തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ പല അഭിപ്രായ സർവേകൾ കളം നിറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഏറ്റവും ഒടുവിലായി വന്നത് മനോരമ ന്യൂസ്- വി എം ആർ പ്രീപോൾ സർവേ ഫലമാണ്.

കഴിഞ്ഞ തവണ ഇടതുമുന്നണിയിൽ നിന്ന് ജയിച്ചുകയറിയ ഏക സ്ഥാനാർത്ഥിയായ എ എം ആരിഫ് ഇത്തവണ ആലപ്പുഴയിൽ വിയർക്കും. പത്തനംതിട്ടയിൽ ആന്റോ ആന്റണി ഐസക്കിന്റെ വോട്ടുകൾ കുറയ്ക്കുന്നത് പോലെ ശോഭ സുരേന്ദ്രൻ ആരിഫിന്റെ ജയസാധ്യതയിൽ കടന്നുകയറുമെന്ന് സർവേയിൽ പറയുന്നു. യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ സീറ്റ് തിരിച്ചുപിടിക്കുമെന്നാണ് പ്രവചനം. ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിലേക്കാൾ 1.69 ശതമാനവും യുഡിഎഫിന് രണ്ടര ശതമാനവും വോട്ട് വർധിക്കുമെന്നാണ് പ്രവചനം. ഇത്രതന്നെയോ അതിലേറെയോ വോട്ട് (3.23 ശതമാനം) എൽഡിഎഫിന് നഷ്ടപ്പെടും. യുഡിഎഫിന്റെ ആകെ വോട്ട് 42.18 ശതമാനമായി ഉയരുമെന്നാണ് അനുമാനം. എൽഡിഎഫിന്റേത് 37.68 ശതമാനമായി കുറയും. 18.91 ശതമാനമാണ് ബിജെപിക്ക് കണക്കാക്കുന്ന വോട്ട് വിഹിതം.

ചാലക്കുടിയിൽ യുഡിഎഫിന്റെ വോട്ട് വിഹിതത്തിൽ വൻ ഇടിവ് ഉണ്ടാകുമെന്ന് സർവേയിൽ പറയുന്നു. 2019 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10.8 ശതമാനം വോട്ട് കുറയുമെന്നാണ് പ്രവചനം. മറ്റുകക്ഷികളുടെ വോട്ട് 10.7 ശതമാനം വർധിക്കും. മറ്റുകക്ഷികൾക്കും സ്വതന്ത്രർക്കും ആകെ ലഭിക്കുന്ന വോട്ട് വിഹിതം 12.88 ശതമാനമാണ്. ഇതിൽ 11.84 ശതമാനവും ട്വന്റി ട്വന്റിക്കാണ്. ഇതോടെ യുഡിഎഫ് വിഹിതം 37 ശതമാനമായി കുറയും. ട്വന്റി ട്വന്റി പിടിക്കുന്ന വോട്ട് കൂടുതലും യുഡിഎഫിൽ നിന്നാണ് എന്നത് ഈ സീറ്റിൽ അട്ടിമറി സാധ്യതയ്ക്കുപോലും കളമൊരുക്കുന്നു. എൽഡിഎഫിന് പ്രവചിക്കുന്ന വോട്ട് ഷെയർ 32.14 ശതമാനമാണ്. എൻഡിഎയുടേത് 17.98 ശതമാനവും. എൽഡിഎഫ് വോട്ടിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2.32 ശതമാനം വോട്ട് കുറയാം. എൻഡിഎ വോട്ട് 2.42 ശതമാനം കൂടുകയും ചെയ്യുന്നു.

വടകരയിൽ കെ.കെ.ശൈലജയും ഷാഫി പറമ്പിലും ഒപ്പത്തിനൊപ്പമെന്നാണ് സർവേ ഫലം. രണ്ടുപേർക്കും 42.5 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. എൻഡിഎയ്ക്ക് 13.68 ശതമാനം വോട്ട് ലഭിക്കും. യുഡിഎഫിന് 7 ശതമാനം വോട്ട് കുറയും. യുഡിഎഫിന്റെ വോട്ടിൽ കാര്യമായ ഇടിവുണ്ടാകും. എൽഡിഎഫിനും ചെറിയതോതിൽ വോട്ട് കുറയും. എന്നാൽ എൻഡിഎ വോട്ട് കൂട്ടുമെന്നും സർവേ വ്യക്തമാക്കുന്നു.

മലപ്പുറത്തേക്ക് പോയാൽ യുഡിഎഫിന് കോട്ടമില്ലെങ്കിലും, ആറുശതമാനം വോട്ട് കുറയും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പി.കെ.കുഞ്ഞാലിക്കുട്ടി നേടിയ 57.1 ശതമാനം വോട്ട് വിഹിതം ഇക്കുറി ഇ.ടി.മുഹമ്മദ് ബഷീറിന് ലഭിക്കില്ല. 3.93 ശതമാനത്തിന്റെ കുറവാണ് പ്രവചനം.

പൊന്നാനിയിൽ മലപ്പുറം എംപി ഡോ. അബ്ദുസമദ് സമദാനിയും, സിപിഎമ്മിന് വേണ്ടി മുൻ ലീഗ് നേതാവ് കെ.എസ്.ഹംസയും, ബിജെപിക്ക് വേണ്ടി നിവേദിത സുബ്രഹ്‌മണ്യനുമാണ് മാറ്റുരയ്ക്കുന്നത്. പൊന്നാനി ഇത്തവണയും ലീഗിനൊപ്പം നിൽക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് വിഹിതത്തിൽ നേരിയ കുറവുണ്ടാകും. എൽഡിഎഫിന്റെ വോട്ട് കൂടുമെന്നും സർവേ പ്രവചിക്കുന്നു