പാലക്കാട് : പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തും. മോദി ഈ മാസം 15ന് ആറ്റിങ്ങലും കുന്നംകുളത്തും എൻഡിഎ പൊതുപരിപാടികളിൽ പങ്കെടുക്കും. രണ്ടിടത്തും പൊതുസമ്മേളനമായിരിക്കുമെന്നാണു വിവരം. സന്ദർശനം സംബന്ധിച്ചു നേതൃത്വത്തിനു ഔദ്യോഗിക വിവരം ലഭിച്ചു. കോഴിക്കോട്ടും മോദി എത്തിയേക്കും. ത്രികോണമത്സരം നടക്കുന്ന തൃശൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പ്രചരണത്തിനു സഹായമാകുന്ന രീതിയിലാണ് ആലത്തൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന കുന്നംകുളം പരിപാടിക്കു പരിഗണിക്കുന്നത്. തൃശൂരിലെ പ്രവർത്തകരും ഇവിടെ പരിപാടിക്ക് പങ്കെടുക്കും.

അതിനിടെ ഇരിങ്ങാലക്കുടയിൽ നിന്നും കരുവന്നൂരിൽ മോദിയുടെ റോഡ് ഷോയും ബിജെപി ലക്ഷ്യമിടുന്നുണ്ട്. എന്നാൽ സുരക്ഷാ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം വരൂ. 19ന് വോട്ടെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിൽ 10ന് കോയമ്പത്തൂർ മേട്ടുപാളയത്താണ് പ്രധാനമന്ത്രിയുടെ പരിപാടി. ആറ്റിങ്ങലിൽ കേന്ദ്രമന്ത്രി വി.മുരളീധരനാണ് എൻഡിഎ സ്ഥാനാർത്ഥി. ആറ്റിങ്ങലും ബിജെപി പ്രാധാന്യത്തോടെ കാണുന്നതിന് തെളിവാണ് മോദിയുടെ വരവ്.

തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കും. കരുവന്നൂർ സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ഇ.ഡി. റെയ്ഡും സിപിഎം നേതാക്കളെ ചോദ്യം ചെയ്യലും ഉൾപ്പെടെ നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വരവ് എന്നതും ശ്രദ്ധേയമാണ്. തമിഴ്‌നാട്ടിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ മത്സരിക്കുന്ന കോയമ്പത്തൂർ മണ്ഡലവുമായി ബന്ധപ്പെട്ട് ഇതു മൂന്നാം തവണയാണു പ്രധാനമന്ത്രിയുടെ സന്ദർശനം.

ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കാനുള്ള പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ തീരുമാനമാണ് പ്രധാനമന്ത്രിയുടെ അടിക്കടിയുള്ള സന്ദർശനത്തിന് പിന്നിൽ. ഇനിയും കേരളത്തിൽ മോദി എത്താൻ സാധ്യതയുണ്ട്. ആലപ്പുഴയിലും മോദിയുടെ പ്രചരണം വേണമെന്ന ആവശ്യം ശക്തമാണ്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് കേരളത്തിൽ സിപിഎമ്മിനെതിരെയും പ്രതിപക്ഷം പ്രതികരിക്കുന്നില്ലെന്ന തരത്തിൽ കോൺഗ്രസിനെതിരെയും പ്രചാരണായുധമാക്കാനാണ് ബിജെപിയുടെ നീക്കം. കേസിൽ ഇഡി ഇടപെടൽ സജീവമായതിന് പിന്നാലെ തന്നെ ബിജെപിയുടെ രാഷ്ട്രീയ നീക്കമാണിതെന്ന തരത്തിൽ കേരളത്തിൽ നിന്ന് പ്രതിരോധമുയർന്നിരുന്നു.

കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പികെ ബിജു, സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്, കൗൺസിലർ പികെ ഷാജൻ എന്നിവരെ ഇഡി മണിക്കൂറുകളോളം ഇക്കഴിഞ്ഞ ദിവസങ്ങളിലായി ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് തന്നെ തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ ആദായനികുതി വകുപ്പ് റെയ്ഡും നടന്നിരുന്നു. അടുത്ത ദിവസവും ബിജുവിനും വർഗ്ഗീസിനും ഇഡിക്ക് മുമ്പിൽ ഹാജരാകേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ മോദി കേരളത്തിൽ വീണ്ടും എത്തുന്നുവെന്നതാണ് ശ്രദ്ധേയം.

കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നും ഇവ വഴി കോടികളുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നുമാണ് ഇഡി വാദം. എന്നാൽ ഈ ആരോപണങ്ങളെല്ലാം സിപിഎം നിഷേധിക്കുകയാണ് ചെയ്തിട്ടുള്ളത്.