- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമൽനാഥ് സർക്കാരിനെ വീഴ്‌ത്തിയ വഞ്ചനയ്ക്ക് സിന്ധ്യയോടു കണക്കു തീർക്കുമെന്ന കോൺഗ്രസ് വെല്ലുവിളി വിലപ്പോയില്ല; മധ്യപ്രദേശിൽ, 2018 ൽ കൈപ്പത്തിക്കായി ചെയ്തത് ഇത്തവണ താമരയിലേക്ക് മാറ്റി 'ഗ്വാളിയർ മഹാരാജ്'; ഗ്വാളിയർ-ചമ്പൽ മേഖലയിൽ പട നയിച്ച ജ്യോതിരാദിത്യ സിന്ധ്യ വീണ്ടും ഹീറോ ആകുമ്പോൾ
ഗ്വാളിയർ: മധ്യപ്രദേശിൽ തിരിച്ചുവരവിനുള്ള കോൺഗ്രസ് പോരാട്ടത്തെ നിഷ്പ്രഭമാക്കിയിരിക്കുകയാണ് ബിജെപി. മധ്യപ്രദേശിൽ 2018 ൽ കോൺഗ്രസ് 114 സീറ്റും, ബിജെപി 109 സീറ്റുമാണ് നേടിയത്. ചെറുകക്ഷികളുടെയും, സ്വതന്ത്രരുടെയും സഹായത്തോടെ കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചു. എന്നാൽ, ജ്യോതിരാദിത്യ സിന്ധ്യയുടെ വിമത കലാപത്തിൽ, കോൺഗ്രസ് സർക്കാർ വീഴുകയും, വിമത സഹായത്തോടെ, ബിജെപി അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തു. ഇപ്പോൾ കേന്ദ്രമന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ അന്ന് 22 കോൺഗ്രസ് എംഎൽഎമാരെയും നയിച്ചുകൊണ്ടാണ് ബിജെപി പാളയത്തിൽ തമ്പടിച്ചത്.
2018 ൽ കോൺഗ്രസിന്റെ വിജയത്തിന് മുഖ്യകാരണം സിന്ധ്യയുടെ സ്വാധീന മേഖലയായ ചമ്പൽ-ഗ്വാളിയർ മേഖലയിലെ മികച്ച പ്രകടനമായിരുന്നു. ഈ മേഖലയിലെ 34 സീറ്റിൽ 26 ഉം അന്ന് സിന്ധ്യയുടെ സ്വാധീനത്തിൽ കോൺഗ്രസ് ജയിച്ചുകയറി. 2013 ൽ 12 സീറ്റും. 2008 ൽ 13 ഉം സീറ്റാിയിരുന്നു ഈ മേഖലയിൽ കോൺഗ്രസിന്. കമൽനാഥ് സർക്കാരിനെ അട്ടിമറിച്ച് സിന്ധ്യയ്‌ക്കൊപ്പം ബിജെപിയിലേക്കു പോയ 22 എംഎൽഎമാരിൽ 16 പേർ മേഖലയിൽനിന്നുള്ളവരായിരുന്നു.
സിന്ധ്യ ബിജെപിയിലേക്ക് മാറിയതോടെ, ഭരണകക്ഷിക്ക് അഞ്ചുവർഷം മുമ്പുണ്ടായ ചില നഷ്ടങ്ങൾ നികത്താൻ കഴിഞ്ഞു എന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് മനസ്സിലാകുന്നത്. ചമ്പൽ-ഗ്വാളിയർ മേഖലയിൽ എട്ട് ജില്ലകളുണ്ട് അതിൽ ഗ്വാളിയർ, ശിവപുരി, ദതിയ, അശോക്‌നഗർ, ഗുന എന്നിവ ഗ്വാളിയർ മേഖലയിലും മൊറീന, ഭിന്ദ്, ഷിയോപൂർ എന്നിവ ചമ്പൽ മേഖലയിലുമാണ്. ഈ മേഖലകളെല്ലാം മുമ്പ് സിന്ധ്യ ഉൾപ്പെടുന്ന ഗ്വാളിയർ മേഖലയുടെ അധീനതയിലായിരുന്നു.
2018 ൽ ചമ്പൽ മേഖലയിലെ 13 സീറ്റിൽ കോൺഗ്രസ് 10 സീറ്റിൽ ജയിച്ചിരുന്നു. ഷിയോപൂർ, സാബർഗഡ്, ജൗറ, സുമാവാലി, മൊറീന, ദിമാനി, അംബാ, ലഹർ, മെഹ്‌ഗോൺ, ഗോഹഡ് എന്നിവ. ബിജെപി അന്ന് വിജയപൂരും, അതേറും ജയിച്ചു. ബിഎസ്‌പി ഭീണ്ഡിലും ജയിച്ചു. ഇത്തവണ കോൺഗ്രസിന്റെ എതിരാളികൾ മൂന്നുസീറ്റെങ്കിലും ചമ്പൽ മേഖലയിൽ തട്ടിയെടുത്തു. സാബൽഗഡും, ലഹറും, മെഹ്‌ഗോണും. ബിഎസ്‌പി സുമവാലിയും, ദിമാനിയും കോൺഗ്രസിൽ നിന്ന് തട്ടിയെടുത്തെന്നാണ് സൂചന.
ഗ്വാളിയർ മേഖലയിൽ, ഗുണ അടക്കം 21 സീറ്റുണ്ട്. അതിൽ ഗുണ, 2002 മുതൽ 2014 വരെ ജ്യോതിരാദിത്യ സിന്ധ്യയുടെ ലോക്‌സഭാ മണ്ഡലമായിരുന്നു. സിന്ധ്യ കുടുംബത്തിലെ അംഗമാണ് 1971 മുതൽ ഈ സീറ്റിൽ ജയിച്ചുപോന്നത്. എന്നാൽ, കഴിഞ്ഞ തവണ ബിജെപിയുടെ കൃഷ്ണ പാൽ യാദവ് ഈ സീറ്റ് തട്ടിയെടുത്തു.
21 ൽ അഞ്ചെണ്ണം ഒഴിച്ചുള്ള സീറ്റുകളിൽ കോൺഗ്രസ് ജയിച്ചിരുന്നു. ബിജെപി ഗുണ, കൊലാറസ്, ശിവ്പുരി, ദതിയ, ഗ്വാളിയർ (റൂറൽ) എന്നിവയും. സിന്ധ്യ ബിജെപി ക്യാമ്പിൽ എത്തിയതോടെ. ബിജെപി ഈ മേഖലയിൽ തൂത്തുവാരുന്ന ലക്ഷണമാണ്. ദബ്ര മാത്രമേ കോൺഗ്രസിനൊപ്പം നിൽക്കാൻ സാധ്യതയുള്ളു.
34 സീറ്റുള്ള ചമ്പൽ-ഗ്വാളിയർ മേഖലയിൽ 10 ശതമാനത്തിലേറെ സീറ്റുണ്ട്. തിരഞ്ഞെടുപ്പിൽ ഏതുപാർട്ടി ജയിക്കുമെന്നതിന്റെ സൂചകമായാണ് ഈ മേഖലയിലെ ജയതോൽവികളെ നിരീക്ഷിക്കുന്നത്.
മാൽവ മേഖലയിലെ 88 സീറ്റിൽ കോൺഗ്രസ് 2018 ൽ 45 ഉം ബിജെപി 40 ഉം സീറ്റുകൾ നേടിയിരുന്നു. ഈ വട്ടം മാൽവയിൽ ബിജെപി 65 സീറ്റിൽ ലീഡ് ചെയ്യുകയാണ്.
ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞത്
തന്റെ ഉയരത്തെ പരിഹസിച്ചുള്ള പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിന് സിന്ധ്യ പ്രിയങ്കയുടെ പേരുപറയാതെ മറുപടി നൽകി. 'ചിലർ എന്റെ പൊക്കത്തെ കുറിച്ച് സംസാരിച്ചു. പക്ഷേ ഗ്വാളിയറിലെയും മാൽവയിലെയും ജനങ്ങൾ അവർ എത്ര ഉയരത്തിലാണെന്ന് തെളിയിച്ചു.'
ബിജെപി ജയിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും മോദിയുടെയും, അമിത്ഷായുടെയും നഡ്ഡയുടെയും നേതൃത്വം ഫലപ്രദമായെന്നും സിന്ധ്യ പറഞ്ഞു. 2020 ലാണ് സിന്ധ്യ കോൺഗ്രസ് വിട്ടത്. കമൽനാഥുമായി ഉടക്കി മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തർക്കത്തിന് ഒടുവിൽ.
'ഗ്വാളിയർ മഹാരാജ്' ആയ ജ്യോതിരാദിത്യ സിന്ധ്യ തന്റെ തട്ടകമായ ഗ്വാളിയർ ചമ്പൽ മേഖലയിലുടനീളം 'ആം സഭ' എന്ന പേരിൽ നൂറിലേറെ പ്രചാരണയോഗങ്ങളാണ് നടത്തിയത്. കമൽനാഥ് സർക്കാരിനെ വീഴ്‌ത്തിയ വഞ്ചനയ്ക്ക് സിന്ധ്യയോടു കണക്കു തീർക്കുമെന്ന് കോൺഗ്രസ് വെല്ലുവിളിച്ചെങ്കിലും അതുവിലപ്പോയില്ല.
മറുനാടന് മലയാളി ബ്യൂറോ