- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി മോദി;
അയോധ്യ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഭൂരിപക്ഷ സമുദായ വികാരം ഉണർത്തുന്ന പ്രചരണത്തിലേക്ക് തിരിച്ചു പോയി ബിജെപി. കേന്ദ്രസർക്കാറിന്റെ വികസന മുദ്രാവാക്യങ്ങളിലേക്ക് കാര്യമായി ഊന്നാതെ ഇപ്പോൾ ബിജെപിയുടെ പരമ്പരാഗത ഹിന്ദുത്വ വഴികളിലേക്കാണ് ബിജെപി കടക്കുന്നത്. രാമക്ഷേത്രം അടക്കം സജീവമാക്കി നിർത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി അയോധ്യയിലെത്തി പ്രാർത്ഥന നടത്തിയ പ്രധാനമന്ത്രി മോദി അയോധ്യയിൽ റോഡ്‌ഷോയും നടത്തി.
ജനുവരി 22ന് പ്രാണപ്രതിഷ്ഠ ചടങ്ങ് നടത്തിയശേഷം പ്രധാനമന്ത്രി രാമക്ഷേത്രത്തിൽ നടത്തുന്ന ആദ്യ സന്ദർശനമാണിത്. മോദിയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കമാണ് ക്ഷേത്രത്തിൽ നടത്തിയിരുന്നത്. അയോധ്യ ജില്ല ഉൾപ്പെടുന്ന ഫൈസാബാദ് ലോക്‌സഭ മണ്ഡലത്തിൽ മെയ് 20നാണ് വോട്ടെടുപ്പ്. രാമക്ഷേത്രത്തിൽ പ്രാർത്ഥനക്കുശേഷം മോദി നഗരത്തിൽ റോഡ് ഷോ നടത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഫൈസാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ലല്ലു സിങ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
അതിനിടെ, കോൺഗ്രസും ഇന്ത്യ സഖ്യവും തങ്ങളെ കരുക്കളായി ഉപയോഗിക്കുകയാണെന്ന് മുസ്‌ലിംകൾ തിരിച്ചറിഞ്ഞതായി ദൗരാഹ്‌റ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ രേഖ വർമക്കുവേണ്ടി നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ മോദി പറഞ്ഞു. ബിജെപി നടത്തിയ വികസന പ്രവൃത്തികൾ കണ്ട് മുസ്‌ലിംകൾ കോൺഗ്രസിൽനിന്നും ഇന്ത്യ സഖ്യത്തിൽനിന്നും അകലുകയാണ്. പാവപ്പെട്ടവരും എസ്.സി-എസ്.ടി, ഒ.ബി.സി വിഭാഗങ്ങളും ബിജെപിക്കൊപ്പം ചേരുന്നു.
ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭ്യമാണ്. എല്ലാ പദ്ധതികളുടെയും നേട്ടങ്ങൾ വിവേചനമില്ലാതെ മുസ്‌ലിംകൾക്കും ലഭിക്കുന്നുണ്ട്. മുസ്‌ലിം വോട്ട് ബാങ്ക് സംരക്ഷിക്കാൻ പ്രതിപക്ഷം പരസ്യമായി അവരെ പ്രീണിപ്പിക്കുകയാണ്. പ്രതിപക്ഷത്തിന്റെ പ്രകടനപത്രിക മുസ്‌ലിം ലീഗിന്റെ ചിന്താഗതിയാണ് പ്രതിഫലിപ്പിക്കുന്നതെന്നും മോദി പറഞ്ഞു.
നേരത്തെ 2019-ൽ താൻ വീണ്ടും പ്രധാനമന്ത്രിയാവുമെന്ന് സമാജ്വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവ് പ്രവചിച്ചിരുന്നതായി നരേന്ദ്ര മോദി പറഞ്ഞു. ഇത് തനിക്കുള്ള മുലായത്തിന്റെ ആശീർവാദമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ഇറ്റാവയിൽ ബിജെപി. തിരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ സംസാരിക്കയാണ് മോദി ഇക്കാര്യം പറഞ്ഞത്. സമാജ്വാദി പാർട്ടിയുടേയും കോൺഗ്രസിന്റേയും മുദ്രാവാക്യങ്ങൾ നുണകളാണെന്നും അവരുടെ ഉദ്ദേശങ്ങൾ നല്ലതല്ലെന്നും അദ്ദേഹം വിമർശിച്ചു.
'കോൺഗ്രസും സമാജ്വാദി പാർട്ടിയും അവരുടേയും മക്കളുടേയും ഭാവിക്കുവേണ്ടിയാണ് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത്. കുടുംബത്തിന്റേയും വോട്ടുബാങ്കുളുടേയും ക്ഷേമത്തിനായാണ് അവർ പ്രവർത്തിക്കുന്നത്. എന്നാൽ, മോദിയും യോഗിയും നിങ്ങളുടെ കുട്ടികളുടെ ഭാവിക്കായാണ് പ്രവർത്തിക്കുന്നത്. ഞങ്ങൾക്ക് കുട്ടികളില്ല', മോദി പറഞ്ഞു.
യു.പിയിലെ മറ്റൊരു മണ്ഡലമായ ധൗരഹരയിലെ റാലിയിലും സംസ്ഥാനത്ത് സഖ്യമായി മത്സരിക്കുന്ന ഇരുപാർട്ടികൾക്കെതിരേയും മോദി കടുത്ത പരാമർശങ്ങളാണ് നടത്തിയത്. എസ്‌പിയുടേയും കോൺഗ്രസിന്റേയും യുവരാജാക്കന്മാരുടെ നിലനിൽപ്പിന് പ്രീണനരാഷ്ട്രീയം അത്യന്താപേക്ഷിതമായെന്ന് മോദി ആരോപിച്ചു. യാതൊരു വിവേചനവുമില്ലാതെ മുസ്ലിങ്ങൾക്ക് സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്. കോൺഗ്രസും ഇന്ത്യ മുന്നണിയും അവരെ കരുക്കളാക്കുകയാണെന്ന് മുസ്ലിങ്ങൾ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'നിങ്ങളെ സേവിക്കാൻ എന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും ഞാൻ നീക്കിവെക്കും. എനിക്ക് സ്വന്തമായി കുടുംബമില്ല. നിങ്ങളാണ് എന്റെ കുടുംബവും പിന്തുടർച്ചക്കാരും. എന്റെ ഭാരതമാണ് എന്റെ കുടുംബം', മോദി പറഞ്ഞു. അതേസമയം മുഖ്യമന്ത്രി യോഗി ആദിത്യനാഥും കടുത്ത പ്രസ്താവനകളാണ് നടത്തിയത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഗോവധത്തിന് അനുമതി നൽകും. ഗോമാംസം കഴിക്കുന്നവരെ പ്രോത്സാഹിപ്പിക്കും. ഔറംഗസീബിന്റെ കാലത്ത് നിലവിലുണ്ടായിരുന്ന നികുതി സമ്പ്രദായം ഇന്ത്യാ സഖ്യം തിരികെ കൊണ്ടുവരുമെന്നും പരമ്പരാഗത സ്വത്തിന് നികുതി ഏർപ്പെടുത്തുമെന്നും യോഗി ആരോപിച്ചു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്ത് ശരിഅത്ത് നിയമം നടപ്പാക്കുമെന്നും ജനങ്ങളുടെ സ്വത്ത് പുനർവിതരണം ചെയ്യുമെന്നും പ്രകടന പത്രികയിൽ പറഞ്ഞിട്ടുണ്ടെന്ന് യോ?ഗി ആദിത്യനാഥ് നേരത്തെ ആരോപിച്ചിരുന്നു. കോൺഗ്രസും സഖ്യകക്ഷികളും രാജ്യത്തെ ഒറ്റിക്കൊടുത്ത് മോശം പ്രകടന പത്രികയുമായി നിങ്ങളുടെ അടുത്ത് വന്നിരിക്കുകയാണെന്നും ആദിത്യനാഥ് പറഞ്ഞു.