ന്യൂഡൽഹി: മിസോറം നിയമസഭാ തിരഞ്ഞെടുപ്പുഫലം ഇന്ന് അറിയാം. മിസോ ജനതയിൽ കൂടുതലും ക്രൈസ്തവ വിശ്വാസികളാണെന്നതു പരിഗണിച്ച് ഞായറാഴ്ചത്തെ വോട്ടെണ്ണൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു. രാവിലെ എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. എട്ടരയോടെ ഫലസൂചന എത്തി തുടങ്ങും. പത്തു മണിയോടെ ചിത്രം തെളിയും. നവംബർ ഏഴിനായിരുന്നു സംസ്ഥാനത്തെ 40 നിയമസഭാ മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. മിസോറമിൽ ഭരണകക്ഷിയായ എം.എൻ.എഫും സെഡ്.പി.എമ്മും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരമാണെന്നാണ് എക്സിറ്റ്പോൾ പ്രവചനങ്ങൾ. ഭരണമാറ്റം ഉണ്ടാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

40 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തൂക്ക് സഭയാണ് എക്‌സിറ്റ് പോളുകൾ പ്രവചിക്കപ്പെട്ടത്. 80.66 ശതമാനമായിരുന്നു മിസോറാമിൽ പോളിങ് ശതമാനം. മണിപ്പൂർ കലാപം ഉൾപ്പടെ ചർച്ചയായ മിസോറാമിൽ ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് പ്രതിപക്ഷമായ സോറം പീപ്പിൾ മൂവ്‌മെന്റിൽ നിന്നും കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും വലിയ വെല്ലുവിളി നേരിടുന്നുണ്ട്. മുഖ്യമന്ത്രി സോറംതാംങ്കക്ക് തിരിച്ചടി ലഭിച്ചേക്കുമെന്നാണ് എക്‌സിറ്റ് പോളുകൾ പ്രവചിച്ചിരിക്കുന്നത്. 21 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കേന്ദ്ര സർക്കാരിലെ ഘടക കക്ഷിയാണ് സോറംതാംങ്കയുടെ പാർട്ടി. എന്നാൽ മിസോറാമിൽ ബിജെപിയുമായി സഖ്യം ഉണ്ടായിരുന്നില്ല.

ഡിസംബർ മൂന്ന് ഞായറാഴ്ച വോട്ടെണ്ണൽ നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിൽ പ്രതിഷേധിച്ച് എൻജിഒ കോർഡിനേഷൻ കമ്മിറ്റി (എൻജിഒസിസി) വെള്ളിയാഴ്ച മിസോറാമിൽ റാലികൾ സംഘടിപ്പിച്ചിരുന്നു. വോട്ടെണ്ണൽ തീയതി മാറ്റണമെന്ന് മിസോറാമിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും എൻജിഒസിസിയും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എതിർപ്പുകൾ രൂക്ഷമായ പശ്ചാത്തലത്തിലാണ് വോട്ടെണ്ണൽ തീയതി മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർബന്ധിതമായത്. സംസ്ഥാനത്ത് 40 നിയമസഭാ മണ്ഡലങ്ങളിലേക്ക് നവംബർ ഏഴിന് ഒറ്റ ഘട്ടമായാണ് മിസോറാമിൽ തെരഞ്ഞെടുപ്പ് നടന്നത്.

നാല് സംസ്ഥാനങ്ങളിലേക്ക് ഇന്നലെ നടന്ന വോട്ടണ്ണലിൽ മൂന്നിടത്തും ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിരുന്നു. തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസിന് ഭരണം ലഭിച്ചത്.