- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടി മരിക്കാൻ കോൺഗ്രസ് നേതൃത്വം കാത്തിരുന്നു; മരിച്ചു കഴിഞ്ഞപ്പോൾ പിന്നെ കരച്ചിലായി, പിഴിച്ചിലായി, നെഞ്ചത്തടിയായി; ഇതൊന്നും ശരിയായ നടപടിയല്ല; മുൻ മുഖ്യമന്ത്രിയുടെ മരണത്തെയും ക്രൂരമായി പരിഹസിച്ചു എം എം മണി; പുതുപ്പള്ളിയിലെ പ്രചരണം ചൂടുപിടിപ്പിച്ച് മണിയുടെ നാവിൽ സരസ്വതി വിളയാടുമ്പോൾ!
പാമ്പാടി: ഉമ്മൻ ചാണ്ടിയുടെ മരണത്തെയും ക്രൂരമായി അവഹേളിച്ച് പുതുപ്പുള്ളിയിൽ മുതിർന്ന സിപിഎം നേതാവ് എം എം മണിയുടെ രംഗപ്രവേശം. ഉമ്മൻ ചാണ്ടി മരിക്കാനായി കോൺഗ്രസ് നേതൃത്വം കാത്തിരുന്നതായി എം.എം.മണി എംഎൽഎയുടെ ആരോപണം. തിരഞ്ഞെടുപ്പു പ്രചാരാണാർഥം എത്തിയ മണി മാധ്യമങ്ങളോടു നടത്തിയ പ്രതികരണത്തിലാണ് ആരോപണം ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിക്ക് അസുഖമായപ്പോൾ കോൺഗ്രസ് നേതൃത്വം ശ്രദ്ധിക്കേണ്ടിയിരുന്നു. ഉമ്മൻ ചാണ്ടിയോടു കോൺഗ്രസ് കാണിച്ചതു നിർഭാഗ്യകരമായ നിലപാടാണ്.
ചികിത്സയുമായി ബന്ധപ്പെട്ടു വിവാദം ഉയർന്നപ്പോൾ നേതൃത്വം ഇടപെട്ടില്ല. മരിച്ചു കഴിഞ്ഞപ്പോൾ കരച്ചിലായി, പിഴിച്ചിലായി, നെഞ്ചത്തടിയായി. ഇതൊന്നും ശരിയായ നടപടിയല്ലെന്നാണ് തന്റെ അഭിപ്രായം. കോൺഗ്രസ് നേരത്തേ തന്നെ ഇങ്ങനെയാണെന്നും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും മരിച്ചപ്പോഴും ആ ചാരവും കൊണ്ടു വോട്ടു പിടിച്ചവരാണു കോൺഗ്രസെന്നും മണി ആരോപിച്ചു.
അതേസമയം മണിയുടെ ആരോപണത്തിനെതിരെ കോൺഗ്രസ് നേതൃത്വം രംഗത്തു വരുമെന്ന കാര്യം ഉറപ്പാണ്. ഇത്രയും ക്രൂരമായി എങ്ങനെയാണ് മണിക്ക് പറയാൻ കഴിയുക എന്ന ആരോപണമാകും കോൺഗ്രസ് ഉയർത്തുക. അതേസമയം മാസപ്പടി വിവാദത്തിലും മണി ഇന്നലെ പ്രതിപക്ഷത്തിനെതിരെ രംഗത്തുവന്നിരുന്നു.
പ്രതിപക്ഷത്ത് ഇരിക്കുന്നത് വിവരം ഇല്ലാത്തവരാണെന്നും അവരോട് 'പോടാ പുല്ലേ' എന്ന് പറഞ്ഞാൽ മതിയെന്നായിരുന്നു മണിയുടെ പക്ഷം. കോൺഗ്രസ്സുകാരാണ് ഇടുക്കിയിലെ ഭൂവിഷയങ്ങൾ മുഴുവൻ ഉണ്ടാക്കിയതെന്നും പറഞ്ഞു. മാത്യു കുഴൽനാടൻ വിഡ്ഢിയായ അഭിഭാഷകനെന്നു പരിഹസിച്ച മുന്മന്ത്രി ഇടുക്കിയിലെ ഭൂവിഷയങ്ങൾ മുഴുവൻ ഉണ്ടാക്കിയത് കോൺഗ്രസ്സുകാരാണെന്നും ഭൂനിയമ ബിൽ കൊണ്ടുവന്നപ്പോൾ തടസമുണ്ടാക്കിയത് കുഴൽനാടനാണെന്നും പറഞ്ഞു. പുതുപ്പള്ളിയിൽ സഹതാപ തരംഗം ജെയ്ക് സി തോമസിനെന്നും എം എം മണി പറഞ്ഞു. രണ്ടുതവണ തോറ്റതിനാൽ ഇത്തവണ ജയ്ക്കിനെ ജയിപ്പിക്കാമെന്ന് ജനം കരുതും.
ശാന്തൻപാറയിലെ പാർട്ടി ഓഫീസ് നിർമ്മാണം പൊലീസ് പറഞ്ഞാലൊന്നും നിർത്താൻ പോകുന്നില്ലെന്നും കോടതിവിധിയെ നിയമപരമായി നേരിടുമെന്നും പറഞ്ഞു. നിർമ്മാണത്തിലിരിക്കുന്ന ഉടുമ്പൻചോല, ബൈസൺവാലി, ശാന്തൻപാറ ഓഫീസുകളുടെ പണി നിർത്തിവെയ്ക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് പറഞ്ഞിരുന്നു. ജില്ലാ കലക്ടർക്കാണ് ഡിവിഷൻ ബഞ്ച് നിർദ്ദേശം നൽകിയത്.
അതേസമയം തെരഞ്ഞെടുപ്പു പ്രചരണത്തിനായി ഇന്ന് മുഖ്യമന്ത്രി പുതുപ്പള്ളിയിൽ എത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ പര്യടനത്തിലെ ആദ്യ രണ്ടു പൊതുപരിപാടികളാണ് ഇന്ന്. തുടർന്നു 30, സെപ്റ്റംബർ ഒന്ന് തീയതികളിൽ 6 പൊതുയോഗങ്ങളിൽകൂടി മുഖ്യമന്ത്രി പ്രസംഗിക്കും. മണ്ഡലത്തിലെ ഒരു പഞ്ചായത്തിൽ ഒരു പരിപാടി എന്ന തരത്തിലാണു മുഖ്യമന്ത്രിയുടെ പ്രചാരണം. വികസന സന്ദേശ സദസ്സ് എന്നു പേരിട്ടിരിക്കുന്ന സംവാദ പരിപാടികളിലാണു മന്ത്രിമാർ പങ്കെടുക്കുന്നത്.
മറുനാടന് ഡെസ്ക്