പുതുപ്പള്ളി: ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ പുറത്തുവന്നപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ബഹുദൂരം മുന്നിൽ നിൽക്കുന്നതിൽ പ്രതികരണവുമായി സഹോദരി മറിയ ഉമ്മൻ രംഗത്തെത്തി. അപ്പയോടൊപ്പം ചാണ്ടി ഉമ്മനെയും പുതുപ്പള്ളിക്കാർ സ്വീകരിച്ചുകഴിഞ്ഞുവെന്നാണ് മറിയ മാധ്യമങ്ങളോടു പ്രതികരിച്ചത്.

''ഉമ്മൻ ചാണ്ടിയോടൊപ്പം ചാണ്ടി ഉമ്മനെയും പുതുപ്പള്ളിക്കാർ സ്വീകരിച്ചുകഴിഞ്ഞു. ഇനി പൂർണ ഫലത്തിനായി കാത്തരിക്കുകയാണ്. ശുഭപ്രതീക്ഷയാണുള്ളത്. യാതൊരുവിധ സംശയവുമില്ല. ഏറ്റവും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് കുടുംബത്തിന്റെയും പാർട്ടിയുടെയും പ്രതീക്ഷ'' പിതാവിന്റെ കല്ലറയിൽ പോയി പ്രാർത്ഥിക്കാനിറങ്ങിയപ്പോൾ മറിയ മാധ്യമങ്ങളോടു പറഞ്ഞു.

വമ്പൻ കുതിപ്പിലേക്കാണ് ചാണ്ടി ഉമ്മന്റെ ലീഡ് ഉയരുന്നത്. വോട്ടെണ്ണലിന്റെ ആദ്യ രണ്ടു മണിക്കൂർ പിന്നീടുമ്പോൾ കാൽ ലക്ഷം വോട്ട് കടന്നാണ് ചാണ്ടി ഉമ്മൻ കുതിക്കുന്നത്. ഏകദേശം വോട്ടെണ്ണലിന്റെ ഏഴ് റൗണ്ട് പൂർത്തിയായപ്പോഴാണ് ചാണ്ടി ഉമ്മൻ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കി കുതിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം ആദ്യ രണ്ട് റൗണ്ടുകളിൽ 5487 വോട്ടുകളുടെ മുന്നേറ്റമാണ് ചാണ്ടി ഉമ്മൻ ഉള്ളത്. അയർക്കുന്നം പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണി കഴിഞ്ഞത്. 2021ൽ അയർക്കുന്നത് യുഡിഎഫിന് 1436 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇതിനേക്കാൾ നാലിരട്ടി വോട്ടുകളാണ് ചാണ്ടി ഉമ്മൻ അധികമായി നേടിയത്.

കഴിഞ്ഞ തവണ ജെയ്ക് സി തോമസ് ഭൂരിപക്ഷം നേടിയ ഒരേ ഒരു പഞ്ചായത്തായ മണർകാടും എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കാലിടറി. ഇവിടെയയും വലിയ മുന്നേറ്റമാണ് ചാണ്ടി ഉമ്മൻ കാഴ്ചവെച്ചത്. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ. വാകത്താനം പഞ്ചായത്താണ് അവസാനം എണ്ണുന്നത്.