തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ പല അഭിപ്രായ സർവേകൾ കളം നിറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഏറ്റവും ഒടുവിലായി വന്നത് മനോരമ ന്യൂസ്- വി എം ആർ പ്രീപോൾ സർവേ ഫലമാണ്.

കോട്ടയത്ത് കേരള കോൺഗ്രസുകാർ തമ്മിലാണ് മത്സരം. എൽഡിഎഫിന് വേണ്ടി കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിലെ തോമസ് ചാഴിക്കാടനും, യുഡിഎഫിനായി ജോസഫ് വിഭാഗത്തിലെ ഫ്രാൻസിസ് ജോർജും മാറ്റുരയ്ക്കുമ്പോൾ, തുഷാർ വെള്ളാപ്പള്ളിയാണ് എൻഡിഎ സ്ഥാനാർത്ഥി.

യുഡിഎഫിന് വോട്ടുകുറയുമെങ്കിലും, മണ്ഡലം ഫ്രാൻസിസ് ജോർജിനൊപ്പം നിൽക്കുമെന്നാണ് മനോരമ സർവേയിൽ പറയുന്നത്. മുന്നണി മാറിയതോടെ ചാഴിക്കാടന് സീറ്റ് നഷ്ടമാകും. എൽഡിഎഫിനും എൻഡിഎയ്ക്കും വോട്ട് കൂടുമെന്നും പ്രവചനം. യുഡിഎഫ് വോട്ട് 46.25 ശതമാനത്തിൽ നിന്ന് 41.26 ശതമാനമായി കുറയും. 2019ൽ 34.58 ശതമാനമായിരുന്ന എൽഡിഎഫ് വിഹിതം 35.82 ആയി ഉയരും. എൻഡിഎ വോട്ട് 17.04 ശതമാനത്തിൽ നിന്ന് 19.1 ശതമാനമായും വർധിക്കും.

മന്ത്രി കെ രാധാകൃഷ്‌ണെ ഇറക്കി ആലത്തൂരിലെ മത്സരം ആവേശകരമാക്കിയിരിക്കുകയാണ് എൽഡിഎഫ്. സിറ്റിങ് എം പി രമ്യ ഹരിദാസിന് വെല്ലുവിളികൾ ഉയർത്തുമോ രാധാകൃഷ്ണൻ. യുഡിഎഫിന് വോട്ടുകുറയുമെങ്കിലും രമ്യ കരകയറുമെന്ന് മനോരമ സർവേ പ്രവചിക്കുന്നു. 7.43 ശതമാനം വോട്ടിന്റെ കുറവാണ് യുഡിഎഫിന് ഉണ്ടാവുക. എൽഡിഎഫ് വോട്ട് 2.29 ശതമാനം ഉയരുമെങ്കിലും എൻഡിഎയുടെ വോട്ട് വൻതോതിൽ കൂടുന്നതിനാൽ പ്രയോജനം കിട്ടില്ല.. 6.22 ശതമാനമാണ് ബിജെപി വോട്ടിലെ വർധന. ഇത് യുഡിഎഫിന്റെ ജയസാധ്യത വർധിപ്പിക്കുന്നു. 44.93 ശതമാനമാണ് യുഡിഎഫിന് പ്രവചിക്കുന്ന വോട്ടുവിഹിതം. എൽഡിഎഫിന് 39.06 ശതമാനവും. 15.03 ശതമാനം പേർ എൻഡിഎയ്‌ക്കൊപ്പമാണെന്ന് മനോരമ സർവേ പറയുന്നു

കടപ്പാട്: മനോരമ ന്യൂസ്‌