- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ചരിത്ര നിമിഷം, എൻഡിഎ മൂന്നാം സർക്കാർ രൂപീകരിക്കും; നരേന്ദ്ര മോദി
ന്യൂഡൽഹി: എൻഡിഎ സർക്കാർ മൂന്നാം തവണയും അധികാരത്തിലേക്ക് നീങ്ങുകയാണ്. വിജയം ബിജെപി ആസ്ഥാനത്തും നേതാക്കൾ ആഘോഷിച്ചു. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലെങ്കിലും ബിജെപി അധികാരത്തിലേക്ക് തന്നെ നീങ്ങുന്നു എന്നാണ് പൊതുവിലയിരുത്തൽ. എൻഡിഎ മൂന്നാം സർക്കാർ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
ബിജെപിയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് അദ്ദേഹം ഒരിക്കൽക്കൂടി നന്ദി പറഞ്ഞു. എക്‌സിറ്റ് പോളുകൾ പ്രവചിച്ചതും ബിജെപി പ്രതീക്ഷിച്ചതുമായ വിജയം കൈവരിച്ചില്ലെങ്കിലും പ്രവർത്തകരുടെ കരഘോഷത്തിനിടെയിലൂടെയായിരുന്നു വേദിയിലേക്ക് മോദിയുടെയും ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെയും കടന്നുവരവ്. 'ജയ് ജഗന്നാഥ്' എന്നു പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്.
"ഇതു ജനാധിപത്യത്തിന്റെ വിജയമാണ്. ഭരണഘടനയിൽ വിശ്വാസം ഉണ്ട്. നമ്മുടെ തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ചും അതിന്റെ വിശ്വാസ്യതയെക്കുറിച്ചും അഭിമാനം തോന്നുന്നു. 1962നുശേഷം ആദ്യമായാണ് ഒരു സർക്കാർ തുടർച്ചയായി മൂന്നാം വട്ടം അധികാരത്തിൽ വരുന്നത്. ഒഡീഷയിലും ഞങ്ങൾ സർക്കാർ രൂപീകരിക്കും. ആദ്യമായാണ് അവിടെ ബിജെപിയുടെ മുഖ്യമന്ത്രിയുണ്ടാകുന്നത്. കേരളത്തിൽ അക്കൗണ്ട് തുറന്നു. നിരവധി പാർട്ടി പ്രവർത്തകരുടെ ജീവനാണ് അവിടെ പൊലിഞ്ഞത്. മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ഡൽഹിയിലും മധ്യപ്രദേശിലും മികച്ച നേട്ടമുണ്ടാക്കിയതിൽ സന്തോഷം.
പ്രതിപക്ഷം ഒന്നിച്ചെങ്കിലും ബിജെപിക്ക് ഒറ്റയ്ക്കു കിട്ടിയതിന്റെ അത്രയും സീറ്റുകൾ നേടാൻ അവർക്കായില്ലെന്നും പരിഹസിച്ചു കൊണ്ട് മോദി പറഞ്ഞു. മൂന്നാം വട്ടം വലിയ തീരുമാനങ്ങളിലൂടെ പുതിയ തുടക്കം നൽകുമെന്ന മോദിയുടെ ഗ്യാരന്റിയാണ് നൽകാനുള്ളത്." പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. അതിനിടെ, മോദി നാളെ രാഷ്ട്രപതിയെ കണ്ടേക്കുമെന്നും ഈയാഴ്ച തന്നെ സത്യപ്രതിജ്ഞയുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരും യോഗത്തിനെത്തിയിരുന്നു.
ഉറുദു ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിൽ 'താങ്ക്യൂ ഇന്ത്യ' എന്നെഴുതിയ ബാനർ ആണ് വേദിയുടെ പിന്നിൽ വച്ചിരുന്നത്. തുടർഭരണം നൽകിയ ജനങ്ങൾക്കു ആദ്യം എക്‌സിലൂടെയും പ്രധാനമന്ത്രി നന്ദി പറഞ്ഞിരുന്നു. "ജനങ്ങൾ എൻഡിഎയിൽ മൂന്നാം വട്ടവും വിശ്വാസം അർപ്പിച്ചു. ഇതൊരു ചരിത്രനേട്ടമാണ്. കഴിഞ്ഞ പത്തുവർഷം നടത്തിയ വികസന പ്രവർത്തനങ്ങൾ തുടരുമെന്ന് ഉറപ്പു നൽകുന്നു. ബിജെപി പ്രവർത്തകർക്കും നന്ദി" മോദി എക്‌സിൽ കുറിച്ചു.
പാർലമെന്റ് തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകൾ നടന്ന അരുണാചൽ പ്രദേശ്, സിക്കിം, ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ കോൺഗ്രസ് തുടച്ചുനീക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്നാഥ് സിങ്, അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പുഷ്പവൃഷ്ടിയോടെയാണ് പ്രധാനമന്ത്രിയെയും നേതാക്കളെയും ബിജെപി പ്രവർത്തകർ സ്വീകരിച്ചത്.
അതേസമയം, മൂന്നാം വട്ടവും ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽനിന്നു വിജയിച്ച നരേന്ദ്ര മോദിയുടെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞത് ചർച്ചയായി. യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ആയിരുന്നു മോദിയുടെ എതിരാളി. ഇത്തവണ 1,52,513 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് മോദിക്ക് ലഭിച്ചത്. 2014ൽ 3,71,784 വോട്ടുകളും (പോൾ ചെയ്തവയിൽ 36.14% വോട്ടുകൾ) 2019ൽ 4,79,505 വോട്ടുകളുമാണ് (പോൾ ചെയ്തവയിൽ 45.2% വോട്ടുകൾ) ആണ് ലഭിച്ചത്. വാരാണസിയിൽ നോട്ടയ്ക്ക് 8257 വോട്ടുകളും ലഭിച്ചു.
ഇന്ത്യ സഖ്യം വൻ മുന്നേറ്റമാണ് ഇത്തവണ നടത്തിയത്. തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനിടെ പ്രവർത്തകർക്ക് നന്ദി പറഞ്ഞ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ലക്ഷ്യത്തിൽ എത്തിയിട്ടില്ലെന്നും പറഞ്ഞിരുന്നു. ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടത്തിയതെന്ന് കോൺഗ്രസ് പ്രവർത്തകർക്കും ഇന്ത്യ സഖ്യത്തില പാർട്ടികളുടെ പ്രവർത്തകർക്കും നന്ദി പറഞ്ഞുകൊണ്ട് രാഹുൽഗാന്ധിയും പറഞ്ഞിരുന്നു. പിന്നാലെയാണ് പ്രധാനമന്ത്രി മോദിയുടെ പ്രതികരണം വരുന്നത്.