- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ വിഷുവിന് മോദി കേരളത്തിലോ?
തൃശൂർ: തൃശൂരിൽ ജയിക്കണമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും എത്തണമെന്ന് ആവശ്യം. തൃശൂരിലും ആലപ്പുഴയിലും മോദിയെ എത്തിക്കാനാണ് ശ്രമം. വിഷു ആഘോഷം പൊളിക്കാൻ മോദിയെ കേരളത്തിലെത്തിക്കാനാണ് നീക്കം. ഇതിലൂടെ മലയാളികളുടെ ആകെ മനസ്സ് പിടിക്കാൻ ബിജെപിക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. കൈ നീട്ടവുമായി മോദി എത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ പ്രചരണത്തിന് ഇത്തവണയും മോദി എത്തില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസ്ഥാനത്തെത്തിച്ച് കരുവന്നൂർ ബാങ്ക് തട്ടിപ്പ് മുഖ്യ പ്രചാരണവിഷയമാക്കാൻ ബിജെപി നീക്കം. 15ന് മോദിയെ കരുവന്നൂരിന് സമീപമുള്ള ഇരിങ്ങാലക്കുടയിലേക്ക് എത്തിച്ച് പൊതുസമ്മേളനം സംഘടിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് നേതാക്കൾ. കരുവന്നൂരിൽ ഇഡി നിർണ്ണായക നീക്കത്തിലാണ്. സിപിഎമ്മിന്റെ ഒരു ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചു. ഈ സാഹചര്യത്തിലാണ് മോദിയെ എത്തിച്ച് വിഷയം ആളി കത്തിക്കാനുള്ള നീക്കം.
കരുവന്നൂരിൽ സാധാരണജനങ്ങളുടെ പണം കവർന്നതാണെന്ന പൊതുവികാരം മോദിയെ എത്തിച്ച് ചർച്ചയാക്കാനാണ് ശ്രമം. 15ന് ആലത്തൂർ മണ്ഡലത്തിന്റെ ഭാഗമായുള്ള കുന്നംകുളത്ത് പ്രധാനമന്ത്രിയെ എത്തിച്ച് പരിപാടി സംഘടിപ്പിക്കാനാണ് ബിജെപി സംസ്ഥാനനേതൃത്വം ആലോചിക്കുന്നത്. എന്നാൽ കുന്നംകുളത്തിന് പകരമായി ഇരിങ്ങാലക്കുടയിലേക്ക് മോദി എത്തണമെന്നാണ് ബിജെപി തൃശൂർ ജില്ലാ നേതൃത്വം ആഗ്രഹിക്കുന്നത്. ഇരിങ്ങാലക്കുടയിൽ നിന്നും കരുവന്നൂരിലേക്ക് മോദിയുടെ റോഡ് ഷോ നടത്താനും ആലോചനയുണ്ട്.
കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജു, സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, കൗൺസിലർ പി.കെ.ഷാജൻ എന്നിവരെ ഇ.ഡി മണിക്കൂറുകളോളം ഇക്കഴിഞ്ഞ ദിവസങ്ങളിലായി ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തുകയും സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ തൃശൂരിൽ വീണ്ടും മോദി എത്തണമെന്നതാണ് ആവശ്യം. ഇതിനൊപ്പം ആലപ്പുഴയിലെ സാധ്യതകൾ സജീവമാക്കാനും മോദിയുടെ സാന്നിധ്യ അനിവാര്യതയാണ്.
ധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കരുവന്നൂരിലേക്ക് എത്തുമെന്ന് തന്നെയാണ് സൂചന. പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ച് സംസ്ഥാന ഇന്റലിജൻസിനോട് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്‌പി.ജി) റിപ്പോർട്ട് തേടി. കേന്ദ്ര ഏജൻസികൾ കരുവന്നൂരിൽ പിടി മുറുക്കുന്നതിനിടെയാണ് മോദി കരുവന്നൂരിലേക്ക് എത്തുന്നത്. തൃശൂരിലെ ബിജെപി. സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മോദി എത്തുന്നത്. കരുവന്നൂരിനോട് ചേർന്ന് ഇരിങ്ങാലക്കുടയിൽ വേദിയൊരുക്കാനാണ് നീക്കം.
ആലത്തൂരിലെ ബിജെപി. സ്ഥാനാർത്ഥി ഡോ. ടി.എൻ. സരസുവിന്റെ പ്രചാരണത്തിനും മോദി എത്തിയേക്കും. കുന്ദംകുളത്ത് നരേന്ദ്ര മോദി പങ്കെടുക്കുന്ന പൊതുസമ്മേളനം സംഘടിപ്പിക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്. ഇതിനൊപ്പമാണ് ആലപ്പുഴയിലും പൊതുയോഗം വേണമെന്ന ആവശ്യം.