തിരുവനന്തപുരം: ഇന്നേയ്ക്ക് പതിനാലാം നാൾ കേരളം ഒന്നാകെ പോളിങ് ബൂത്തുകളിലേക്ക് നീങ്ങുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള തങ്ങളുടെ ജനപ്രതിനിധികളെ തിരഞ്ഞെടുക്കാൻ. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പേ നിരവധി അഭിപ്രായ സർവേ ഫലങ്ങൾ വന്നു. പ്രഖ്യാപനത്തിന് ശേഷവും വന്നുകൊണ്ടിരിക്കുന്നു. ഏപ്രിൽ 26 ന് വോട്ടെടുപ്പ് കഴിഞ്ഞാലും ഫലമറിയാൻ ഒന്നരമാസത്തോളം കാക്കണം. അതുകൊണ്ട് തന്നെയാണ് അഭിപ്രായ സർവേകൾക്ക് ഇത്ര പ്രസക്തി.

ഇക്കുറി അഭിപ്രായ സർവേകൾ എന്തുകൊണ്ടാണ് ഇത്രയും നേരത്തെ എന്ന ചോദ്യത്തിനും ഉത്തരമുണ്ട്. മുമ്പൊക്കെ തിരഞ്ഞെടുപ്പ് തീയതിക്ക് 48 മണിക്കൂർ മുമ്പ് വരെ അഭിപ്രായ സർവേകൾ പ്രസിദ്ധീകരിക്കാൻ അനുമതിയുണ്ടായിരുന്നു. എന്നാൽ, ഇക്കുറി തിരഞ്ഞെടുപ്പ് കമ്മീഷൻ ഏപ്രിൽ 19 ന് രാവിലെ 7 മണി മുതൽ, അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ജൂൺ 1 വരെ എല്ലാത്തരത്തിലുള്ള അഭിപ്രായ സർവേകളും നിരോധിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, മറുനാടൻ മലയാളിയും ഇത്തവണ നേരത്തെ തന്നെ അഭിപ്രായ സർവേ ഫലം പുറത്തുവിടുകയാണ്.

സാധാരണഗതിയിൽ തിരഞ്ഞെടുപ്പ് ദിവസത്തിന് ഒരാഴ്ച മുമ്പാണ് മറുനാടൻ സർവേ ഫലം പുറത്തുവിടാറുള്ളത്. ഇക്കുറി നേരത്തെ അഭിപ്രായ സർവേ എടുക്കേണ്ടി വന്നതുകൊണ്ട് ജനാഭിപ്രായ രീതിയിലും മാറ്റം കണ്ടേക്കാം. എന്നിരുന്നാലും മറ്റുചാനലുകളിൽ നിന്ന് വ്യത്യസ്തമായി ജനങ്ങളുടെ നിലപാടിനോട് കൂടുതൽ അടുത്ത് നിൽക്കുന്ന സർവേ മറുനാടന്റേത് ആയതുകൊണ്ട്, പ്രേക്ഷകരും വായനക്കാരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫലം.

മറുനാടൻ അഭിപ്രായ സർവേ ഫലം അടുത്ത തിങ്കൾ മുതൽ വ്യാഴം വരെ നാലുദിവസങ്ങളിലായി( ഏപ്രിൽ 15 -18) പുറത്തുവിടും. ഒരുദിവസം നാല് ലോക്‌സഭാ മണ്ഡലങ്ങളിലെ സർവേ ഫലമാണ് പുറത്തുവിടുക. നാലുദിവസം കൊണ്ട് 20 മണ്ഡലങ്ങളിലെയും സർവേ ഫലം പുറത്തുവരും.

മറുനാടൻ സർവേയുടെ വ്യത്യാസം

മറ്റു മാധ്യമസ്ഥാപനങ്ങളുടെ അഭിപ്രായ സർവേയിൽ നിന്നും മറുനാടൻ സർവേ വ്യത്യസ്തമാകുന്നത് സ്വന്തം ടീം തന്നെ ഫീൽഡിൽ പോയി സർവേ നടത്തുന്നു എന്നതാണ്. ചാനലുകളും മറ്റും സാധാരണ ഏജൻസികളെയാണ് സർവേയുടെ ചുമതല ഏൽപ്പിക്കാറുള്ളത്. ഏജൻസികളെ ഏൽപ്പിക്കുമ്പോൾ എടുക്കുന്ന സാമ്പിളുകൾ കൃത്യമാകണമെന്നില്ല. മറുനാടൻ, ക്യത്യമായി സാമ്പിളെടുത്താണ് സർവേ ഫലം പുറത്തുവിടുന്നത്. ഇക്കാരണം കൊണ്ടാണ് മറുനാടൻ സർവേ ഫലം കൂടുതൽ ക്യത്യമായിരിക്കുന്നത്. തെറ്റുവന്നാലും നേരിയത് മാത്രം.

2019 ൽ മറുനാടൻ സർവേയിൽ പ്രവചിച്ചത് 20 ൽ 17 സീറ്റും യുഡിഎഫിന് എന്നായിരുന്നു. എന്നാൽ, അന്ന് കേരളത്തിലെ പ്രമുഖ ചാനലുകൾ എല്ലാം പ്രവചിച്ചത് എൽഡിഎഫിന് മുൻതൂക്കമെന്നാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അഞ്ച് നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ മറുനാടൻ സർവേയിൽ നിന്ന് ആകെ മാറ്റം അരൂരിലേത് മാത്രമായിരുന്നു. അവിടെ നേരിയ വ്യത്യാസത്തിൽ എൽഡിഎഫ് ജയിക്കുമെന്നായിരുന്നു മറുനാടൻ കണക്കുകൂട്ടൽ. എന്നാൽ, യുഡിഎഫാണ് ജയിച്ചത്. ചെങ്ങന്നൂരും, തൃക്കാക്കരയും, പുതുപ്പള്ളിയും അടക്കം പിന്നീട് നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും, മറുനാടൻ സർവേ ഫലം അച്ചട്ടായി.

സാമ്പിൾ ശേഖരണം

വിപുലമായ തോതിൽ സാമ്പിൾ ശേഖരിച്ചാണ് ഇക്കുറിയും മറുനാടൻ സർവേ. ഒരുമണ്ഡലത്തിൽ രണ്ടുടീമുകൾ ഉണ്ടാകും. രണ്ടുടീമുകളും രണ്ടുദിവസം എങ്കിലും മണ്ഡലത്തിൽ ചെലവഴിക്കും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് പരമാവധി സാമ്പിളുകൾ ശേഖരിക്കും. ആറ് പ്രമുഖ ടീമുകൾക്ക് രൂപം നൽകി ഓരോ ടീമിലും രണ്ട് ഉപഗ്രൂപ്പുകൾ ഉണ്ടാക്കി. ഈ രണ്ട് ഉപഗ്രൂപ്പുകളും രണ്ട് ദിവസം ഒരു മണ്ഡലത്തിൽ ചെലവഴിക്കുകയും ചെയ്തു.

കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, വടകര എന്നീ നാല് മണ്ഡലങ്ങളിലെ സർവേക്ക് നേതൃത്വം കൊടുത്തത് മുതിർന്ന മാധ്യമപ്രവർത്തകനായ എം റിജുവും മറുനാടൻ കാസർകോഡ് ലേഖകനായ ബുർഹാൻ തളങ്കരയുമാണ്. മലപ്പുറം, പൊന്നാനി, വയനാട് എന്നീ 3 മണ്ഡലങ്ങളിൽ നേതൃത്വം കൊടുത്തത് മലപ്പുറം ലേഖകനായ ജംഷാദാണ്. പാലക്കാട്, ആലത്തൂർ, തൃശൂർ, ചാലക്കുടി മണ്ഡലങ്ങളുടെ സർവേ നിയന്ത്രണവും മേൽനോട്ടവും കൊച്ചി ലേഖകൻ ആർ പീയൂഷ് നിർവ്വഹിച്ചു. എറണാകുളം, ആലപ്പുഴ, കോട്ടയം മണ്ഡലങ്ങളിലെ സർവേയ്ക്ക് നേതൃത്വം നൽകിയത് മുതിർന്ന ക്യാമറാമാനായ ദിലീപായിരുന്നു. ഇടുക്കി, മാവേലിക്കര, പത്തനംതിട്ട, എന്നീ മണ്ഡലങ്ങളിലെ സർവേക്ക് നേതൃത്വം നൽകിയത് തിരുവനന്തപുരത്തെ റിപ്പോർട്ടർ അമൽ രുദ്രയാണ്. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, മണ്ഡലങ്ങളിലെ സർവേ ഏകോപിപ്പിച്ചത് മുതിർന്ന മാധ്യമ പ്രവർത്തകനായ രാജ്‌മോഹനും, മറുനാടൻ ലേഖകൻ ശ്രീജിത്ത് മാരാരും ചേർന്നാണ്.

ആറ് ടീമുകൾ രൂപീകരിക്കുകയും, ഓരോ മണ്ഡലത്തിൽ നിന്നും 2000 സാമ്പിളുകൾ വീതം ശേഖരിക്കുകയും ചെയ്താണ് മറുനാടൻ സർവേ നടത്തിയത്. ഇത്രയേറെ സാമ്പിളുകൾ ശേഖരിച്ച് സർവേ നടത്തുന്നതും അപൂർവ്വമാണ്.