പാലക്കാട്: പാലക്കാട് ആവേശം വിതറി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ റോഡ് ഷോയ്ക്ക് വൻ ജനപങ്കാളിത്തം. കേരളത്തിൽ തുടർച്ചയായി മോദി എത്തുന്നത് ബിജെപിയുടെ പ്രചരണത്തിന് കരുത്ത് പകരാനാണ്.

രാവിലെ 10.20 ന് കോയമ്പത്തൂരിൽ നിന്ന് പാലക്കാട് മേഴ്സി കോളെജ് മൈതാനത്തിലെത്തിയ മോദി റോഡ് മാർഗം അഞ്ചുവിളക്കിലെത്തി അവിടെ നിന്നും റോഡ് ഷോയിൽ പങ്കെടുത്തു. റോഡിന് ഇരുവശവും പ്രവർത്തകരെ കൊണ്ടു നിറഞ്ഞു. പുഷ്പാലങ്കൃതമായ തുറന്ന വാഹനത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, പാലക്കാട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കൊപ്പമായിരുന്നു റോഡ് ഷോ.

തെരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ചുള്ള മോദിയുടെ കേരളത്തിലെ ആദ്യറോഡ് ഷോയാണ് പാലക്കാട്ട് നടന്നത്. അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലായിരുന്നു റോഡ് ഷോ. 30 മിനിറ്റായിരിക്കും റോഡ് ഷോ. എൻഡിഎ വലിയ പ്രതീക്ഷയോടെ കാണുന്ന പാലക്കാട് മണ്ഡലം സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. അതീവ സുരക്ഷയിലായിരുന്നു റോഡ് ഷോ.

ബിജെപി കേരള പ്രഭാരി പ്രകാശ് ജാവേദ്ക്കർ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, പാലക്കാട്, പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും ചേർന്ന് മോദിയെ പാലക്കാട് സ്വീകരിച്ചു. റോഡ് ഷോയിൽ പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു.

30 മിനിറ്റോളം റോഡ് ഷോ നടന്നു. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണ കുമാർ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, മലപ്പുറം സ്ഥാനാർത്ഥി നിവേദിത സുബ്രഹ്‌മണ്യം തുടങ്ങിയവർ അദ്ദേഹത്തിനൊപ്പം റോഡ് ഷോയിൽ പങ്കുചേർന്നു. 39 ഡിഗ്രി സെൽഷ്യസ് ചൂടിലും ഉയർന്ന ആവേശത്തോടെയാണ് പ്രവർത്തകർ മോദിയെ സ്വീകരിച്ചത്. റോഡ് ഷോയ്ക്ക് പ്രധാനമന്ത്രി തമിഴ്‌നാട്ടിലേക്ക് പോയി.