- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം ജയിച്ചാൽ കോൺഗ്രസിനെതിരെ വോട്ട് ചെയ്യും; നാസർ ഫൈസി കൂടത്തായി
കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ച് എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി. ബിജെപിയോട് ഏറ്റുമുട്ടാൻ കരുത്തുള്ള പാർട്ടി കോൺഗ്രസ് ആണെന്നും സിപിഎം ജയിച്ചാൽ ഏത് നിമിഷവും കോൺഗ്രസിനെതിരെ വോട്ടു ചെയ്യുമെന്നും നാസർ ഫൈസി പറഞ്ഞു.
സിപിഎമ്മിന് കൂടുതൽ സീറ്റ് കിട്ടിയാൽ കേന്ദ്രഭരണം തുലാസിലാകുമെന്നും നാസർ ഫൈസി ചൂണ്ടിക്കാട്ടി. ബിജെപി ജയിച്ചാലും വേണ്ടില്ല കോൺഗ്രസ് തോറ്റാൽ മതിയെന്നാണ് സിപിഎം നിലപാട്. കോൺഗ്രസോ കോൺഗ്രസിനെ പിന്തുണക്കുന്നവരോ ആണ് ജയിക്കേണ്ടത്. സിപിഎം ജയിച്ചാൽ അവർ അതുവച്ച് അവരുടെ അജണ്ട നടപ്പാക്കുകയാണ് ചെയ്യുക. ആര് ജയിച്ചാലും ഒരു പോലെ എന്ന നിലപാട് ശരിയല്ല. ബിജെപി തോൽപിക്കാൻ കോൺഗ്രസ് തന്നെ ജയിക്കണമെന്നും നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി.
സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം കഴിഞ്ഞ ദിവസം എൽ.ഡി.എഫിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നാസർ ഫൈസി കോൺഗ്രസിനായി രംഗത്തെത്തിയിരിക്കുന്നത്. സമസ്തക്കകത്തുള്ള ആഭ്യന്തര തർക്കങ്ങൾ കൂടിയാണ് ഇതിലൂടെ വ്യക്തമാവുന്നത്.
മുസ്ലിം ലീഗിനെതിരായ സമസ്ത സെക്രട്ടറിയും മുശാവറ അംഗവുമായ ഉമർ ഫൈസി മുക്കത്തിന്റെ പ്രതികരണമാണ് വിവാദത്തിന് തിരി കൊളുത്തിയത്. സമസ്തയ്ക്ക് ഒരു പാർട്ടിയുമായും ബന്ധമില്ലെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു. ഇടതുപക്ഷത്തിനു നേട്ടമായേക്കാവുന്ന ഉമർഫൈസിയുടെ നിലപാടിൽ സമസ്തയിലെ ഒരു വിഭാഗത്തിന് കടുത്ത അമർഷമുണ്ട്. സമസ്തയുടെ നിലപാട് പറയേണ്ടത് പ്രസിഡന്റ് ജിഫ്രി തങ്ങൾ ആണെന്ന് എസ്.വൈ.എസ് ഓർഗനൈസിങ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു.
സമസ്തയെ പിന്തുടരുന്ന വിശ്വാസികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന ഉമർ ഫൈസിയുടെ പ്രതികരണത്തിൽ ജിഫ്രി തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. തെരഞ്ഞടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയുള്ള സമസ്ത നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ തിരിച്ചടിയാകുമെന്ന ആശങ്ക ലീഗ് ക്യാമ്പിനുണ്ട്. സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തെ തള്ളി മുസ്ലിം യൂത്ത് ലീഗ് രംഗത്തുവന്നിരുന്നു. സമസ്തയുടെ നിലപാട് ജിഫി തങ്ങൾ പറഞ്ഞു കഴിഞ്ഞുവെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു.