടത്തും തിരുവനന്തപുരം സെൻട്രലിലും ലീഡ് ചെയ്യും. രണ്ടാമത് തരൂർ. നാലു ലക്ഷം വോട്ട് പിടിച്ച് തൃശൂർ സുരേഷ് ഗോപി എടുക്കുമെന്നാണ് പാർട്ടി കണക്ക്.

കഴിഞ്ഞ തവണ ബിജെപിക്ക് കിട്ടിയ 13 ശതമാനം ഉൾപ്പെടെ എൻഡിഎയക്ക് 15.64 ശതമാനം വോട്ടാണ് നേടാനായത്. 31.30 ശതമാനം വോട്ടു നേടിയ തിരുവനന്തപുരമായിരുന്നു മുന്നിൽ. കുമ്മനം രാജശേഖരൻ 3,16, 141 വോട്ടുമായി രണ്ടാം സ്ഥാനത്തും എത്തി. പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ 28.97 ശതമാനവും തൃശ്ശൂരിൽ സുരേഷാ ഗോപി 28.18 ശതമാനവും ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രൻ 24. 96 ശതമാനവും വോട്ടു നേടിയിരുന്നു. കഴിഞ്ഞ തവണ ഒരുലക്ഷത്തിൽ കുറവ് വോട്ടു കിട്ടിയ ആറു മണ്ഡലങ്ങൾ ഉണ്ടായിരുന്നു( കണ്ണൂർ, വടകര, വയനാട്, മലപ്പുറം, ആലത്തൂർ, ഇടുക്കി). ഇത്തവണ ലക്ഷത്തിൽ കുറവ് വോട്ടുള്ള ഒരു മണ്ഡലവും കാണില്ല.

കേരളത്തിൽ ആദ്യമായി പ്രധാനമന്ത്രി മോദിയുടെ വികസന രാഷ്ട്രീയത്തിന് ജനങ്ങൾ വോട്ട് ചെയ്തുവെന്നും സംസ്ഥാന നേതൃയോഗം വിലയിരുത്തി.

കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുന്ന തിരഞ്ഞെടുപ്പ് ഫലമാവും ഉണ്ടാവുകയെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഇരു മുന്നണികളുടെയും വർഗീയ വിഭജന രാഷ്ടീയം തള്ളി മോദിയുടെ ഗ്യാരണ്ടി ജനം ഏറ്റെടുത്തു. കേന്ദ്രസർക്കാരിനും മോദിക്കുമെതിരായ എതിർ രാഷ്ട്രീയ പാർട്ടികളുടെ കുപ്രചരണം ജനങ്ങൾ തള്ളിക്കളഞ്ഞു. എൻഡിഎയുടെ വിജയം തടസപ്പെടുത്താൻ വലിയ ശ്രമമുണ്ടായി. ജയ സാധ്യതയുള്ള ബിജെപി സ്ഥാനാർത്ഥികൾക്കെതിരെ നടന്ന വ്യക്തിഹത്യക്ക് പിന്നിൽ കോൺഗ്രസ് നേതാക്കളാണ്. ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് നുണപ്രചരണങ്ങൾ ജനം ഏറ്റെടുത്തില്ല. ബിജെപിക്ക് മേൽക്കൈയുള്ള രാഷ്ട്രീയം സംസ്ഥാനത്ത് രൂപപ്പെട്ടു. ഫലം വരുന്നതോടെ കോൺഗ്രസിന് അടിതെറ്റും. സിപിഎം സർക്കാരിനെതിരായ ജനവികാരം സംസ്ഥാനത്ത് ശക്തമായിരുന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

വടകര ഉൾപ്പെടെയുള്ള പല മണ്ഡലങ്ങളിലും കോൺഗ്രസും സിപിഎമ്മും വലിയ വർഗീയ പ്രചരണമാണ് നടത്തിയത്. എല്ലാ പരിധികളും ലംഘിക്കുന്ന തരത്തിലുള്ള പ്രചരണമാണ് നടന്നതെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.