ഷില്ലോങ്: ഈമാസം 27ന് വോട്ടെടുപ്പ് നടക്കുന്ന മേഘാലയ തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങിയിട്ടുണ്ട്. ദേശീയ നേതാക്കൾ സംസ്ഥാനത്ത് പ്രചരണത്തിനായി എത്തുകയും ചെയ്യുനന്നു. ഇക്കുറി തീർക്കും വ്യത്യസ്തമായ വിധത്തിലാണ മേഘാലയയിൽ തെരഞ്ഞെടുപ്പു നടക്കുന്നത്. ബിജെപി സഖ്യം ഉപേക്ഷിച്ചു കൊണ്ട് തനിച്ചാണ് ഭരണകക്ഷിയായ നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) മത്സരിക്കുന്നത്. ബിജെപി സഖ്യം ഉപേക്ഷിച്ചതോടെ എൻപിപിയുടെ മട്ടും ഭാവവും മാറിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് സ്റ്റേഡിയം അനുവദിക്കാതെ മേഘാലയ സർക്കാർ നടപടിയും ഇതിനോടകം വിവാദമായി കഴിഞ്ഞു.

പി.എ. സാങ്മ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കായി സംസ്ഥാന ബിജെപി നേതൃത്വമാണ് അനുമതി തേടിയത്. മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മയുടെ സ്വന്തം മണ്ഡലമായ സൗത്ത് ടുറയിലാണ് സ്റ്റേഡിയം. എന്നാൽ സ്റ്റേഡിയത്തിൽ പണി നടക്കുന്നതു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന കായിക വകുപ്പ് അനുമതി നിഷേധിച്ചത്. അതേസമയം ഈ തീരുമാനത്തിൽ കലിപ്പിലാണ് ബിജെപി. ഭരണകക്ഷിയായ നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) തൃണമൂൽ കോൺഗ്രസിനും മറ്റു പ്രതിപക്ഷ പാർട്ടികൾക്കുമൊപ്പം സംസ്ഥാനത്ത് ബിജെപിയുടെ തരംഗം ഇല്ലാതാക്കാനാണു ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ഫെബ്രുവരി 24ന് ഷില്ലോങ്ങിലും ടുറയിലും പ്രചാരണം നടത്താനായിരുന്നു പ്രധാനമന്ത്രിയുടെ നീക്കം.

സ്റ്റേഡിയത്തിൽ ചില പണികൾ നടക്കുന്നുണ്ടെന്നും അതിന്റെ സാമഗ്രികൾ ഉൾപ്പെടെയുള്ളവ സ്ഥലത്തുണ്ടെന്നും ഇതു സുരക്ഷാപ്രശ്‌നം സൃഷ്ടിക്കുമെന്നുമാണ് കായിക വകുപ്പിന്റെ നിലപാട്. അലോട്‌ഗ്രെ ക്രിക്കറ്റ് സ്റ്റേഡിയം പരിഗണിക്കൂയെന്നും അറിയിച്ചതായി ജില്ലാ ഇലക്ടറൽ ഓഫിസർ സ്വപ്നിൽ ടെംബെ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.

127 കോടി രൂപയ്ക്കു നിർമ്മിച്ച സ്റ്റേഡിയമാണിത്. ഇതിന്റെ ചെലവിൽ 90 ശതമാനവും കേന്ദ്രത്തിന്റേതായിരുന്നെങ്കിലും ഇക്കഴിഞ്ഞ ഡിസംബർ 16ന് മുഖ്യമന്ത്രി തന്നെ അത് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഉദ്ഘാടനം ചെയ്ത് വെറും രണ്ടുമാസത്തിനുള്ളിൽ വീണ്ടും പണി നടക്കുകയാണെന്നും പ്രധാനമന്ത്രിക്കായി നൽകാനാകില്ലെന്നും പറയുന്നതിൽ അദ്ഭുതമുണ്ടെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി റിതുരാജ് സിൻഹ പറഞ്ഞു. ''കോൺറാഡ് സാങ്മയ്ക്കും മുകുൾ സാങ്മയ്ക്കും ഞങ്ങളെ പേടിയാണോ. മേഘാലയയിലെ ബിജെപിയുടെ തരംഗം ഇല്ലാതാക്കാനാണ് അവരുടെ ശ്രമം. പ്രധാനമന്ത്രിയുടെ റാലി ഇല്ലാതാക്കാൻ നിങ്ങൾക്കു കഴിയും എന്നാൽ ബിജെപിയെ പിന്തുണയ്ക്കാൻ ഇത്തവണ സംസ്ഥാനത്തെ ജനം തീരുമാനിച്ചു കഴിഞ്ഞു'' റിതുരാജ് സിൻഹ കൂട്ടിച്ചേർത്തു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റു താരപ്രചാരകർ എന്നിവരുടെ റാലികളിൽ വന്ന ജനപങ്കാളിത്തം മറ്റും പാർട്ടികളെ ഭയപ്പെടുത്തിയെന്നും സിൻഹ പറയുന്നു. ഷില്ലോങ്ങിലെ പിന്തോറുംഖ്ര മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 24ന് റോഡ് ഷോയിൽ പങ്കെടുക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് എ.എൽ. ഹെക്ക് പറഞ്ഞു.

കോൺഗ്രസിന് ഇക്കുറി മേഘാലയയിൽ നായകനില്ലാത്ത അവസ്ഥയാണ്. മഘാലയയെ പഞ്ചനക്ഷത്ര സൗകര്യമുള്ള സംസ്ഥാനമാക്കാൻ അടിത്തറ പാകുന്നതാണ് കോൺഗ്രസ് പ്രകടനപത്രികയെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ന്യക്തമാക്കിയത്. അധികാരത്തിൽ വന്നാൽ ഓരോ വീട്ടിലും ഒരാൾക്ക് ജോലി, എല്ലാവർക്കും സൗജന്യ ചികിത്സ, പ്ലസ് ടു വരെയുള്ള പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ മേൽക്കൂര സാമഗ്രികൾ, 200 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി, മൂന്നു മാസത്തിൽ സൗജന്യ എൽ.പി.ജി സിലിണ്ടറുകൾ, കാർഷികോൽപന്നങ്ങൾക്ക് താങ്ങുവില തുടങ്ങി 14 പ്രധാന വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേഷാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

യുവാക്കളെ അണിനിരത്തിയാണ് കോൺഗ്രസ് മത്സരരംഗത്തുള്ളത്. 60 പേരിൽ 47 പേരും 45 വയസ്സിന് താഴെയുള്ളവരാണ്. മുൻ മുഖ്യമന്ത്രി മുകുൾ സാങ്മ, മുൻ സ്പീക്കർ ചാൾസ് പിങ്‌ഗ്രോപ്, മറ്റ് 10 കോൺഗ്രസ് നിയമസഭാംഗങ്ങൾ എന്നിവർ 2021ൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ടി.എം.സിയിലേക്ക് കൂറുമാറിയിരുന്നു. 2018ൽ തെരഞ്ഞെടുക്കപ്പെട്ട 17 എംഎ‍ൽഎമാരിൽ ഇപ്പോൾ ആരും പാർട്ടിക്കൊപ്പമില്ല. ഇവരിൽ 12 പേർ 2021ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ബാക്കി അഞ്ചുപേർ എൻ.പി.പി, യു.ഡി.പി ടിക്കറ്റിലാണ് ഇക്കുറി മത്സരിക്കുന്നത്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ.

മേഘാലയയിൽ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലാണ് കോൺഗ്രസ്. 17 എംഎൽഎമാരാണ് പാർട്ടിക്ക് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എൻപിപിയെ പിന്തുണച്ചതിന് അഞ്ച് എംഎൽഎമാരെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തിരുന്നു. അതിൽ രണ്ട് പേർ എൻപിപിയിൽ ചേർന്നു. ചില കോൺഗ്രസ് എംഎൽഎമാർ തൃണമൂലിലേക്കും ചേക്കേറിയിരുന്നു. രണ്ട് എൻപിപി എംഎൽഎമാരും ഒരു കോൺഗ്രസ് എംഎൽഎയും ഒരു സ്വതന്ത്രനും അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. ഇക്കുറി തങ്ങൾ മേഘാലയയിൽ നില മെച്ചപ്പെടുത്തുമെന്നാണ് ബിജെപി കരുതുന്നത്.