- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറു സീറ്റിൽ അട്ടിമറി ജയത്തോടെ ഉപതിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് എൽഡിഎഫ്; യുഡിഎഫും എൽഡിഎഫും പത്ത് സീറ്റ് വീതം നേടിയെങ്കിലും നാല് സീറ്റ് നഷ്ടമായ ക്ഷീണത്തിൽ യുഡിഎഫ്; നാല് സീറ്റുണ്ടായിരുന്ന ബിജെപിക്ക് മൂന്നിൽ ജയം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് എൽ ഡി എഫ്. ബിജെപിയുടെയും യു ഡി എഫിന്റെയും മൂന്നും സീറ്റുകൾ വീതം ഇടതുമുന്നണി പിടിച്ചെടുത്തു. ആറുസീറ്റിൽ അട്ടിമറി ജയം. നെടുമ്പാശ്ശേരി പഞ്ചായത്തിലെ പതിനാലാം വാർഡിൽ എൽഡിഎഫ് ജയിച്ചതോടെ യുഡിഎഫിന് ഭരണം നഷ്ടമായി.
യുഡിഎഫിന്റെയും ബിജെപിയുടെയും മൂന്ന് സിറ്റിങ് സീറ്റുകളാണ് എൽഡിഎഫ് പിടിച്ചെടുത്തത്. നെടുമ്പാശേരി കൽപക നഗർ, മുല്ലശ്ശേരി, പതിയാർകുളങ്ങര, മുഴപ്പിലങ്ങാട്, മമ്മാക്കുന്ന് വാർഡുകളാണ് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തത്. കല്പകനഗറിലെ ജയത്തോടെയാണ് നെടുമ്പാശ്ശേരി പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചത്.
എൽഡിഎഫും യുഡിഎഫും പത്ത് സീറ്റുകൾ വീതം നേടിയെങ്കിലും എൽഡിഎഫിന് തന്നെയാണ് നേട്ടം. യുഡിഎഫ് 10 സീറ്റിലും പാലക്കാട് പിടാരിമേടിൽ ഇടതു സ്വതന്ത്രൻ ഉൾപ്പെടെ എൽഡിഎഫ് 10 സീറ്റിലും എൻഡിഎ 3 സീറ്റിലുമാണു വിജയിച്ചത്. നേരത്തേ 4 സീറ്റുണ്ടായിരുന്ന എൽഡിഎഫ് 6 സീറ്റ് അധികം നേടി. 14 സീറ്റുണ്ടായിരുന്ന യുഡിഎഫ് പത്തിലേക്കു ചുരുങ്ങി. 4 സീറ്റുണ്ടായിരുന്ന ബിജെപിക്ക് ഉപതിരഞ്ഞെടുപ്പിൽ മൂന്നിടത്തേ ജയിക്കാനായുള്ളൂ. 23 തദ്ദേശ വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
തിരുവനന്തപുരത്ത് രണ്ട് വാർഡുകളിൽ എൽ.ഡി.എഫ് ബിജെപിയെ അട്ടിമറിച്ചു. ഒറ്റശേഖരമംഗലം കുന്നനാട് വാർഡിൽ സിപിഎം അട്ടിമറി വിജയം നേടി. 2020 മുതൽ ബിജെപിയാണ് വാർഡ് ഭരിക്കുന്നത്. പഴയകുന്നുമ്മൽ വാർഡ് എൽ.ഡി.എഫ് നിലനിർത്തി. പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കോവിൽവിള ബിജെപി നിലനിർത്തി. ബിജെപി അംഗം രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പഴയ കുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ അടയമൺ സിപിഎം നിലനിർത്തി
കൊല്ലത്ത് ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാർഡിലും എൽ.ഡി.എഫിനാണ് ജയം. സിപിഎമ്മിലെ പി.എസ്.സുനിൽകുമാർ 264 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ ഇവിടെ ജയിച്ച ബിജെപിക്ക് ഇക്കുറി 58 വോട്ട് മാത്രമാണ് കിട്ടിയത്.
യുഡിഎഫിന് അഞ്ച് സീറ്റുകൾ നഷ്ടമായി. രണ്ടെണ്ണം പിടിച്ചെടുത്തു. മൂന്നാർ പഞ്ചായത്തിലെ രണ്ട് സീറ്റുകൾ പിടിച്ച് പഞ്ചായത്ത് ഭരണം നിലനിർത്തിയത് മാത്രമാണ് യുഡിഎഫിന് ആശ്വാസമായത്. പത്തനംതിട്ട നാരങ്ങാനം കടമ്മനിട്ട വാർഡിൽ കോൺഗ്രസ് ആദ്യമായി ജയിച്ചു. ബിജെപിക്ക് ആകെ മൂന്ന് സീറ്റാണ് നഷ്ടമായത്. രണ്ട് എണ്ണം പിടിച്ചെടുത്തു.
എറണാകുളത്ത് നെടുമ്പാശേരി പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് സിപിഎം പിടിച്ചെടുത്തു. ഇതോടെ കോൺഗ്രസിനു പഞ്ചായത്ത് ഭരണം നഷ്ടമാവും. സിപിഎമ്മിലെ എൻ.എസ്.അർച്ചന 98 വോട്ടിനു വിജയിച്ചു. 19 അംഗ ഭരണസമിതിയിൽ എൽഡിഎഫ് 10 യുഡിഎഫ് 9 എന്നിങ്ങനെയായി കക്ഷിനില. മുൻധാരണ പ്രകാരം സ്ഥാനമൊഴിയേണ്ട കോൺഗ്രസിലെ വൈസ് പ്രസിഡന്റ് ധാരണപാലിക്കാതെ വന്നപ്പോൾ ഉണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് വൈസ് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവച്ചതോടെയാണു ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. എടവനക്കാട് പഞ്ചായത്തിൽ സിപിഎം സീറ്റ് കോൺഗസ് പിടിച്ചു. ശാന്തി മുരളി 108 വോട്ടിനാണു ജയിച്ചത്.
ആലപ്പുഴ കുട്ടനാട്ടിലെ വെളിയനാട് പഞ്ചായത്ത് എട്ടാം വാർഡിൽ സിപിഎം സിറ്റിങ് സീറ്റ് ഒരു വോട്ടിനു ബിജെപി പിടിച്ചെടുത്തു. സുഭാഷ് പറമ്പിശേരിയാണു വിജയി. സിപിഎമ്മിലെ ഗീത സുനിൽ രണ്ടാം സ്ഥാനത്ത്. സിപിഎം വിമതൻ എം.ആർ.രഞ്ജിത് മൂന്നാമതെത്തി. കോൺഗ്രസ് സ്ഥാനാർത്ഥി കെ.പി.സുരേഷ് നാലാം സ്ഥാനത്ത്. എൽഡിഎഫ് ഭരണ സമിതിക്കു ഭീഷണിയില്ല.
കണ്ണൂർ ജില്ലയിൽ ഉപതിരഞ്ഞെടുപ്പു നടന്ന 4 തദ്ദേശ വാർഡുകളിൽ രണ്ടിടത്ത് യുഡിഎഫും ഓരോ സീറ്റിൽ എൽഡിഎഫും ബിജെപിയും ജയിച്ചു. മട്ടന്നൂർ നഗരസഭ ടൗൺ വാർഡിലാണ് ബിജെപി ജയം. യുഡിഎഫിൽനിന്നു സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. നഗരസഭയിൽ ബിജെപി ജയിക്കുന്നത് ആദ്യമാണ്.ആദ്യമായി മട്ടന്നൂർ നഗരസഭയിൽ വിജയിക്കാനായത് ബിജെപിക്ക് നേട്ടമായി. കണ്ണൂർ മുഴിപ്പിലങ്ങാട് അഞ്ചാം വാർഡും എൽ.ഡി.എഫ് പിടിച്ചെടുത്തു. കണ്ണൂർ മാടായി, രാമന്തളി വാർഡുകളിലും യു.ഡി.എഫിനാണ് ജയം.
പാലക്കാട് ജില്ലയിൽ 4 വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ മൂന്നിടത്ത് എൽഡിഎഫ് വിജയിച്ചു. ഒരിടത്ത് മുസ്ലിം ലീഗ് സ്ഥാനാർത്ഥിക്കാണു വിജയം. പാലക്കാട് പൂക്കോട്ടുകാവിൽ എൽ.ഡി.എഫ് വിജയിച്ചു. പാലക്കാട് ചിറ്റൂർ-തത്തമംഗലം നഗരസഭയിലും എൽ.ഡി.എഫിനാണ് മുന്നേറ്റം.
ചിറ്റൂർ തത്തമംഗലം നഗരസഭ ആറാം വാർഡ് മുതുകാടിൽ സിപിഎം സ്ഥാനാർത്ഥി ആരോഗ്യസ്വാമി 369 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. തിരുവേഗപ്പുറ പഞ്ചായത്ത് 16ാം വാർഡ് നരിപ്പറമ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെ.പി.എ.മജീദ് 470 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പൂക്കോട്ടുകാവ് പഞ്ചായത്തിൽ 8ാം വാർഡ് പൂക്കോട്ടുകാവ് നോർത്തിൽ സിപിഎം സ്ഥാനാർത്ഥി സി.കെ.അരവിന്ദാക്ഷൻ 31 വോട്ടുകൾക്കു വിജയിച്ചു. എരുത്തേമ്പതി പഞ്ചായത്ത് 14ാം വാർഡ് പിടാരിമേടിൽ ഇടതു സ്വതന്ത്രൻ മാർട്ടിൻ ആന്റണി 146 വോട്ടുകൾക്കു വിജയിച്ചു. ഇത് കോൺഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നു.
മലപ്പുറം കോട്ടയ്ക്കൽ നഗരസഭയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 2 വാർഡുകളും യുഡിഎഫ് നിലനിർത്തി. ബുഷ്‌റ ഷബീറിന്റെ വാർഡ് ആയിരുന്ന ഈസ്റ്റ് വില്ലൂരിൽ (14) ലീഗിലെ ഷഹാന ഷഫീർ 191 വോട്ടിനാണ് വിജയിച്ചത്.
തിരഞ്ഞെടുപ്പിൽ, 75.1% ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 10,974 പുരുഷന്മാരും 13,442 സ്ത്രീകളും ഉൾപ്പെടെ ആകെ 24,416 പേരാണ് വോട്ട് ചെയ്തത്. 10 ജില്ലകളിലായി ഒരു മുനിസിപ്പൽ കോർപറേഷൻ വാർഡിലും 4 മുനിസിപ്പാലിറ്റി വാർഡിലും 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമായിരുന്നു ഉപതിരഞ്ഞെടുപ്പ്. 88 സ്ഥാനാർത്ഥികളാണു ജനവിധി തേടിയത്.
മറുനാടന് മലയാളി ബ്യൂറോ