തിരുവനന്തപുരം: ഹിന്ദി ഹൃദയഭൂമികയിൽനിന്ന് മാറി ദക്ഷിണേന്ത്യയിലേക്ക് എത്തുമ്പോൾ ബിജെപിയുടെ കരുത്ത് ക്ഷയിക്കായാണെന്നും, സംഘപരിവാറിനെ പ്രതിരോധിക്കുന്നത് തെക്കാണെന്നുമുള്ള കാഴ്ചപ്പാടുകൾ ഈ തിരഞ്ഞടുപ്പോടെ തിരുത്തേണ്ടി വരുമോ? പ്രമുഖ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട എക്സിറ്റ്പോളുകൾ, തെക്കും താമരതരംഗമാണെന്ന സൂചനകളാണ് നൽകുന്നത്. കേരളത്തിൽ മൂന്ന് സീറ്റുവരെ ലഭിക്കാവുന്ന, ഒറ്റ നോട്ടത്തിൽ അവിശ്വസനീയം എന്ന് തോന്നാവുന്ന പ്രവചനമാണ് എക്സിറ്റുപോളുകൾ നടത്തുന്നത്. കേരളത്തിൽ ഇടതുപക്ഷത്തിനു നഷ്ടമാകുന്ന വോട്ട് ശതമാനം ബിജെപിക്ക് മുതൽക്കൂട്ടാകുമെന്നുമാണ് വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

ഒരു സർവേയിൽ കേരളത്തിൽ എൻഡിഎയും എൽഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം രണ്ട് ശതമാനം മാത്രമാണ്. 29 ശതമാനം വോട്ട് എൽഡിഎഫ് നേടുമ്പോൾ എൻഡിഎ 27 ശതമാനമാണ് നേടുന്നത്. യുഡിഎഫിന് 41 ശതമാനവും. കേരളത്തിൽ യുഡിഎഫ് ആധിപത്യം നിലനിർത്തുമ്പോൾ എൽഡിഎഫ് 2019-ൽ കനത്ത തോൽവിയിൽ നിന്നു കരകയറി നിലമെച്ചപ്പെടുത്തുമെന്നും സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.

അതുപോലെ തമിഴ്‌നാട്ടിലും മുൻ തിരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി 5 സീറ്റുകൾവരെ ബിജെപിക്ക് പ്രവചിക്കപ്പെടുന്നുണ്ട്. ആകെയുള്ള 39 സീറ്റുകളിൽ 33 മുതൽ 37 സീറ്റുകൾ വരെ ഇന്ത്യ സഖ്യം നേടുമെന്നാണ് വിവിധ സർവേകൾ പ്രവചിക്കുന്നത്. എൻഡിഎ സഖ്യം രണ്ടു മുതൽ നാലു സീറ്റുകൾ നേടുമെന്നും പറയുന്ന സർവേ ഫലങ്ങൾ രണ്ടു സീറ്റുകളിൽ എഐഎഡിഎംകെയ്ക്കും വിജയസാധ്യത പ്രവചിക്കുന്നു.

ആന്ധ്രപ്രദേശിലും തെലങ്കാനയിലും വമ്പൻ മുന്നേറ്റം ഇത്തവണ ബിജെപിക്കുണ്ടാവുമെന്ന് എക്‌സിറ്റ് പോളുകൾ. ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡിക്കും അതുപോലെ തെലങ്കാനയിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള രേവന്ത് റെഡ്ഡി സർക്കാരിനും ഇത് വൻ തിരിച്ചടിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ്കൂടി നടക്കുന്ന ആന്ധ്രയിൽ നിലവിൽ വൈഎസ്ആർ കോൺഗ്രസിന്റെ മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി വീഴുമെന്നും പ്രാദേശിക എക്സിറ്റ് പോളുകൾ പറയുന്നു.

'കൈ' വിട്ട് കർണാടകം

ഇന്ത്യാ സഖ്യം ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന കർണാടകയിൽ കോൺഗ്രസ് തകർന്നടിയുമെന്നാണ് എക്സിറ്റ്പോൾ പ്രവചനം.ആകെയുള്ള 28 ലോക്‌സഭാ സീറ്റുകളിൽ 25 വരെ സീറ്റ് എൻ.ഡി.എ നേടുമെന്ന് ഇന്ത്യാ ടുഡെ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രവചിച്ചു.സംസ്ഥാന ഭരണമുണ്ടായിട്ട് പോലും മൂന്ന് മുതൽ അഞ്ചു സീറ്റ് വരെ മാത്രമാണ് കോൺഗ്രസിന് നേടാൻ കഴിയുകയെന്നും ഇന്ത്യാ ടുഡെ ആക്‌സിസ് മൈ ഇന്ത്യ ഫലം പ്രവചിക്കുന്നു.

ജാൻകി ബാദ് കർണാടകയിൽ എൻ.ഡി.എയ്ക്ക് 21 മുതൽ 23 വരെയാണ് പ്രവചിക്കുന്നത്. കോൺഗ്രസ് അഞ്ചു മുതൽ ഏഴ് വരെ സീറ്റ് നേടുമെന്നും പറയുന്നു.റിപ്പബ്ലിക് ടിവി.പി മാർക് 22 സീറ്റാണ് എൻ.ഡി.എയ്ക്ക് പ്രവചിക്കുന്നത്. കോൺഗ്രസിന് ആറ് സീറ്റ് കിട്ടുമെന്നും പറയുന്നു.എ.ബി.പി ന്യൂസ് ഡി ഡൈനാമിക് 23 സീറ്റാണ് എൻ.ഡി.എയ്ക്ക് പ്രവചിക്കുന്നത് കോൺഗ്രസിന് അഞ്ചു സീറ്റും പറയുന്നു.

2019-ൽ 25 സീറ്റുകൾ ബിജെപിക്ക് ലഭിച്ചപ്പോൾ ഒരു സീറ്റ് മാത്രമായിരുന്നു കോൺഗ്രസിന്റെ സമ്പാദ്യം. ഒരു സീറ്റ് സ്വതന്ത്രനും മറ്റൊരു സീറ്റ് ജനതാദളിനുമായിരുന്നു. എന്നാൽ 2023 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ മുന്നേറ്റം നടത്തി തിരിച്ചെത്തിയിരുന്നു. ആകെയുള്ള 224 സീറ്റിൽ 135 സീറ്റായിരുന്നു കോൺഗ്രസിന് ലഭിച്ചത്. ഈ നേട്ടം ആവർത്തിക്കില്ലെന്നാണ് എക്‌സിറ്റ്‌പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഏറെക്കുറേ തനിയാവർത്തനമാണ് കർണാടകയിൽ പ്രവചിക്കുന്നത്. അന്ന് എൻഡിഎ സഖ്യത്തിലുണ്ടായിരുന്ന ജെഡിഎസ്, ഇന്ത്യാ സഖ്യത്തിലേക്ക് മാറിയിട്ടും വിജയം എൻഡിഎക്ക് ഒപ്പമാണ്. ലൈംഗിക അപവാദത്തിൽപെട്ട്, വിദേശത്തേക്ക് കടന്ന് ഇപ്പോൾ പിടിയിലായ പ്രജ്ജുൽ രേവണ്ണയെന്ന, ദേവഗൗഡയുടെ കൊച്ചുമകൻ, ഹാസൻ മണ്ഡലത്തിൽ ജയിക്കുമെന്നും ഒരു സർവേ പറയുന്നുണ്ട്. തിരഞ്ഞെടുപ്പിനുശേഷമാണ് ഇവിടെ രേവണ്ണയുടെ വീഡിയോ പ്രചരിച്ചത്.


ആന്ധ്രയിലും തെലങ്കാനയിലും എൻഡിഎ

ആന്ധ്രയിലെ 25 ലോക്സഭാ സീറ്റുകളിൽ എൻഡിഎ സംഖ്യം 19 മുതൽ 22 സീറ്റുകൾ വരെ നേടുമെന്നും എബിപി സി വോട്ടർ, ന്യൂസ് 18, ഇന്ത്യൻ ടുഡേ എന്നീ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. ഇതിൽ ബിജെപി നാലു മുതൽ ആറു സീറ്റുകൾ വരെ നേടും. ബാക്കിയുള്ളവ തെലുങ്കുദേശം പാർട്ടിക്കാണ്. ആന്ധ്രപ്രദേശിൽ വൈഎസ്ആർ കോൺഗ്രസ് ഇത്തവണ വളരെ പിന്നിൽ പോകുമെന്ന് ന്യൂസ് 18 സർവേ പ്രവചിക്കുന്നു.വൈഎസ്ആർ കോൺഗ്രസിന് 5 മുതൽ 8 സീറ്റുകൾ വരെയാണ് പരമാവധി ലഭിക്കുക. എൻഡിഎ 19 മുതൽ 22 സീറ്റ് വരെ നേടുമെന്നും സർവേ പറയുന്നു.

ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടിയുമായും പവൻകല്യാണിന്റെ ജനസേവ പാർട്ടിയുമായും സഖ്യമുണ്ടാക്കിയത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. ലോകസഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രയിൽ, എൻഡിഎ സഖ്യം അധികാരത്തിലേറുമെന്നാണ് പ്രാദേശിക ചാനലുകളുടെ എക്സിറ്റ്പോളുകൾ പറയുന്നത്. വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡിക്കെതിരായ അതിശക്തമായ ജനവികാരം തുണയായത്, കോൺഗ്രസിനല്ല, എൻഡിഎക്കാണ്.

17 സീറ്റുകളുള്ള തെലങ്കാനയിൽ ബിജെപി ഏഴു മുതൽ 10 സീറ്റുകൾ വരെ നേടുമെന്നാണ് വിവിധ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. കോൺഗ്രസിന് അഞ്ച് മുതൽ എട്ട് സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്.രേവന്ത് റെഡ്ഡിയുടെ വ്യക്തിപ്രഭാവത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല ജയം നേടിയ പ്രകടനം ആവർത്തിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല എന്നാണ് എക്സിറ്റ്പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. കോൺഗ്രസ് മാസങ്ങൾക്ക് മുമ്പാണ് ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ചത്. എന്നിട്ടും കൂടുതൽ സീറ്റുകൾ അവർ ലഭിക്കാത്തതാണ് തിരിച്ചടിയാവുക. കെ ചന്ദ്രശേഖര റാവുവിന്റെ ബിഎർഎസ് അടക്കമുള്ള മറ്റുള്ളവർ നാല് മുതൽ ആറ് സീറ്റുകൾ വരെ നേടിയേക്കും. ഫലത്തിൽ മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ വാട്ടർലൂ ആവുകയാണ് ഈ തെരഞ്ഞെടുപ്പ്.