തൃശ്ശൂർ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം ഉറപ്പിക്കുമ്പോഴും എത്രവോട്ടിന്റെ ഭൂരിപക്ഷം നേടുമെന്ന അവസ്ഥയിലാണ് സംശയമുള്ളത്. അതേസമയം  മറുവശത്ത് സിപിഎം വൻതോൽവി ഉണ്ടാകുമെന്ന സംശയത്തിലാണ്. ഇതിന്റെ സൂചനയെന്ന നിലയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രസ്താവനയുമായി രംഗത്തുവന്നത്. യുഡിഎഫ് ബിജെപി വോട്ടു വാങ്ങിയെന്ന ആരോപണമാണ് എം വി ഗോവിന്ദൻ ഉന്നയിച്ചത്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ യുഡിഎഫിലേക്ക് പോയോ എന്ന് സംശയമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. പുതുപ്പള്ളിയിൽ ബിജെപിക്ക് 19,000 വോട്ടുണ്ട്. അത് യുഡിഎഫ് വാങ്ങിയോ എന്ന് നല്ല സംശയമുണ്ട്. ബിജെപി വോട്ട് ചാണ്ടി ഉമ്മൻ വാങ്ങിയില്ലെങ്കിൽ ഞങ്ങൾ ജയിക്കും.- എംവി ഗോവിന്ദൻ പറഞ്ഞു. ആര് ജയിച്ചാലും വലിയ ഭൂരിപക്ഷമുണ്ടാകില്ല. വോട്ടിങ് വൈകിപ്പിച്ചെന്ന ആരോപണം വെറുതെയാണെന്ന് കലക്ടർ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പോളിങ് മനപ്പൂർവ്വം വൈകിപ്പിച്ചതാണെന്ന ആരോപണം ആവർത്തിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ രംഗത്തെത്തി. രാവിലെ കണ്ട തിരക്ക് എങ്ങനെ തടയപ്പെട്ടു? ഇത്രയും ആൾക്കാർ വന്ന് വോട്ട് ചെയ്യാൻ നിന്നിട്ടും എന്തുകൊണ്ട് പോളിങ് ശതമാനം കുറഞ്ഞു? സംഘടിതമായ ശ്രമമുണ്ടായോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വയം ആലോചിക്കേണ്ടതാണ്- ചാണ്ടി ഉമ്മൻ പറഞ്ഞു. വിദേശരാജ്യങ്ങളിൽ നിന്നുവരെ ആളുകൾ വോട്ട് ചെയ്യാൻ വന്നു. മണിക്കൂറുകൾ കാത്തുനിന്നാണ് ആളുകൾ മടങ്ങിപ്പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തുകൊണ്ട് താമസം വന്നു എന്ന് ചോദിക്കുമ്പോൾ പ്രിസൈഡിങ് ഓഫീസർ ഉത്തരം നൽകുന്നില്ല. അപ്പോൾ പ്രിസൈഡിങ് ഓഫീസറെ സംരക്ഷിക്കാൻ വേണ്ടി പുറത്തുനിന്ന് കുറച്ചുപേർ കയറി വരികയാണ്. യാഥാർത്ഥ്യം പുറത്തറിയാതിരിക്കാൻ വേണ്ടിയാണ് അവർ അത് ചെയ്തത്.'- അദ്ദേഹം പറഞ്ഞു.

അതേസമയം നാൽപതിനായിരം വരെ ഭൂരിപക്ഷം കണക്കുകൂട്ടി യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ്. പോളിങ് പൂർത്തിയായതിന് പിന്നാലെ തന്നെ അവകാശവാദങ്ങളുമായി മുന്നണികൾ രംഗത്തെത്തിയിരുന്നു. ചാണ്ടി ഉമ്മൻ മുപ്പതിനായിരത്തിനും നാൽപതിനായിരത്തിനും ഇടയിൽ ഭൂരിപക്ഷത്തിന് ജയിക്കും എന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ. പുതുപ്പള്ളിയിൽ ശക്തമായ ഭരണവിരുദ്ധ വികാരം അലയടിച്ചിട്ടുണ്ടെന്നും യുഡിഎഫ് നേതൃത്വം കണക്കുകൂട്ടുന്നു. ഇതോടൊപ്പം ഉമ്മൻ ചാണ്ടി വികാരവും മണ്ഡലത്തിൽ ശക്തമായിരുന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നിമിഷം മുതൽ പടക്കിറങ്ങിയ യു.ഡി.എഫ് ഉമ്മൻ ചാണ്ടിയുടെ അദൃശ്യസാന്നിധ്യം തുണക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്. എല്ലാ ബൂത്തുകളിലും നേതാക്കളുടെ പടയെ ഇറക്കി പ്രതിപക്ഷ നേതാവ് മുന്നിൽ നിന്ന് നയിച്ചു. ഉമ്മൻ ചാണ്ടിയിൽ വിശ്വാസമർപ്പിച്ച് നീങ്ങുമ്പോഴും രാഷ്ട്രീയപ്പോരിനിറങ്ങിയ യു.ഡി.എഫ് എല്ലാ തന്ത്രങ്ങളും പുറത്തെടുത്തു. വിലക്കയറ്റവും വിവാദവും കത്തിച്ചു നിർത്തി. അക്കമിട്ട അഴിമതിയാരോപണങ്ങളെ മുന്നിൽ വെച്ച് വെല്ലുവിളിച്ചപ്പോൾ കണ്ണ് വച്ചത് സർക്കാർ വിരുദ്ധവോട്ടുകളിൽ. സമുദായങ്ങളെ കൂടെ നിർത്താൻ സൂക്ഷിച്ചുള്ള സംസാരവും കൂടിക്കാഴ്ചകളും. ക്രിസ്ത്യൻ നായർ വോട്ടുകളുടെ ഭൂരിപക്ഷ വോട്ടുകളുമെത്തിക്കുന്നതിന് ചെയ്ത പ്രവർത്തികൾ ഫലം കണ്ടെന്നാണ് കരുതുന്നത്. ബൂത്ത് തിരിച്ച കണക്ക് നോക്കി എണ്ണമെടുക്കാനാണ് തീരുമാനം.

182 ബൂത്തുകളെ ഇരുപത് മേഖലകളായി തിരിച്ച് കൃത്യമായ ആസൂത്രണത്തോടെയുള്ള ശ്രമങ്ങളായിരുന്നു എൽ.ഡി.എഫ് നടത്തിയത്. പുതുപ്പള്ളിയുടെ പ്രാദേശിക വിസനമുയർത്തി സംവാദത്തിനുള്ള വെല്ലുവിളി. വികസനമെന്നത് അവസാനം വരെ നിലനിർത്തിയ എൽ.ഡി.എഫ് ഉമ്മൻ ചാണ്ടി വികാരത്തെ മറികടക്കാൻ ചികിത്സാ വിവാദത്തെ ഇടക്കിടക്ക് ചർച്ചയാക്കി.അവസാന നാളിലും ഇതേ ചൊല്ലി ഉയർന്ന വാദ പ്രതിവാദങ്ങളിൽ നിന്നത് വോട്ട് നോക്കിയായിരുന്നു.യു.ഡി.എഫിനൊപ്പം നിൽക്കുന്ന പരമ്പരാഗത സമുദായ വോട്ടുകളിൽ വിള്ളൽ വീഴ്‌ത്താൻ ചെയ്ത പ്രവർത്തികൾ ഫലം കണ്ടെന്നാണ് വിലയിരുത്തൽ. അതുവഴി കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലം കയ്യിലാകുമെന്ന കണക്കൂകൂട്ടലിലാണ് എൽ.ഡി.എഫ്.