ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ നടത്തിയ വിവാദ പ്രസംഗങ്ങൾക്കെതിരായ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ഹാജരാക്കാൻ രാജസ്ഥാനിലെ ബൻസ്വാര ഇലക്ട്രൽ ഓഫീസറോട് ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ ഉള്ളടക്കം എഴുതി നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. കോൺഗ്രസ്, സിപിഎം അടക്കം പ്രതിപക്ഷ പാർട്ടികൾ പരാമർശത്തിനെതിരെ പരാതി നൽകുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്യുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളാരംഭിച്ചത്.

ഇന്നലെ പ്രധാനമന്ത്രിയുടെ വാക്കുകൾ വിദ്വേഷ പ്രസംഗത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്നും, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മോദിയെ വിലക്കണമെന്നുമാവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. വിദ്വേഷ പ്രസംഗത്തിനെതിരെ പ്രചാരണത്തിനും കോൺഗ്രസ് തുടക്കമിട്ടു. പ്രധാനമന്ത്രി ആക്ഷേപമുന്നയിച്ച പ്രകടനപത്രിക കോൺഗ്രസ് സ്ഥാനാർത്ഥികൾ കൂട്ടത്തോടെ പ്രധാനമന്ത്രിക്കയച്ചു. വിദ്വേഷ പ്രസംഗത്തിനെതിരെ ഒപ്പ് ശേഖരണവും തുടങ്ങി. ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകാനാണ് നീക്കം. കൂടിക്കാഴ്ചയ്ക്ക് കോൺഗ്രസ് അധ്യക്ഷൻ സമയം തേടിയിട്ടുണ്ട്. എന്നാൽ കത്തിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പ്രതികരിച്ചു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ മുസ്ലിംങ്ങൾക്ക് നൽകുമെന്ന പ്രധാനമന്ത്രിയുടെ രാജസ്ഥാൻ തിരഞ്ഞെടുപ്പ് പ്രസംഗമാണ് വലിയ വിവാദത്തിലായത്. കോൺഗ്രസ് അധികാരത്തിലെത്തിയാലുണ്ടാകാവുന്ന ആപത്ത് ഓർമ്മപ്പെടുത്തുവെന്നവകാശപ്പെട്ടായിരുന്നു മോദിയുടെ വാക്കുകൾ. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആദ്യ പരിഗണന നൽകുക മുസ്ലിംങ്ങൾക്കായിരിക്കും, കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണം അവരിലേക്ക് ഒഴുക്കും. അമ്മമാരുടെയും,സഹോദരിമാരുടേയും സ്വർണ്ണത്തിന്റെ കണക്കെടുപ്പ് നടത്തി അത് മുസ്ലിംങ്ങൾക്ക് നൽകുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിലുണ്ടെന്നും മോദി പറഞ്ഞു.

ജാതി സെൻസസിനൊപ്പം സാമ്പത്തിക സാമൂഹിക സെൻസസും നടത്തുമെന്ന കോൺഗ്രസ് പ്രകടനപത്രികയിലെ പ്രഖ്യാപനമാണ് പ്രധാനമന്ത്രി വളച്ചൊടിച്ചതെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.

അതിനിടെ നരേന്ദ്ര മോദി രാജസ്ഥാനിലും യുപിയിലും നടത്തിയ വിദ്വേഷ പ്രസംഗം സുപ്രീം കോടതിയിൽ ഉന്നയിക്കാൻ സിപിഎം തയ്യാറെടുത്തു. നേരത്തെ തന്നെ നിലനിൽക്കുന്ന വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസുകൾ ഇന്ന് സുപ്രീം കോടതിയുടെ 21ാമത്തെ വിഷയമായി പരിഗണിക്കുന്നുണ്ട്. അതു പരിഗണിക്കുമ്പോഴാണ് മോദിയുടെ പ്രസംഗം സുപ്രീം കോടതിയുടെ പരിഗണനയിൽ കൊണ്ടുവരിക. സി പി എമ്മിന്റെ മുതിർന്ന നേതാവ് വൃന്ദ കാരാട്ടിന്റെ അഭിഭാഷകൻ വിഷയം കോടതിയിൽ ഉന്നയിക്കും.

വിദ്വേഷ പ്രസംഗങ്ങൾ പാടില്ലെന്ന് സുപ്രീം കോടതി പരാമർശിച്ചിട്ടുണ്ടെങ്കിലും ഒരോ വ്യക്തിയും നടത്തുന്ന പ്രസംഗം എടുത്തു പരിഗണിക്കാൻ പരിമിതിയുണ്ടെന്നും അറിയിച്ചിരുന്നു. അതത് സംസ്ഥാനങ്ങളിൽ ഉയരുന്ന വിദ്വേഷ പ്രസംഗങ്ങൾ അവിടെത്തന്നെ നടപടിയെടുക്കണമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു.

രാജസ്ഥാനിലെ ബൻസ്വാഡയിൽ മോദി, കോൺഗ്രസ് വന്നാൽ 'കൂടുതൽ കുട്ടികളുള്ളവർക്ക്' സ്വത്തു വീതിച്ചു നൽകുമെന്ന് പറഞ്ഞതു വിവാദമായതിനു പിന്നാലെ ഇന്നലെ ഉത്തർപ്രദേശിലെ അലിഗഡിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ 'സ്ത്രീകളുടെ താലിമാല പോലും പൊട്ടിച്ച് മറ്റുള്ളവർക്ക് വീതിച്ചു നൽകും' എന്നും പറഞ്ഞു.

മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസും സിപിഎമ്മും തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി. എന്നാൽ ഇതേക്കുറിച്ചു 'പ്രതികരണമില്ലെ'ന്ന് കമ്മിഷൻ വക്താവ് അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിലെ പൊലീസ് സ്റ്റേഷനിൽ വൃന്ദാ കാരാട്ട് പരാതി നൽകിയെങ്കിലും അത് സ്വീകരിക്കാൻ തയാറാകാതെ വന്നതോടെയാണ് കേസ് സുപ്രീം കോടതിയിൽ ഉന്നയിക്കുന്നത്.

ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിൽ രാജ്യത്തെ വിദ്വേഷപ്രസംഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഹർജികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഹർജികളിൽ ഒന്ന് വൃന്ദ കാരാട്ടിന്റേതാണ്. വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട കേസിൽ വൃന്ദ കക്ഷിയുമാണ്. ഈ ഹർജി ഉൾപ്പെടെയുള്ള കേസുകളാണ് ചൊവ്വാഴ്ച സുപ്രീം കോടതിയുടെ പരിഗണനയ്ക്കായി വരുന്നത്.

സുപ്രീം കോടതി വിധിയുടെ ലംഘനമാണ് പൊലീസ് സ്റ്റേഷനിൽനിന്നുണ്ടായതെന്നും വൃന്ദയുടെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാണിക്കും. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രധാനമന്ത്രിക്കെതിരേ കോടതി തന്നെ നേരിട്ട് നടപടി സ്വീകരിക്കണമെന്നും വൃന്ദയുടെ അഭിഭാഷകർ ആവശ്യപ്പെടുമെന്നാണ് സൂചന.