- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ വോട്ടെടുപ്പിന് ഇനി 40 നാൾ
തിരുവനന്തപുരം: ഇന്ന് മാർച്ച് 16. കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഏപ്രിൽ 26ന്. ഒറ്റഘട്ടമായാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. ഏഴ് ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ നാലിന് വോട്ടെണ്ണൽ നടക്കും. ഇന്നുമുതൽ വോട്ടെടുപ്പിന് 40 ദിവസവും ഫലമറിയാൻ 80 ദിവസവും കാത്തിരിപ്പ്. വോട്ടെടുപ്പ് ദിവസം മുതൽ ഫലപ്രഖ്യാപനത്തിന് 39 ദിവസം കാത്തിരിക്കണം.
തിരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മാർച്ച് 28ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ നാലിനും പത്രിക പിൻവലിക്കാനുള്ള തീയതി ഏപ്രിൽ 8 നുമാണ്.
2019 ൽ മാർച്ച് പത്തിനാണു തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നത്. ഏപ്രിൽ 11 മുതൽ മെയ് 19 വരെ 7 ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്. മെയ് 23നു ഫലം പ്രഖ്യാപിച്ചു. മൂന്നാം ഘട്ടമായ ഏപ്രിൽ 23നായിരുന്നു കേരളത്തിലെ വോട്ടെടുപ്പ്. നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂൺ 16ന് അവസാനിക്കും. അതിനുമുൻപ് പുതിയ സർക്കാർ ചുമതലയേൽക്കണം.
തിരഞ്ഞടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ തന്നെ മുന്നണികൾ സജീവമായി കഴിഞ്ഞു. പ്രചാരണത്തിന് ഒരുമാസത്തിലേറെ സമയം കിട്ടിയെങ്കിലും വെല്ലുവിളികൾ ഏറെ. കടുത്ത ചൂടിലെ പ്രചാരണം സ്ഥാനാർത്ഥികൾക്കും പാർട്ടി പ്രവർത്തകർക്കും വലിയ വെല്ലുവിളിയായിരിക്കും.
2019 ലെ തിരഞ്ഞെടുപ്പിൽ 20 സീറ്റിൽ 19 ലും യുഡിഎഫാണ് തകർപ്പൻ ജയം നേടിയത്. 15 സീറ്റ് കോൺഗ്രസും, മറ്റുള്ളവ സഖ്യകക്ഷികളും. ഇടതുമുന്നണിക്ക് ആലപ്പുഴയിൽ മാത്രം ജയം. സിപിഎമ്മിന്റെ എ എം ആരിഫ്, കോൺഗ്രസിന്റെ ഷാനിമോൾ ഉസ്മാനെ 10,474 വോട്ടുകൾക്ക് തോൽപ്പിച്ചു.
2024 ൽ കോൺഗ്രസ് നിലവിലെ 15 എംപിമാരിൽ 14 പേരെയും നിലനിർത്തി. തൃശൂരിൽ പ്രചാരണം തുടങ്ങിയ ശേഷം ടി എൻ പ്രതാപനെ മാറ്റി വടകരയിൽ നിന്ന് കെ മുരളീധരനെ കൊണ്ടുവന്നത് മാത്രമാണ് അപ്രതീക്ഷിത മാറ്റം. തൃശൂർ ബിജെപി വലിയ പ്രതീക്ഷ വച്ചുപുലർത്തുന്ന മണ്ഡലമാണ്. കെ കരുണാകരന്റെ മകൾ പത്മജാ വേണുഗോപാൽ ബിജെപിയിലേക്ക് മാറിയതിന് പിന്നാലെയാണ് സുരേഷ് ഗോപിയെ എതിരിടാൻ മുരളീധരനെ കോൺഗ്രസ് നേതൃത്വം നിയോഗിച്ചത്. സിപിഐയുടെ വി എസ് സുനിൽ കുമാറാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി.
വയനാട്ടിൽ രാഹുൽ ഗാന്ധി ഒരിക്കൽ കൂടി മത്സരിക്കുമ്പോൾ സിപിഐയുടെ ആനി രാജയാണ് എതിരാളി. 2019 ൽ വൻഭൂരിപക്ഷത്തിന് ജയിച്ച രാഹുൽ 64.67 വോ്ട്ട് വിഹിതം നേടിയിരുന്നു.
വടകരയിൽ രണ്ടു എംഎൽഎമാരുടെ പോരാട്ടമാണ് നടക്കുന്നത്. മുൻ മന്ത്രി കെ കെ ശൈലജയെ നേരിടാൻ ഷാഫി പറമ്പിലിനെയാണ് കോൺഗ്രസ് പാലക്കാട്ട് നിന്ന് കൊണ്ടുവന്നത്. വടകര യുഡിഎഫിന്റെ സിറ്റിങ് സീറ്റാണെങ്കിലും ശൈലജയുടെ ജനപ്രീതി കോൺഗ്രസിന് വെല്ലുവിളിയാണ്.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, യുഡിഎഫ് 47.48 ശതമാനം വോട്ടുവിഹിതം നേടിയിരുന്നു. കോൺഗ്രസ് 37.48%, മുസ്ലിം ലീഗ്-5.48%, കേരള കോൺഗ്രസ് മാണി-2.08%, ആർഎസ്‌പി-2.46%. എൽഡിഎഫ് 25.97 % വോട്ടുവിഹിതം നേടി. ബിജെപിക്ക് സീറ്റൊന്നും കിട്ടിയില്ലെങ്കിലും 15 ശതമാനത്തോളം വോട്ടുവിഹിതം പാർട്ടിക്ക് നേട്ടമായി.