- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മട്ടന്നൂരിൽ ആറാം തവണയും ഭരണം നിലനിർത്തി സിപിഎം; അപ്രതീക്ഷിത മുന്നേറ്റത്തിൽ സീറ്റ് ഇരട്ടിയാക്കി കോൺഗ്രസ്; ബിജെപിക്ക് ഒന്നുമില്ല; സിപിഎമ്മിന്റെ കോട്ടയിൽ സംഭവിച്ചത് വമ്പൻ അട്ടിമറി; ഇടതുപക്ഷം 21 സീറ്റ് നേടുമ്പോൾ യുഡിഎഫിന് സ്വന്തം 14 കൗൺസിലർമാർ; തൃക്കാക്കരയ്ക്ക് പിന്നാലെ മറ്റൊരു കോൺഗ്രസ് വിജയഗാഥ; മട്ടന്നൂരിലെ അന്തിമ ഫലം ഇങ്ങനെ
കണ്ണൂർ: സിപിഎമ്മിന്റെ കോട്ടയായ മട്ടന്നൂരിൽ കോൺഗ്രസിന് അപ്രതീക്ഷിത മുന്നേറ്റം. നഗരസഭാ ഭരണം സിപിഎം നിലനിർത്തുമ്പോഴും കോൺഗ്രസ് സീറ്റുകൾ ഇരട്ടിയാക്കി. 21 സീറ്റാണ് ഇടതുപക്ഷം നേടിയത്. യുഡിഎഫിന് 14 സീറ്റ് കിട്ടി. പലപ്പോഴും ഏകപക്ഷീയ വിജയം നേടുന്ന സിപിഎമ്മിന് ഇത്തവണ അത് ആവർത്തിക്കാനായില്ല. ഏഴിൽ നിന്ന് 14ലേക്കുള്ള സീറ്റ് ഉയർച്ച കോൺഗ്രസ് മുന്നണിയുണ്ടാക്കുന്നത്. കെകെ ശൈലജ ടീച്ചർ റിക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ച നിയമസഭാ മണ്ഡലത്തിന്റെ ഭാഗമാണ് മട്ടന്നൂർ. അതുകൊണ്ട് തന്നെ കോൺഗ്രസിന് വലിയ നേട്ടമാണ് മട്ടന്നൂരിൽ ഉണ്ടാകുന്നത്.
മികച്ച ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് വിജയങ്ങളെന്നതും ശ്രദ്ധേയമാണ്. ബിജെപിക്ക് മട്ടന്നൂരിൽ ഒരു ചലനവും ഉണ്ടാക്കാനായില്ല. തൃക്കാക്കര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിനുണ്ടായ ഉണർവ്വ് മട്ടന്നൂരിലും ദൃശ്യമായി. കെപിസിസി അധ്യക്ഷന്റെ നേതൃത്വത്തിലായിരുന്നു സ്ഥാനാർത്ഥി നിർണ്ണയവും മറ്റും നടന്നത്. സിപിഎം കേന്ദ്രങ്ങളിൽ പോലും കോൺഗ്രസ് കടന്നു കയറ്റം നടത്തിയെന്നതാണ് വസ്തുത. മട്ടന്നൂരിൽ ഭരണം നിലനിർത്തുമ്പോഴും ഈ വിലയിരുത്തുലകൾ കണ്ണൂരിലെ സിപിഎമ്മിന് വലിയ തലവേദനയാണ്. ആറാം തവണയാണ് സിപിഎം മട്ടന്നൂരിൽ ഭരണത്തിലെത്തുന്നത്. പാർട്ടി ഗ്രാമങ്ങൾ ഏറെയുള്ള നഗരസഭയാണ് ഇത്.
നഗരസഭയിൽ ഭരണമാറ്റമോ വൻ അട്ടിമറികളോ പ്രതിപക്ഷ നിര പ്രതീക്ഷിക്കുന്നില്ലെങ്കിലും ചില സീറ്റുകളിൽ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാതായിരുന്നു യുഡിഎഫിന്റെയും ബിജെപിയുടെയും പ്രതീക്ഷ. നഗരസഭ രൂപകരിച്ചതു മുതൽ ഭരിക്കുന്ന എൽഡിഎഫിനെതിരെ ശക്തമായ ഭരണ വിരുദ്ധ വികാരമുണ്ടെന്നയിരുന്നു പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ. ഇത് ശരിയാണെന്ന് തെളിയുകയാണ് അന്തിമ ഫലവും. പോളിങ് ശതമാനം കൂടിയത് തങ്ങൾക്ക് ഗുണകരമാകുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ അവകാശവാദം. പുതിയ വോട്ടർമാരെ കൂടുതൽ ചേർത്തതു കൊണ്ടാണ് പോളിങ് ശതമാനം കൂടിയതെന്നതായിരുന്നു ഭരണകക്ഷിയായ എൽഡിഎഫിന്റെ വിലയിരുത്തൽ. ഇത് അടിമുടി തെറ്റി.
1990ൽ മട്ടന്നൂരിനെ നഗരസഭയാക്കിയെങ്കിലും ആദ്യ തിരഞ്ഞെടുപ്പ് നടന്നത് 1997ലാണ്. മട്ടന്നൂർ പഞ്ചായത്തിനെ നഗരസഭയാക്കിയതുമായി ബന്ധപ്പെട്ട തർക്കങ്ങളും കേസുകളും നീണ്ടുപോയതാണു തിരഞ്ഞെടുപ്പ് വൈകാൻ കാരണം. മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളുടെ കൂടെ നടക്കാതെ വന്നത് ഇതിനാലാണ്. നഗരസഭ രൂപം കൊണ്ടതു മുതൽ ഇടതു മുന്നണിയാണു ഭരിക്കുന്നത്. സ്ഥലം എംഎൽഎ കെകെ ശൈലജയ്ക്കും ഏറെ പ്രതിസന്ധിയുണ്ടാക്കുന്നതാണ് നഗരസഭയിലെ ഫലം. മുമ്പ് ഇപി ജയരാജനായിരുന്നു ഈ പ്രദേശത്തെ എംഎൽഎ.
മറുനാടന് മലയാളി ബ്യൂറോ