- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്ന നിലപാടിൽ കേന്ദ്ര തിരിഞ്ഞെടുപ്പ് കമ്മീഷൻ. പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്നാണ് വിലയിരുത്തൽ. അതിനിടെ മുസ്ലീങ്ങൾക്കെതിരായ പരാമർശം കണക്കിലെടുത്തില്ലെന്നും സൂചനകളുണ്ട്. പ്രതിപക്ഷ പാർട്ടികൾ പരാതി നൽകി നാലു ദിവസം പിന്നീടുമ്പോഴും ഒരു നടപടിയുമില്ലെന്ന ആരോപണം ഉയർന്നിരുന്നു. ഇപ്പോൾ മോദിക്ക് ക്ലീൻ ചിറ്റും നൽകുന്നു. മതത്തിന്റെ പേരിൽ വോട്ടു പിടിച്ചുവെന്ന ആരോപണത്തിലാണ് ക്ലീൻ ചിറ്റ്. മുസ്ലിം വിരുദ്ധ പ്രസംഗമെന്ന ആരോപണം പരിശോധിച്ചില്ലെന്നും സൂചനകളുണ്ട്.
ഞായറാഴ്ചയാണ് രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മോദി മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയത് എന്നായിരുന്നു ആരോപണം. തിങ്കളാഴ്ച കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നേരിട്ട് എത്തി പരാതി നൽകി. പിന്നാലെ സിപിഎമ്മും തൃണമൂൽ കോൺഗ്രസും പരാതി നൽകി. പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണം എന്നാതായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ മോദിക്ക് താക്കീത് പോലും നൽകുന്നില്ല കമ്മീഷൻ. ഇത് പ്രതിപക്ഷം ചർച്ചയാക്കും.
നേരത്തെ ബിജെപി നേതാവ് ഹേമമാലിനിക്കെതിരെ കോൺഗ്രസ് നേതാവ് റൺദീപ് സിങ് സുർജെവാല നടത്തിയ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തിരുന്നു. 48 മണിക്കൂർ അദ്ദേഹത്തെ പ്രചാരണത്തിൽ നിന്ന് മാറ്റി നിർത്തി. 2019 രാഹുൽ ഗാന്ധി അപകീർത്തി പരാമർശം നടത്തിയെന്ന്കാട്ടി വിവിധയിടങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതിപക്ഷ നേതാക്കൾക്കെതിരെ ഉള്ള പരാതികളിൽ വേഗത്തിൽ നടപടിയെടുക്കുന്ന കമ്മീഷനാണ് പ്രധാനമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകുന്നതെന്ന ചർച്ച പ്രതിപക്ഷം ഉയർത്തും.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് നൽകിയ പരാതി ഡൽഹിയിലെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷൻ കഴിഞ്ഞ ദിവസം സ്വീകരിച്ചില്ല. തുടർന്ന് ഡൽഹി പൊലീസ് കമ്മിഷണർ സഞ്ജയ് അറോറയെ സന്ദർശിച്ച് വൃന്ദ പരാതി നൽകി. എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ടതുണ്ടോയെന്നു നിയമോപദേശം തേടുമെന്നും പൊലീസ് സ്റ്റേഷനിൽ പരാതി സ്വീകരിക്കാൻ വിസമ്മതിക്കേണ്ടിയിരുന്നില്ലെന്നും കമ്മിഷണർ പറഞ്ഞതായി വൃന്ദ അറിയിച്ചു.
കോൺഗ്രസ് അധികാരത്തിലേറിയാൽ മുസ്‌ലിംകൾക്ക് സ്വത്ത് വീതിച്ചു നൽകുമെന്ന മോദിയുടെ പ്രസംഗമാണ് വൻ വിവാദമായത്. കോൺഗ്രസ് വന്നാൽ 'കൂടുതൽ കുട്ടികളുള്ളവർക്ക്' സ്വത്തു വീതിച്ചു നൽകുമെന്നാണ് രാജസ്ഥാനിലെ ബൻസ്വാഡയിൽ മോദി പറഞ്ഞത്. തിങ്കളാഴ്ച യുപിയിലും ഇന്നലെ ഛത്തീസ്‌ഗഡിലും സമാനമായ പരാമർശങ്ങൾ മോദി തുടർന്നു.
മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ 93 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഒപ്പിട്ട കത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരുന്നു. ഐഐഎം അഹമ്മദാബാദ് മുൻ പ്രഫസർ ജഗ്ദീപ് ഛൊക്കർ എഴുതിയ കത്തിലാണ് 93 പേർ ഒപ്പിട്ടത്. മോദിയുടെ പ്രസംഗം തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യനിയമം എന്നിവ അടക്കമുള്ളവയുടെ ലംഘനമാകുന്നത് എങ്ങനെയെന്നും കത്തിൽ വിശദീകരിച്ചിരുന്നു. എന്നാൽ ഈ വാദമെല്ലാം കമ്മീഷൻ തള്ളുകയാണ്.
മഹാരാഷ്ട്ര മുൻ അഡീഷനൽ ചീഫ് സെക്രട്ടറി അന്ന ഡാനി, ഛത്തീസ്‌ഗഡ് മുൻ ചീഫ് സെക്രട്ടറി പി.ജോയ് ഉമ്മൻ, കേന്ദ്ര മനുഷ്യാവകാശ കമ്മിഷൻ മുൻ സെക്രട്ടറി ജനറൽ പി.എസ്.എസ്. തോമസ്, കർണാടക മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശോഭ നമ്പീശൻ അടക്കമുള്ളവർ കത്തിൽ ഒപ്പിട്ടിരുന്നു.