- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രശാന്ത് കിഷോറിന്റെ പ്രവചനം
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കുറഞ്ഞ പോളിങ് ശതമാനം ബിജെപിക്ക് തിരിച്ചടിയാകുമെന്ന വ്യാഖ്യാനങ്ങൾ പലതും വരുന്നുണ്ടെങ്കിലും, അതെല്ലാം തള്ളിക്കളയുകയാണ് തിരഞ്ഞെടുപ്പ് വിദഗ്ധനായ പ്രശാന്ത് കിഷോർ. ബിജെപിയുടെ സീറ്റുകളിൽ ഇക്കുറിയും ഗണ്യമായ ഇടിവുണ്ടാകില്ല. ബംഗാൾ, ഒഡിഷ, തെലങ്കാന, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ പാർട്ടി നേട്ടമുണ്ടാക്കുകയും ചെയ്യും. 300 സീറ്റിന് മേലേ മോദിയുടെ പാർട്ടി നേടുമെങ്കിലും 400 തൊടില്ല.
രാജ്യമൊട്ടുക്ക് കേൾക്കുന്ന സംവാദങ്ങളും പ്രസ്താവനകളും എല്ലാ ബിജെപിക്ക് എതിരാണെങ്കിലും. ആ പാർട്ടിയുടെ സീറ്റെണ്ണത്തിൽ ഗണ്യമായ ഇടിവ് ഉണ്ടാകില്ലെന്ന് പ്രശാന്ത് കിഷോർ ആർ ടിവിയോട് പറഞ്ഞു. അദ്ഭുതകരമായ മാറ്റം സംഭവിക്കാൻ തക്കതായി അടിസ്ഥാന തലത്തിൽ ഏതെങ്കിലും സൂചകങ്ങൾ നിരീക്ഷിക്കാനായിട്ടില്ല. 400 സീറ്റ് ബിജെപി നേടുന്ന സാഹചര്യവും അദ്ദേഹം തള്ളിക്കളഞ്ഞു.
"വടക്ക്-പടിഞ്ഞാറ് ഭാഗത്ത് ബിജെപിക്ക് ലഭിച്ചേക്കാവുന്ന സീറ്റുകളിൽ കാര്യമായ കുറവൊന്നുമുണ്ടാകില്ല. ദക്ഷിണേന്ത്യ-കിഴക്കൻ മേഖല എന്നിവിടങ്ങളിൽ ബിജെപിയുടെ വോട്ടുശതമാനവും സീറ്റും കൂടും. ഇതെല്ലാം കൂടി ചേർക്കുമ്പോൾ ബിജെപിക്ക് നിലവിൽ 300ലധികം സീറ്റുകളാണുള്ളത്. ഇത്തവണ അതിൽ കാര്യമായ കുറവുണ്ടാകില്ലെന്നാണ് എനിക്ക് തോന്നുന്നത്," പ്രശാന്ത് കിഷോർ പറഞ്ഞു.
ഉത്തരേന്ത്യയിലും പടിഞ്ഞാറൻ പ്രദേശത്തും ബിജെപിക്ക് ചില ചെറിയ തിരിച്ചടികൾ ഉണ്ടായേക്കാം. എന്നാൽ ഒഡിഷ, പശ്ചിമ ബംഗാൾ, തെലങ്കാന, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ബിജെപിക്ക് കാര്യമായ നേട്ടം കൊയ്യാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഡിഎയ്ക്ക് തെരഞ്ഞെടുപ്പിൽ മുൻതൂക്കം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി 370 സീറ്റ് കടക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ബിജെപി ഒറ്റയ്ക്ക് 400 സീറ്റ് കടക്കുകയോ, 200 സീറ്റിലേക്ക് താഴുകയോ ചെയ്യില്ല.
പ്രതിപക്ഷം ദുർബലമല്ല
രാജ്യത്തെ പ്രതിപക്ഷം ദുർബലമല്ല. എന്നാൽ, ബിജെപിക്ക് എതിരെ മത്സരിക്കുന്ന പാർട്ടികളുടെ കാര്യത്തിൽ അങ്ങനെ തോന്നാം. 400 സീറ്റ് നേടുക എന്നത് ബിജെപിയുടെ മന: ശാസ്ത്രപരമായ തന്ത്രമാണെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.