- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പരാമർശത്തിൽ തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷൻ എടുത്തിട്ടില്ലെന്ന് സൂചന. മോദിക്ക് ക്ലീൻ ചിറ്റ് നൽകിയത് മറ്റ് പ്രസംഗങ്ങളിലാണ്. രാമക്ഷേത്രത്തെ കുറിച്ചു പ്രധാനമന്ത്രി നടത്തിയ പരാമർശത്തിൽ ചട്ടലംഘനമില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തർപ്രദേശിലെ പിലിബിത്തിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമർശം. ഇതാണ് കമ്മീഷൻ പരിശോധിച്ചത്.
കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് കമ്മീഷൻ നിലപാടെടുത്തത്. പ്രചാരണ റാലികളിൽ മോദി മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന പരാതി പരിഗണിക്കുകയായിരുന്നു കമ്മീഷൻ. രാജസ്ഥാനിൽ നടത്തിയ പ്രസംഗത്തിൽ മുസ്ലീങ്ങൾക്കെതിരായ പരാമർശം സംബന്ധിച്ച പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണനക്കെടുത്തില്ല. കോൺഗ്രസ് അധികാരത്തിലേറിയാൽ മുസ്‌ലിംകൾക്ക് സ്വത്ത് വീതിച്ചു നൽകുമെന്ന മോദിയുടെ പ്രസംഗമാണു കൂടുതൽ വിവാദമായത്. കോൺഗ്രസ് വന്നാൽ 'കൂടുതൽ കുട്ടികളുള്ളവർക്ക്' സ്വത്തു വീതിച്ചു നൽകുമെന്നാണു രാജസ്ഥാനിലെ ബൻസ്വാഡയിൽ മോദി പറഞ്ഞത്.
തിങ്കളാഴ്ച യുപിയിലും ഇന്നലെ ഛത്തീസ്‌ഗഡിലും സമാനമായ പരാമർശങ്ങൾ മോദി തുടർന്നു. ഈ പരാമർശത്തിനെതിരേയും പ്രതിപക്ഷം പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ ഇനിയും കമ്മീഷൻ നിലപാട് വിശദീകരിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ നടത്തിയ പ്രസംഗത്തിലെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട പരാതിയിൽ അദ്ദേഹത്തിനെതിരേ നടപടി എടുക്കേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക തീരുമാനം എന്നും സൂചനയുണ്ട്. തിരക്കുപിടിച്ച് നടപടി വേണ്ടെന്നാണ് കമ്മീഷന്റെ തീരുമാനം.
രാമക്ഷേത്രത്തെ കുറിച്ചുള്ള മോദിയുടെ പരാമർശത്തിൽ ചട്ടലംഘനമില്ല എന്ന് നിരീക്ഷിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ മുസ്ലിം വിഭാഗങ്ങളെ സംബന്ധിച്ച വിവാദ പരാമർശം പരിഗണിച്ചില്ല. അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും ചട്ടലംഘനം അല്ല. മോദിയുടെ പ്രസംഗം മത വിഭാഗങ്ങൾക്ക് ഇടയിൽ സ്പർദ്ധ വളർത്തിയിട്ടില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു.
രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് മോദി വിദ്വേഷ പരാമർശം നടത്തിയത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്ത് മുസ്ലിംകൾക്ക് വീതിച്ച് നൽകുമെന്നായിരുന്നു മോദിയുടെ പരാമർശം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നൽകുമെന്നും, അതിന് നിങ്ങൾ തയാറാണോ എന്നുമാണ് മോദി പ്രസംഗത്തിനിടെ ചോദിച്ചത്.
വിവാദ പരാമർശത്തിനെതിരേ കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു. മോദിയുടേത് വിദ്വേഷ പ്രസംഗമാണെന്നും അതിലൂടെ ജനശ്രദ്ധ തിരിക്കുകയാണെന്നും കോൺഗ്രസ് ദേശീയധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തിന്റെ അന്തസ് ഇത്രത്തോളം താഴ്‌ത്തിയ ഒരാൾ ചരിത്രത്തിൽ വേറെയില്ലെന്നും അദ്ദേഹം വിമർശിച്ചു.
പ്രധാനമന്ത്രിയുടേത് വർഗീയവാദികളുടെ ഭാഷയാണ്, ഒരു വിഭാഗത്തിനെതിരേ വിദ്വേഷം പ്രചരിപ്പിച്ച് വോട്ട് വാങ്ങുന്നു, ഏകാധിപതി നിരാശയിലെന്നുമാണ് സിപിഎം സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. പ്രതിപക്ഷത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ അവഗണിക്കുകയും മോദിക്കും ബിജെപിക്കും സർവസ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുകയാണെന്ന് തൃണമൂൽ കോൺഗ്രസും വിമർശിച്ചിരുന്നു.