ന്യൂഡൽഹി: തെരഞ്ഞെടുപ്പു പ്രഖ്യാപിക്കാനിരിക്കവേ ജനങ്ങൾക്കു തുറന്ന കത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് പ്രധാനമന്ത്രിയുടെ കത്ത്. ജനങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റമാണു കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടമെന്നും പാവപ്പെട്ടവരുടെയും കർഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയം ജീവിതത്തിന്റെ ഗുണ മേന്മ ലക്ഷ്യം വെച്ചുള്ള സർക്കാരിന്റെ പ്രവർത്തനമാണ് ജനങ്ങളുടെ ജീവിതത്തിലുണ്ടായ പരിവർത്തനത്തിന്റെ കാരണമെന്നും പ്രധാനമന്ത്രി കത്തിൽ പറയുന്നു.

'പ്രിയപ്പെട്ട കുടുംബം' എന്ന അഭിസംബോധനയോടെയാണ് കത്ത് തുടങ്ങുന്നത്. വികസിത് ഭാരത് സങ്കൽപ് എന്ന പേരിലുള്ള വാട്‌സ്ആപ്പ് അക്കൗണ്ടിൽനിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്. കശ്മീരിന്റെ പ്രത്യേകാധികാരം ഒഴിവാക്കിയതും ജി.എസ്.ടി നടപ്പാക്കിയതും ഉൾപ്പെടെ കഴിഞ്ഞ പത്തു വർഷത്തിനിടെ മോദി സർക്കാർ കൈക്കൊണ്ട തീരുമാനങ്ങൾ എണ്ണിപ്പറഞ്ഞാണ് കത്തുള്ളത്. 'മോദി കുടുംബം' ക്യാംപെയിന്റെ ഭാഗമായാണ് കത്ത്.

നിങ്ങളുടെ വിശ്വാസവും പിന്തുണയും ഉള്ളതിനാലാണു ജിഎസ്ടി നടപ്പാക്കൽ, ആർട്ടിക്കിൾ 370 എടുത്തുകളയൽ, മുത്തലാഖിൽ പുതിയ നിയമം, തീവ്രവാദത്തിനും ഇടത് തീവ്ര ബോധത്തിനും എതിരെ കരുത്തുറ്റ ചുവടുകൾ, നാരീ ശക്തി വന്ദൻ നിയമം, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം തുടങ്ങിയ പ്രധാന തീരുമാനങ്ങൾ എടുക്കാൻ സാധിച്ചത്. രാജ്യത്തിന്റെ ക്ഷേമത്തിനു വേണ്ടി ധീരമായ തീരുമാനങ്ങൾ എടുക്കാൻ സാധിച്ചതിനു പിന്നിൽ ജനങ്ങളുടെ പിന്തുണയാണുള്ളതെന്നും കത്തിൽ പ്രധാനമന്ത്രി പറയുന്നു.

പ്രധാനമന്ത്രി ആവാസ് യോജന വഴിയുള്ള വീടുകൾ, എല്ലാവർക്കും വൈദ്യുതി, വെള്ളം, എൽ.പി.ജി, ആയുഷ്മാൻ ഭാരത് വഴി സൗജന്യ ചികിത്സ, കർഷകർക്ക് ധനസഹായം, മാതൃ വന്ദന യോജന വഴി സ്ത്രീകൾക്ക് സഹായം തുടങ്ങിയവ സാധ്യമായെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

പൊതുജനങ്ങളുടെ പങ്കാളിത്തമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും മോദി കത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രിയപ്പെട്ട കുടുംബാംഗം എന്ന അഭിസംബോധനയോടെ തുടങ്ങുന്ന കത്ത്, രാജ്യത്തെ പുതിയ ഉയരങ്ങിലെത്തിക്കാൻ സാധിക്കുമെന്ന പ്രത്യാശയിൽ അവസാനിക്കുന്നു.