- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്സഭാ തിരഞ്ഞെടുപ്പ് തുടങ്ങുന്നത് ഏപ്രിൽ 16 നോ?
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത് ഏപ്രിൽ 16 നോ? മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിൽ നിന്നുള്ള ഇലക്ഷൻ പ്ലാനർ സർക്കുലർ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് തിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചതായ പ്രചാരണം വന്നത്. തിരഞ്ഞെടുപ്പിന്റെ ആരംഭ, അവസാന തീയതികൾ കണക്കുകൂട്ടാനും, റഫറൻസിനുമായാണ് ഏപ്രിൽ 16 താൽക്കാലിക തീയതിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചത്.
ഡൽഹിയിലെ 11 ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള വിജ്ഞാപനമാണിത്. എന്നാൽ, തിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചെന്ന മട്ടിലുള്ള പ്രചാരണം ഡൽഹിയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ തള്ളി കളഞ്ഞു. ഏപ്രിൽ 16 തീയതി വച്ചത് റഫറൻസിന് വേണ്ടി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് ഇക്കാര്യം ഡൽഹി സിഇഒ ഓഫീസ് എക്സിലും പോസ്റ്റ് ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇലക്ഷൻ പ്ലാനർ പ്രകാരം ഉദ്യോഗസ്ഥരുടെ റഫറൻസിന് വേണ്ടി മാത്രമാണ് താൽക്കാലിക തീതി നിശ്ചയിച്ചത് എന്നാണ് വിശദീകരണം.
സങ്കീർണമായ തിരഞ്ഞെടുപ്പ് പ്രക്രിക്കായി ഒരുങ്ങുമ്പോൾ, ഇതൊരു പതിവ് രീതിയാണെന്നാണ് കമ്മീഷൻ കേന്ദ്രങ്ങൾ പറയുന്നത്. യഥാർഥ തീയതി നിശ്ചയിട്ടില്ലെങ്കിലും, പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാൻ ഏപ്രിലിൽ പല ഘട്ടങ്ങളിലായി ആയിരിക്കും പൊതുതിരഞ്ഞെടുപ്പ് എന്നാണ് സൂചന. മെയ് വരെ തിരഞ്ഞെടുപ്പ് തുടരാനും സാധ്യതയുണ്ട്.
2019 ലെ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായിട്ടായിരുന്നു. ഏപ്രിൽ ഒന്നിന് ആരംഭിച്ച് മെയ് 19 ന് പൂർത്തിയായി. ഫലം മെയ് 23 ന് പ്രഖ്യാപിച്ചു. തുടർച്ചയായ രണ്ടാം വർഷവും മോദി സർക്കാർ അന്ന് അധികാരത്തിലേറി. 5 വർഷം മുമ്പ് നേടിയ 303 സീറ്റുകൾ മെച്ചപ്പെടുത്താൻ ബിജെപി മുൻകൂട്ടി തന്നെ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. തകർച്ചയെ നേരിട്ട കോൺഗ്രസ് 52 സീറ്റിൽ മാത്രമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ചത്. ഇത്തവണ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായ കോൺഗ്രസ് മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്.
എന്തായാലും ലോക്സഭാ തിരഞ്ഞെടുപ്പ് ജൂണിന് മുമ്പ് പൂർത്തിയാക്കേണ്ടതുണ്ട്. ഏപ്രിൽ മധ്യം മുതൽ മെയ് അവസാനം വരെയാണ് സാധാരണഗതിയിൽ തീയതികൾ നിശ്ചയിക്കുക. തിരഞ്ഞെടുപ്പ് വിജ്്ഞാപനം പുറപ്പെടുവിച്ചാൽ സർക്കാരിന് വോട്ടുലക്ഷ്യമാക്കിയുള്ള വിവിധ പദ്ധതികൾ പ്രഖ്യാപിക്കാനാവില്ല. പെരുമാറ്റ ചട്ടം നിലവിൽ വരുന്നതോടെ, എല്ലാറ്റിനും നിയന്ത്രണങ്ങൾ വരും.