കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ഏഴാം ഘട്ട വോട്ടെടുപ്പിനിടെ, ബംഗാളിൽ വിവിധയിടങ്ങളിൽ അക്രമവും ഏറ്റുമുട്ടലും. 9 ലോക്‌സഭാ മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ ബംഗാളിൽ ജനവിധി തേടുന്നത്.

കൊൽക്കത്തയ്ക്ക് അടുത്ത് ജാദവ്പൂർ മണ്ഡലത്തിലെ ബാംഗറിലെ സാതുലിയയിൽ ഇന്ത്യൻ സെക്കുലർ ഫ്രണ്ട് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിനിടെ, നാടൻ ബോംബുകൾ എറിഞ്ഞു. നിരവധി ഐഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റു.

സൗത്ത് 24 പർഗാനാസ് ജില്ലയിലെ കുൽകാലിയിൽ, രോഷാകുലരായ ജനക്കൂട്ടം പോളിങ് സ്‌റ്റേഷനിലേക്ക് ഇരച്ചുകയറി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം സമീപത്തെ കുളത്തിൽ എറിഞ്ഞു. ചില പോളിങ് ഏജന്റുമാരെ ബൂത്തുകളിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞതോടെയാണ് നാട്ടുകാർ വിവിപാറ്റ് ഘടിപ്പിച്ച ഇവി എം എടുത്ത് കുളത്തിൽ എറിഞ്ഞത്.

40, 41 നമ്പർ പോളിങ് സ്റ്റേഷനുകളിലാണ് ജനക്കൂട്ടം ആക്രമണം നടത്തിയത്. അതേസമയം മെഷിനുകളൊന്നും പോളിങ് സ്റ്റേഷനുകളിൽ നിന്ന് കവർന്നിട്ടില്ലെന്നും കുളത്തിൽ കണ്ടെത്തിയത് റിസർവ് മെഷിനുകളാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ബംഗാളിൽ സൗത്ത് 24 പാർഗനാസ് ജില്ലയിൽ തൃണമൂൽ കോൺഗ്രസ്, ഇന്ത്യൻ സെക്യുലർ ഫ്രണ്ട് അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി.

സംഭവവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ കേസെടുത്തിട്ടുണ്ട്. പൊലീസ് എഫ്.ഐ.ആർ. തയ്യാറാക്കി അക്രമികൾക്കെതിരെ നടപടിയെടുത്തു. എന്നാൽ, സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്

പഞ്ചാബ് (13), ഉത്തർപ്രദേശ് (13), ബംഗാൾ (9), ബിഹാർ (8), ഒഡിഷ (6), ഹിമാചൽ പ്രദേശ് (4), ജാർഖണ്ഡ് (3), ചണ്ഡീഗഢ് (3) എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം. ഒഡിഷയിലെ 42 നിയമസഭാ സീറ്റുകളിലേക്കും ഹിമാചലിലെ 6 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുകയാണ്. 55 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രക്രിയ ഇതോടെ അവസാനിക്കും.