ന്യൂഡൽഹി: തുടർച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദിയും എൻഡിഎയും അധികാരത്തിലേക്കെന്ന് സൂചിപ്പിച്ചു തിരഞ്ഞെടുപ്പു ഫല സൂചനകൾ. ലീഡ് നില പുറത്തുവരുമ്പോൾ 300 സീറ്റിനരികെ ലീഡ് നേടി എൻഡിഎ മുന്നണി അധികാരത്തിലേക്കെന്നാണ് സൂചനകൾ. 400 സീറ്റ് അവകാശവാദവുമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ പോരിനിറങ്ങിയ ബിജെപിയെ ഞെട്ടിച്ച് ഉത്തർപ്രദേശാണ്. ആകെയുള്ള 80 സീറ്റിൽ കഴിഞ്ഞ തവണ 62 സീറ്റിലും വിജയിച്ച എൻ.ഡി.എ ഇത്തവണ 38 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. 41 സീറ്റുകളിൽ ഇന്ത്യാ സഖ്യമാണ് മുന്നിട്ടുനിൽക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിപോലും വാരാണസിയിൽ ഒരുഘട്ടത്തിൽ 6000ൽ അധികം വോട്ടുകൾക്ക് പിന്നിൽപോയത് ബിജെപിക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചു,. എന്നാൽ പിന്നീട് മോദിയും ലീഡെടുത്തു. കഴിഞ്ഞ തവണ അമേഠിയിൽ രാഹുൽ ഗാന്ധിയെ തോൽപ്പിച്ച സ്മൃതി ഇറാനി ഇത്തവണ 15,000ൽ അധികം വോട്ടുകൾക്ക് പിന്നിലാണ്.

ദേശീയതലത്തിൽ 290 സീറ്റുകളിലാണ് എൻ.ഡി.എ ലീഡ് ചെയ്യുന്നത്. ഇന്ത്യാ സഖ്യം 223 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നു. ഉത്തർപ്രദേശിന് പുറമെ മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. മഹാരാഷ്ട്രയിൽ 27 സീറ്റുകളിൽ ഇന്ത്യാ സഖ്യമാണ് ലീഡ് ചെയ്യുന്നത്. പഞ്ചാബിൽ 10 സീറ്റിലും ഇന്ത്യാ സഖ്യമാണ് മുന്നിട്ടുനിൽക്കുന്നത്. എൻ.ഡി.എക്ക് ഒരു സീറ്റിൽപോലും ലീഡ് ചെയ്യാൻ കഴിയുന്നില്ല.

കേരളത്തിൽ രണ്ട് സീറ്റുകളിൽ വിജയം ലക്ഷ്യമിട്ടാണ ബിജെപി കുതിക്കുന്നത്. തിരുവനന്തപുരവും തൃശ്ശൂരുമാണ് മുന്നേറ്റം. തൃശ്ശൂരിൽ വിജയം ഉറപ്പിച്ച സുരേഷ് ഗോപി വൻ ലീഡിലേക്കാണ് കുതിക്കുന്നത്. അതേസമയം തിരുവനന്തപുരത്ത് 20000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാജീവ് ചന്ദ്രശേഖർ മുന്നിലാണ്. തരൂർ ശക്തമായ മത്സരമാണ് ഇവിടെ നേരിടുന്നത്. കേരളത്തിൽ 17 സീറ്റുകളിൽ യു.ഡി.എഫും, തൃശൂരിലും തിരുവനന്തപുരത്തും എൻ.ഡി.എയും, ആലത്തൂരിൽ മാത്രം എൽ.ഡി.എഫും ലീഡ് ചെയ്യുന്നു.

ദേശീയം

എൻഡിഎ -290
ഇന്ത്യാ സഖ്യം-239
മറ്റുള്ളവർ-23

കേരളം

യുഡിഎഫ്- 17
എൽഡിഎഫ്-1
എൻഡിഎ-2