മുംബൈ: താൻ പോലും ഉപയോഗിക്കാത്ത ഭാഷയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽ ഗാന്ധിയെ വിമർശിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരത്തിലുള്ള ഒരു സഖ്യത്തെ എങ്ങനെയാണ് ജനങ്ങൾ വിശ്വസിക്കുകയെന്നും അദ്ദേഹം ആരാഞ്ഞു. മഹാരാഷ്ട്രയിലെ നാന്ദെഡിൽ തിരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

25 ശതമാനം ലോക്‌സഭാ സീറ്റുകളിൽ ഇന്ത്യാ സഖ്യത്തിലെ കക്ഷികൾ തമ്മിൽ മത്സരിക്കുകയാണ്. ഇപ്പോഴത്തെ സ്ഥിതി ഇതാണെങ്കിൽ തിരഞ്ഞെടുപ്പിനുശേഷം ഇവർ എന്തുചെയ്യും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ രാജ്യത്തെ ജനങ്ങൾ ബിജെപി നയിക്കുന്ന എൻ.ഡി.എ.യ്ക്കുവേണ്ടി വോട്ട് ചെയ്തതായി പ്രധാനമന്ത്രി അവകാശപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര ഏജൻസികൾ ഒന്നും ചെയ്യുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ വാദത്തിനെ മുഖ്യമന്ത്രി കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. രാഹുൽ ഗാന്ധി നേരത്തേയുള്ള പേരിൽനിന്ന് മാറിയിട്ടില്ലെന്ന അവസ്ഥ ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചോദ്യംചെയ്യൽ നേരിടാത്തവരല്ല ഞങ്ങളൊന്നും. അന്വേഷണമെന്ന് കേട്ടപ്പോൾ ഞങ്ങളാരും ബോധംകെട്ട് പോയിട്ടില്ല. ജയിലെന്ന് കേട്ടാൽ അശോക് ചവാനെ പോലെ അയ്യയ്യോ എന്ന് പറയുന്നവരല്ല തങ്ങളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.