മുംബൈ: രാഹുൽ ഗാന്ധിയെ പരിഹസിച്ചും, വിമർശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിൽ തോൽക്കുമെന്ന് മോദി മഹാരാഷ്ട്രയിലെ നന്ദേഡിൽ തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ പറഞ്ഞു. അമേഠിയിൽ നിന്നും ഭയപ്പെട്ട് ഓടിയതുപോലെ വയനാട്ടിൽ നിന്നും രാഹുലിന് ഓടേണ്ടി വരും. ചിലർ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭ തിരഞ്ഞെടുക്കുന്നുവെന്നും സോണിയ ഗാന്ധിയെ ലാക്കാക്കി മോദി പറഞ്ഞു

' അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ ഷഹ്സാദ (രാജകുമാരൻ) വയനാട്ടിലും തോൽക്കും. ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും'

'ചിലർക്ക് ലോക്‌സഭയിലേക്ക് മത്സരിക്കാൻ ധൈര്യമില്ല. പരസ്പര വിശ്വാസം നഷ്ടപ്പെട്ട മുന്നണിയാണ് ഇന്ത്യാ സഖ്യം. ഇന്ത്യാ സഖ്യത്തിലെ പാർട്ടികൾ തമ്മിൽ തമ്മിലടിക്കുകയണ്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ത്യാ മുന്നണി തകരും. ഞാൻ വോട്ടർമാരോട് പറയുന്നത് അവരുടെ ഇഷ്ടം പോലെ എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്നാണ്. എൻഡിഎയ്ക്ക് വോട്ട് ചെയ്യണം. ദരിദ്രരുടെയും ദളിതരുടെയും തൊഴിലാളികളുടെയും കർഷകരുടെയും വികസനത്തിനു മുന്നിൽ കോൺഗ്രസ് എന്നും മതിലായി നിലകൊള്ളുകയാണ്.

ഇന്നും എൻഡിഎ സർക്കാർ പാവപ്പെട്ടവർക്കുവേണ്ടി എന്തെങ്കിലും ചെയ്താൽ കോൺഗ്രസ് അതിനെ പരിഹസിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ച് 6 പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ഞങ്ങൾ കോടിക്കണക്കിന് പാവപ്പെട്ട സ്ത്രീകൾക്ക് ശുചിമുറി നൽകാനുള്ള ഒരു പദ്ധതി ആരംഭിച്ചു. അക്കാലത്ത് കോൺഗ്രസിലെയും ഇന്ത്യാ സഖ്യത്തിലെയും നേതാക്കൾ കളിയാക്കുകയാണ് ചെയ്തത്" നരേന്ദ്ര മോദി പറഞ്ഞു.

"ഇന്ത്യ സഖ്യത്തിന് എപ്പോഴെങ്കിലും നിങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമോ? കോൺഗ്രസിന്റെ നിലപാടു മൂലം കർഷകർ ദുർബലരായി. ലക്ഷക്കണക്കിന് യുവാക്കൾക്ക് നാടുവിടേണ്ടി വന്നു. ആർട്ടിക്കിൾ 370ൽ നിന്ന് കശ്മീരിനു സ്വാതന്ത്ര്യം ലഭിക്കുമെന്ന് മോദി ഉറപ്പ് നൽകിയിരുന്നു. ആർട്ടിക്കിൾ 370 ചരിത്രമായി. സമ്പദ്വ്യവസ്ഥയെ കുഴിയിൽ നിന്ന് കരകയറ്റുമെന്ന് ഉറപ്പു നൽകി. ഇന്ന് ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. ഇന്ന് അയോധ്യയിൽ മഹാക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു. മുത്തലാഖിൽ നിന്നും സഹോദരിമാർക്ക് മോചനം നൽകി" നരേന്ദ്ര മോദി പറഞ്ഞു.

നേരത്തെ 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. തന്റെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ രാജ്യത്തിനായി വലിയ പദ്ധതികളുണ്ടെന്ന് പറയുമ്പോൾ ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. ആരെയും ഭയപ്പെടുത്താനോ അടിച്ചമർത്താനോ ഉദ്ദേശിച്ചല്ല, മറിച്ച് 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് തന്റെ പരാമർശങ്ങൾ വിശദീകരിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു.