ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് തുടക്കമായി. ആദ്യഘട്ടമായി മിസോറാമിലും ഛത്തീസ് ഗഡിലും വോട്ടെടുപ്പ് ആരംഭിച്ചു. മിസോറാമിൽ 40 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. ഛത്തീസ് ഗഢിൽ രണ്ടു ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടമാണ് ഇന്ന് നടക്കുന്നത്. 90 അംഗ നിയമസഭയിൽ 20 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. ശേഷിക്കുന്ന 70 മണ്ഡലങ്ങളിലേക്ക് ഈ മാസം 17 ന് വോട്ടെടുപ്പ് നടക്കും. മാവോയിസ്റ്റ് ആക്രമണ ഭീതിക്കിടെയാണ് ഛത്തീസ്‌ഗഡിൽ തെരഞ്ഞെടുപ്പു നടക്കുന്നത്.

മാവോയിസ്റ്റ് സ്വാധീന മേഖലകളായ ബസ്തർ, ദന്തേവാഡ, സുക്മ, ബീജാപൂർ, കാങ്കീർ, രാജ്‌നന്ദഗാവ് നാരായൺപൂർ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ട വോട്ടെടുപ്പിൽ പോളിങ് ബൂത്തിലെത്തുന്നത്. കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. അർദ്ധ സൈനികവിഭാഗങ്ങളെയും സംസ്ഥാന പൊലീസിനെയും ജില്ലകളിൽ പൂർണ്ണമായും വിന്യസിച്ചിട്ടുണ്ട്. പ്രശ്‌നബാധിതമായ അറുനൂറ് പോളിങ് ബൂത്തുകളിൽ ത്രിതല സുരക്ഷ ഒരുക്കി. ഡ്രോൺ സുരക്ഷ അടക്കം ഏർപ്പെടുത്തിയിട്ടുണ്ട്.

കോൺഗ്രസും ബിജെപിയും തമ്മിലാണ് ഛത്തീസ് ഗഢിൽ പോരാട്ടം. അധികാരം നിലനിർത്താൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ, നഷ്ടമായ അധികാരം തിരിച്ചുപിടിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ബിജെപി നേതാവും മുന്മുഖ്യമന്ത്രിയുമായ രമൺ സിങ്, കോൺഗ്രസിലെ വിക്രം മാണ്ഡവി തുടങ്ങിയവർ ജനവിധി തേടുന്ന പ്രമുഖരിൽപ്പെടുന്നു.

മിസോറാമിൽ മിസോ നാഷണൽ ഫ്രണ്ടും കോൺഗ്രസും സോറം പീപ്പിൾസ് മൂവ്‌മെന്റും തമ്മിലാണ് മത്സരം. മിസോ നാഷണൽ ഫ്രണ്ടും കോൺഗ്രസും സോറം പീപ്പിൾസ് മൂവ്‌മെന്റും 40 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ബിജെപി 23 സീറ്റുകളിലാണ് മത്സരിക്കുന്നത്. ആം ആദ്മി പാർട്ടി നാലു സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.

മിസോറാമിൽ മുഖ്യമന്ത്രി സോറംതാംഗ രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. ഐസ്വാൾ നോർത്ത് 2 മണ്ഡലത്തിലെ ഐസ്വാൾ വെംഗ് ലായി വൈഎംഎ ഹാളിലെ പോളിങ്ബൂത്തിലെത്തിയാണ് മുഖ്യമന്ത്രി സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്.