തൃശൂർ: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ പല അഭിപ്രായ സർവേകൾ കളം നിറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഏറ്റവും ഒടുവിലായി വന്നത് മനോരമ ന്യൂസ്- വി എം ആർ പ്രീപോൾ സർവേ ഫലമാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ത്രികോണ മത്സരം നടക്കുന്ന തൃശൂർ രാഷ്ട്രീയ നിരീക്ഷകരുടെ മാത്രമല്ല, സകലരുടെയും ശ്രദ്ധാ കേന്ദ്രമായ മണ്ഡലമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഏറെ നാൾ മുമ്പേ പ്രചാരണം തുടങ്ങിയ സുരേഷ് ഗോപി, വടകരയിൽ നിന്ന് അവസാന നിമിഷം ടി എൻ പ്രതാപന് പകരം എത്തിയ കെ മുരളീധരൻ, മുൻ മന്ത്രിയും തൃശൂരിന്റെ സ്പന്ദനം അറിയാവുന്ന നേതാവുമായ വി എസ് സുനിൽ കുമാർ എന്നിവർ അണിനിരക്കുമ്പോൾ, അഭിപ്രായ സർവേകളിൽ ജനം എന്തുപറയുന്നുവെന്ന ആകാംക്ഷ കൂടും.

മനോരമ ന്യൂസ്- വി എം ആർ പ്രീപോൾ സർവേ ഫലപ്രകാരം, കെ.മുരളീധരൻ 5.92 ശതമാനം വോട്ടിന് സുരേഷ് ഗോപിയെക്കാൾ മുന്നിലെത്തുമെന്നാണ് പ്രവചനം. രണ്ടാംസ്ഥാനത്തിന് വേണ്ടിയും കടുത്ത പോരാട്ടമാണ് നടക്കുന്നത്. കെ.മുരളീധരന് 36.51 ശതമാനം വോട്ടും, സുരേഷ് ഗോപിക്ക് 30.59 ശതമാനവും വി എസ്.സുനിൽകുമാറിന് 30.53 ശതമാനവും വോട്ടു കിട്ടുമെന്ന് സർവേ ഫലം പറയുന്നു. ഇത്ര കടുത്ത പോരാട്ടം അന്തിമഫലത്തെ സ്വാധീനിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നാണ് സർവേയുടെ വിലയിരുത്തൽ.

യുഡിഎഫ് വോട്ടിൽ 2019നെ അപേക്ഷിച്ച് 3.32 ശതമാനവും എൽഡിഎഫ് വോട്ടിൽ 0.31 ശതമാനവും കുറവ് പ്രതീക്ഷിക്കുമ്പോൾ എൻഡിഎയ്ക്ക് 2.4 ശതമാനം വോട്ട് വർധിക്കുമെന്നാണ് അനുമാനം. സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവം തന്നെയാണ് ഇതിനുപിന്നിൽ. മറ്റുകക്ഷികൾക്ക് 1.23 ശതമാനം വോട്ട് വർധിക്കുന്നതും പ്രധാനമാണ്.

കടപ്പാട്: മനോരമ ന്യൂസ്‌