ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ആംആദ്മിക്ക് തകർപ്പൻ ജയസാധ്യത എന്ന് എക്‌സിറ്റ് പോളുകൾ. ആജ് തക്, ടൈംസ് നൗ എക്‌സിറ്റ് പോളുകളാണ് ഇത് പ്രവചിച്ചത്. ആപ്പിന് 250 വാർഡുകളിൽ 149 മുതൽ 171 വരെ സീറ്റുകൾ കിട്ടുമെന്ന് ആജ് തക്കും, 146 മുതൽ 156 വാർഡുകൾ കിട്ടുമെന്ന് ടൈംസ് നൗവും പറയുന്നു. ബിജെപിക്ക് 84 മുതൽ 94 സീറ്റുകൾ വരെ കിട്ടാം. ആജ് തക്കിന്റെ പോൾ പ്രകാരം, ബിജെപിക്ക് 69-91 സീറ്റുകൾ കിട്ടാം.

കോൺഗ്രസിന് പത്തോ, അതിൽ കുറവോ വാർഡുകളാണ് ഇരുചാനലുകളും പ്രവചിക്കുന്നത്. മറ്റുള്ളവർ 5 മുതൽ 9 സീറ്റുകൾ നേടും. എക്‌സിറ്റ് പോളുകൾ ശരിയായി വ്ന്നാൽ, കഴിഞ്ഞ 15 വർഷമായി ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഭരിക്കുന്ന ബിജെപിക്ക് അത് വലിയ തിരിച്ചടിയായിരിക്കും.

കോർപറേഷനിൽ നിന്ന് അഴിമതി തുടച്ചുനീക്കുമെന്നായിരുന്നു കെജ്രിവാളിന്റെ പ്രാചരണ സന്ദേശം. ബിജെപിയുടെ ഉന്നത നേതാക്കളെ പ്രചാരണത്തിന് അയച്ചെങ്കിലും ആപ്പിനാണ് നേട്ടം എന്നാണ് എക്‌സിറ്റ് പോളുകൾ പറയുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മൂന്നുമേഖലകളായിരുന്ന കോർപറേഷനെ ലയിപ്പിച്ച് ഒന്നാക്കിയത്. ഡൽഹി സർക്കാർ ഭരണവും, കോർപറേഷൻ ഭരണവും ഒരുമിച്ച് കൈയാളാൻ കഴിഞ്ഞാൽ, കെജ്രിവാളിന്റെ പാർട്ടിക്ക് അടിസ്ഥാന നഗര വികസന പദ്ധതികൾ സുഗമമായി നടപ്പാക്കാൻ കഴിയും.