പത്തനംതിട്ട: സംസ്ഥാനത്തെ എൻ.ഡി.എ.യുടെ പ്രചാരണവിഷയങ്ങളും അജൻഡയും എന്തെന്ന് ഇന്ന് വ്യക്തമാകും. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. പ്രചാരണത്തിന് ഊർജംപകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പത്തനംതിട്ടയിൽ എത്തും. പ്രധാന മണ്ഡലങ്ങളിലെ എൻ.ഡി.എ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണയോഗമാണിത്. ചില സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകാൻ സാധ്യത ഏറെയാണ്.

വെള്ളിയാഴ്ച 11-ഓടെ ജില്ലാസ്റ്റേഡിയത്തിലെ പൊതുസമ്മേളനവേദിയിൽ പ്രധാനമന്ത്രിയെത്തും. പത്തനംതിട്ടയിലെ എൻ.ഡി.എ. സ്ഥാനാർത്ഥി അനിൽ ആന്റണിക്കുപുറമേ സമീപമണ്ഡലങ്ങളിലെ എൻ.ഡി.എ. സ്ഥാനാർത്ഥികളും ആറ്റിങ്ങലിൽ മത്സരിക്കുന്ന കേന്ദ്രമന്ത്രി വി. മുരളീധരൻ, ബിജെപി. സംസ്ഥാനാധ്യക്ഷൻ കെ. സുരേന്ദ്രൻ, സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവഡേക്കർ അടക്കമുള്ളവരും സമ്മേളന വേദിയിലുണ്ടാകും. 19ന് പാലക്കാട്ട് പ്രധാനമന്ത്രി എത്തുന്നുണ്ട്. അവിടെ റോഡ് ഷോയിൽ പങ്കെടുക്കും. നേരത്തെ ആദ്യം പാലക്കാട് എത്തുമെന്നായിരുന്നു സൂചന. പിന്നീട് അത് പത്തനംതിട്ടയിലേക്ക് മാറ്റുകയായിരുന്നു.

റബറിന്റെ താങ്ങുവില ഉയർത്തുമെന്ന പ്രതീക്ഷയിലാണ് റബർ കർഷകർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പത്തനംതിട്ടയിലെ റാലിയിൽ പ്രഖ്യാപനത്തിന് സാധ്യത ഏറെയാണ്. താമസിയാതെ റബർ താങ്ങുവില 250 രൂപയാക്കുമെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. കേരളത്തിലെ ക്രൈസ്തവ വോട്ടുകൾ സ്വന്തമാക്കാൻ റബർ വിലയിലെ ഇടപെടൽ അനിവാര്യതയാണെന്ന് കേന്ദ്ര സർക്കാരിന് അറിയാം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന. കാട്ടുപന്നിയുടെ ആക്രമണവും കർഷകർ നേരിടുന്ന പ്രശ്‌നമാണ്. കാട്ടു പന്നിയെ വന്യജീവിയായി പ്രഖ്യാപിച്ച് അപകടകാരികളായ കാട്ടു പന്നികളെ വെടിവച്ച് കൊല്ലാനുള്ള നിയമ മാറ്റത്തിലും പ്രധാനമന്ത്രിയിൽ നിന്നും തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്.

അഗോള വിപണിയിലെ വില വർദ്ധനവിന്റെ പശ്ചാതലത്തിൽ റബർ വില വർദ്ധിപ്പിക്കാനാണ് തീരുമാനം. വിഷയത്തിൽ റബർ ബോർഡ് ഇടപെടുന്നുണ്ട്. തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് റബർ കയറ്റുമതി ചെയ്യാനുള്ള തീരുമാനത്തിലേക്ക് കേന്ദ്ര സർക്കാർ എത്തുന്നത്. അഗോള വിപണിയിൽ അടിക്കടി വില വർദ്ധിച്ചിട്ടും ആഭ്യന്തര മാർക്കറ്റിൽ വില വർദ്ധിപ്പിക്കാനുള്ള ഒരിടപെടലും ഉണ്ടായില്ലെന്ന പരാതി കർഷകർക്കുണ്ട്. റബർ ഉത്പാദക സംഘങ്ങളിൽ നിന്നും റബർ സംഭരിച്ച് കയറ്റുമതി ചെയ്യാനാണ് ബോർഡിന്റെ നീക്കം. ഇതിനൊപ്പം താങ്ങുവിലയും ഉയർത്തും. കോട്ടയത്ത് മത്സരിക്കണമെങ്കിൽ റബർ വില 250 ആയി വർദ്ധിപ്പിക്കണമെന്ന് തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു.

റബ്ബർ കയറ്റുമതി ചെയ്ത്, വിപണിയിൽ ഇടപെടണമെന്നാവശ്യവുമായി റബ്ബർ ഉത്പാദക സംഘങ്ങൾ രംഗത്തെത്തിയിരുന്നു. ആഗോള വിപണിയിൽ റബ്ബർ വില ഉയർന്ന സാഹചര്യത്തിലാണ് കർഷക സംഘടനകൾ ഈ ആവശ്യം മുന്നോട്ടുവച്ചത്. നിലവിൽ വർദ്ധനവിന്റെ യാതൊരു ആനുകൂല്യവും രാജ്യത്തെ റബ്ബർ കർഷകർക്ക് ലഭിക്കുന്നില്ലെന്നതാണ് വസ്തുത. ഇത് ക്രൈസ്തവ സഭകളേയും ചൊടിപ്പിക്കുന്നുണ്ട്. ബിജെപിക്ക് കേരളത്തിൽ വേരോട്ടമുണ്ടാകാൻ സഭകളുടെ പിന്തുണ അനിവാര്യതയാണ്. റബ്ബർ വിലയെന്ന ഒറ്റ അജണ്ടയാണ് അവർ പരസ്യമായി മുമ്പോട്ട് വയ്ക്കുന്നത്. പൗരത്വ നിയമം സജീവ ചർച്ചയാകുന്ന സമയത്ത് ക്രൈസ്തവ സഭകളെ ചേർത്തു നിർത്തിയാൽ അതിന്റെ ഗുണമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെ റബർ വില ഉയർത്തുന്നത് സ്വാധീനിക്കുമെന്നാണ് ബിജെപി വിലയിരുത്തൽ. ഇതിൽ പത്തനംതിട്ടയാണ് ബിജെപിയുടെ എ ക്ലാസ് മണ്ഡലം. എകെ ആന്റണിയുടെ മകനായ അനിൽ ആന്റണിയെ ഇവിടെ സ്ഥാനാർത്ഥിയാക്കുന്നത് വ്യക്തമായ പദ്ധതികളുടെ ഭാഗമാണ്. ദേശീയ തലത്തിൽ അനിൽ ആന്റണിയുടെ സ്ഥാനാർത്ഥിത്വം കോൺഗ്രസിനെതിരെ ബിജെപി ചർച്ചയാക്കും. അതുകൊണ്ടാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷമുള്ള മോദിയുടെ ആദ്യ പൊതുയോഗം പത്തനംതിട്ടയിലാകുന്നത്. പിസി ജോർജ് ഉയർത്തിയ വെല്ലുവിളികളെ ബിജെപി ദേശീയ നേതൃത്വം ഇടപെട്ട് പരിഹരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പത്തനംതിട്ട ബിജെപിയിലെ എല്ലാ പ്രശ്നവും മോദിയുടെ വരവോടെ തീരുമെന്നാണ് പാർട്ടി വിലയിരുത്തൽ.

റബ്ബറിന്റെ വില ഉയർത്തുന്ന തീരുമാനം മോദി പ്രഖ്യാപിച്ചാൽ അത് പത്തനംതിട്ടയെ അകെ സ്വാധീനിക്കുമെന്നും വലിയിരുത്തലുണ്ട്. അന്താരാഷ്ട്ര വിലയുമായി ബന്ധപ്പെട്ട സിപിഎം ചർച്ചകളും ബിജെപിയുടെ നേട്ടം കുറയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.