ന്യൂഡൽഹി: മോദിയുടെ ഗ്യാരണ്ടി എന്ന തെരഞ്ഞെടുപ്പു മുദ്രവാക്യവുമായാണ് ബിജെപി ഇക്കുറി പൊതുതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. മോദിയുടെ പോപ്പുലാരിറ്റി വോട്ടാക്കുക എന്നതു തന്നെയാണ് അവരുടെ തന്ത്രം. ഈ തന്ത്രം ഇതിനോടകം തന്നെ വിജയം കണ്ടുവെന്ന സൂചനകളാണ് സർവേകളിൽ നിന്നും വ്യക്തമാകുന്നതും. ബിജെപി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്ന സർവേകളിൽ മോദിയുടെ പോപ്പുലാരിറ്റിയും ഉയർന്നു തന്നെയാണ് എന്ന് വ്യക്തമാക്കുന്നു.

രാജ്യത്തെ അടുത്ത പ്രധാനമന്ത്രിയാകാൻ ഏറ്റവും യോഗ്യതയുള്ള വ്യക്തി നരേന്ദ്ര മോദിയാണെന്ന് ന്യൂസ് 18 മെഗാ ഒപ്പീനിയൻ പോൾ ഫലത്തിൽ വ്യക്തമാകുന്നത്. 21 സംസ്ഥാനങ്ങളിലെ 518 ലോക്‌സഭാ മണ്ഡലങ്ങളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഫലം പുറത്ത് വന്നിരിക്കുന്നത്. മൂന്നാം തവണയും മോദി തന്നെ ഇന്ത്യയുടെ പ്രധാനമന്ത്രിയാവണമെന്നാണ് സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്.

സർവേയിൽ പങ്കെടുത്ത 59 ശതമാനം പേരും രാജ്യത്തെ ഏറ്റവും കരുത്തുറ്റ നേതാവായി കണക്കാക്കുന്നത് നരേന്ദ്ര മോദിയെയാണ്. നരേന്ദ്ര മോദിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ്. ഇന്ത്യ സഖ്യത്തിന്റെ മുഖമായ രാഹുൽ ഗാന്ധി പക്ഷേ വളരെ പിന്നിലാണെന്നാണ് സർവേഫലം സൂചിപ്പിക്കുന്നത്. 21 ശതമാനം പേർ മാത്രമാണ് രാഹുൽ അടുത്ത പ്രധാനമന്ത്രിയാവാൻ യോഗ്യനാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.

തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയാണ് മൂന്നാം സ്ഥാനത്തുള്ളത്. ആം ആംദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും മമതക്കൊപ്പം മൂന്നാം സ്ഥാനം പങ്കുവെക്കുന്നു. ഇരുവർക്കും 9 ശതമാനം പേരുടെ മാത്രം പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. പ്രതിപക്ഷ മുന്നണിയായ ഇൻഡി സഖ്യത്തിന്റെ നേതാക്കളാണ് മമതയും കെജ്രിവാളും.

2014ലാണ് നരേന്ദ്ര മോദി ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രിയാവുന്നത്. 2019ൽ തുടർച്ചയായി രണ്ടാം തവണയും എൻഡിഎ അധികാരത്തിലെത്തിയപ്പോൾ മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം തവണയും മോദി പ്രധാനമന്ത്രിയാവാൻ യോഗ്യനാണെന്നാണ് സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടിരിക്കുന്നത്. വരാൻ പോവുന്ന പൊതു തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോദിയുടെ പ്രധാന എതിരാളി. അരവിന്ദ് കെജ്രിവാളും മമത ബാനർജിയുമെല്ലാം പ്രധാനമന്ത്രി സ്ഥാനത്തിന് യോഗ്യരാണെന്ന വിലയിരുത്തലും നേരത്തെ തന്നെ ഉയർന്നിട്ടുണ്ട്.

2024 ഫെബ്രുവരി 12 മുതൽ മാർച്ച് 1 വരെയുള്ള സമയത്തായി രാജ്യത്തെ 21 സംസ്ഥാനങ്ങളിലായാണ് ന്യൂസ് 18 മെഗാ ഒപ്പിനിയൻ പോളിന്റെ ഭാഗമായുള്ള സർവേ നടന്നത്. രാജ്യത്തെ ഏകദേശം 91 ശതമാനം ലോക്‌സഭാ മണ്ഡലങ്ങളും സർവേയുടെ ഭാഗമായിട്ടുണ്ട്. ഇത്തരത്തിൽ രാജ്യത്ത് നടത്തുന്ന ആദ്യ സർവേ കൂടിയാണിത്. പൊതുതെരഞ്ഞെടുപ്പിൽ രാജ്യത്തെ ജനങ്ങളുടെ മനസ്സ് എങ്ങോട്ടാണെന്നാണ് സർവേഫലം വ്യക്തമാക്കുന്നത്.