ന്യൂഡൽഹി: രാഹുൽ ഗാന്ധി റായ്ബറേലി മണ്ഡലത്തിൽ നിന്നും ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെയും രാഹുലിനെയും പരിഹസിച്ചു കൊണ്ടാണ് മോദി രംഗത്തുവന്നത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലം ഇതോടെ വ്യക്തമായെന്ന് മോദി പറഞ്ഞു. വയനാട് കൂടാതെ രാഹുൽ മറ്റൊരു മണ്ഡലത്തിൽ കൂടി മത്സരിക്കുമെന്ന് മുമ്പ് നടത്തിയ പ്രസ്താവനയും മോദി ചൂണ്ടിക്കാട്ടി. പശ്ചിമബംഗാളിലെ ബർദമാനിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോദിയുടെ പ്രതികരണം.

തെരഞ്ഞെടുപ്പിന്റെ ഫലം ഇപ്പോൾ വ്യക്തമാണ്. ഇനി അഭിപ്രായ സർവേയുടെ ആവശ്യമില്ല. ഞാൻ ഇത് നേരത്തെ പറഞ്ഞതാണ് വയനാട് സീറ്റിൽ തോൽക്കുമെന്നതിനാൽ രാഹുൽ മറ്റൊരു മണ്ഡലത്തിൽ കൂടി മത്സരിക്കുമെന്ന്. ഇപ്പോൾ അമേഠിയിൽ മത്സരിക്കാൻ ഭയപ്പെട്ട് രാഹുൽ റായ്ബറേലിയിലേക്ക് ഓടി പോയിരിക്കുകയാണെന്നും മോദി പറഞ്ഞു.

അതേസമയം റായ്ബറേലിയിൽ മത്സരിക്കുന്ന രാഹുലിനെ വിമർശിച്ചു കൊണ്ട് സിപിഐ നേതാവ് ആനി രാജ രംഗത്തുവന്നിരുന്നു. റായ്ബറേലിയിൽ മത്സരിക്കുമെന്ന കാര്യം രാഹുൽ ഗാന്ധിക്ക് വയനാട്ടിലെ ജനങ്ങളെ അറിയിക്കാമായിരുന്നുവെന്ന് ആനി രാജ. അക്കാര്യം മറച്ചുവെച്ച് രാഹുൽ ഗാന്ധി വയനാട്ടിലെ വോട്ടർമാരോട് നീതികേട് കാണിച്ചുവെന്നും ആനി രാജ പറഞ്ഞു.

രാഹുലിന്റെ നടപടി രാഷ്ട്രീയ ധാർമികതക്ക് നിരക്കാത്തതാണ്. പാർലമെന്ററി ജനാധിപത്യത്തിൽ ഒരാൾക്ക് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാം. അത് സ്ഥാനാർത്ഥികളുടെ അവകാശമാണ്. എന്നാൽ രണ്ട് മണ്ഡലങ്ങളിലും വിജയിച്ചാൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് രാജിവെക്കേണ്ടി വരും. ഏത് മണ്ഡലത്തിൽ നിന്ന് രാജിവച്ചാലും ആ മണ്ഡലത്തിൽ അദ്ദേഹത്തെ വിജയിപ്പിച്ച വോട്ടർമാരോടുള്ള അനീതിയാണത്. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന കാര്യം പെട്ടെന്നെടുത്ത തീരുമാനമായിരിക്കില്ല. ഇതിനായുള്ള ചർച്ചകൾ പാർട്ടി ആഴ്ചകൾക്കു മുന്നേ തുടങ്ങിയിട്ടുണ്ടാകും. തീരുമാനമായിട്ടില്ലെങ്കിലും ഒരു മണ്ഡലത്തിൽ കൂടി മത്സരിക്കുന്നത് ചർച്ചയിലുണ്ട് എന്ന് പറയാൻ രാഹുലിന് ധാർമികമായ ബാധ്യതയുണ്ടായിരുന്നുവെന്നും ആനി രാജ ഓർമിപ്പിച്ചു.

രാഹുൽ എപ്പോഴും പറയുന്നത് വയനാടിനോട് വൈകാരിക ബന്ധമുണ്ടെന്നാണ് മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ലെങ്കിലും പോലും വൈകാരിക ബന്ധമുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം വയനാട്ടിൽ രണ്ടാമതും മത്സരിച്ചത്. സന്ദർഭത്തിന് അനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന വൈകാരികതയാണോ അതെന്ന് കോൺഗ്രസ് പറയണമെന്നും ആനി രാജ ആവശ്യപ്പെട്ടു. വയനാട്ടിൽ രാഹുലിന്റെ എതിർ സ്ഥാനാർത്ഥിയായിരുന്നു ആനി രാജ.

ആഴ്ചകൾ നീണ്ട സസ്‌പെൻസിനൊടുവിലാണ് ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർ പ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽ മത്സരിക്കുമെന്ന് കോൺഗ്രസ് അറിയിച്ചത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാൽ ശർമ അമേഠിയിലും സ്ഥാനാർത്ഥിയാകും. രണ്ട് മണ്ഡലങ്ങളിലേക്കും നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതിയിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

1952 മുതൽ ഗാന്ധി കുടുംബത്തോടൊപ്പമുള്ള സീറ്റാണ് റായ്ബറേലി. 2019ലെ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസ് വിജയിച്ച ഏക ലോക്സഭാ സീറ്റാണ് റായ്ബറേലി. രാജ്യസഭ അംഗമായതിനെ തുടർന്നാണ് റായ്ബറേലിയിൽ മത്സരിക്കുന്നതിൽനിന്നും സോണിയ ഗാന്ധി പിന്മാറിയത്.