ന്യൂഡൽഹി: നരേന്ദ്ര മോദിക്കും എൻഡിഎക്കും മൂന്നാമൂഴം പ്രവചിച്ച് എക്‌സിറ്റ് പോളുകൾ. 350ലേറെ സീറ്റുകൾ നേടി എൻഡിഎ മുന്നണി അധികാരത്തിലെത്തുമെന്നാണ് പുറത്തുവന്ന മിക്ക പോളുകളും പ്രവചിക്കുന്നത്. എൻ.ഡി.എ. വീണ്ടും അധികാരത്തിലെത്തുമെന്നും റിപ്പബ്ലിക് ടി.വി- പി. മാർക് എക്സിറ്റ് പോൾ സർവേ പ്രവചിക്കുന്നു. എൻ.ഡി.എക്ക് 359 സീറ്റുകൾ ലഭിക്കാം. ഇന്ത്യ സഖ്യത്തിന് 154 സീറ്റുകളും മറ്റുള്ളവർക്ക് 30 സീറ്റുകളുമാണ് പ്രവചനം.

എൻഡിഎ സഖ്യത്തിന് 359 സീറ്റുകൾ കിട്ടുമെന്നാണ് മറ്റൊരു എക്‌സിറ്റ് പോൾ പ്രവചനം. ഇന്ത്യാ സഖ്യം 154 സീറ്റുകൾ നേടുമ്പോൾ മറ്റുള്ളവർ30 സീറ്റുകൾ നേടുമെന്ന് ഇന്ത്യാ ടുഡെ ഏക്സിസ് സർവെ പറയുന്നു. എൻഡിഎയ്ക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്ന് സീ പോൾ സർവെ പ്രകാരം 367 സീറ്റുകൾ വരെ എൻഡിഎയ്ക്കും ഇന്ത്യാ സഖ്യത്തിന് 133 സീറ്റുകളും മറ്റുള്ളവർക്ക് 72 സീറ്റുകളുമാണ് പറയുന്നത്.

അതേസമയം ടൈംസ നൗ എക്‌സിറ്റ് പോൾ പ്രകാരം കേരളത്തിൽ യുഡിഎഫിനാണ് മുൻതൂക്കം. 15 സീറ്റിൽ വരെ യുഡിഎഫ് വിജയിക്കുമെന്നാണ് പ്രവചനം. അതേസമയം എൽഡിഎഫ് നാല് സീറ്റുകളെന്നാണ് പ്രവചനം. അതേസമയം ബിജെപി അക്കൗണ്ട് തുറക്കുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു. തമിഴ്‌നാട്ടിലും ഇന്ത്യാ മുന്നണിക്ക് മുൻതൂക്കമെന്നാണ് തുടക്കതതിൽ വന്ന എക്‌സിറ്റ് പോളുകൾ വ്യക്തമാക്കുന്നത്. ന്യൂസ് 18 എക്‌സിറ്റ് പോൾ പ്രകാരം 39 സീറ്റുകൽ വരെ ഇന്ത്യാ മുന്നണി നേടുമെന്നാണ്, ബിജെപിക്ക് ഒന്ന് മുതൽ മൂന്ന് വരെ സീറ്റുകൾ ലഭിക്കുമെന്നുമാണ് ന്യൂസ് 18 പ്രവചിക്കുന്നത്.

ഇന്ത്യാ ടുഡേ ആകിസിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ സർവേ പ്രകാരം ഇന്ത്യാ മുന്നണിക്ക് തമിഴ്‌നാട്ടിൽ 26 മുതൽ 30 സീറ്റ് വരെയും എൻഡിഎയ്ക്ക് 1 മുതൽ 3 സീറ്റ് വരെയും ലഭിക്കും. മറ്റുള്ളവർക്ക് 6 മുതൽ 8 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. ജൂൺ നാലിന് വോട്ടെണ്ണലിലൂടെ യഥാർത്ഥ ഫലം പുറത്തുവരുമെങ്കിലും അതുവരെയുള്ള ദിനങ്ങളിൽ ഈ എക്സിറ്റ് പോളുകളായിരിക്കും പാർട്ടികൾക്ക് പ്രതീക്ഷയോ ആശങ്കയോ ആയി തുടരുക. എന്നാൽ, എക്‌സിറ്റ് പോൾ പ്രവചനങ്ങൾ യാഥാർഥ്യമായതും പ്രവചനങ്ങൾ പൂർണമായും തെറ്റിയതുമായ ചരിത്രങ്ങളുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഇരുമുന്നണികളും തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ്. ഇത്തവണയും അധികാരം നേടുമെന്ന് എൻഡിഎയും അട്ടിമറി നടക്കുമെന്ന് ഇന്ത്യാസഖ്യവും പറയുന്നു. ദക്ഷിണേന്ത്യയിലാണ് ഇന്ത്യാമുന്നണിയുടെ പ്രതീക്ഷയെങ്കിലും ഹിന്ദി ഹൃദയഭൂമിയിൽ തങ്ങൾ ആധിപത്യം തുടരുമെന്നും ദക്ഷിണേന്ത്യയിൽ മുന്നേറ്റം ഉണ്ടാക്കുമെന്ന് എൻഡിഎ അവകാശപ്പെടുന്നു. ബിജെപിയുടെ താരപ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുന്നൂറിലധികം മണ്ഡലങ്ങളിൽ നേരിട്ടെത്തിയെങ്കിൽ കോൺഗ്രസിന്റെയും ഇന്ത്യാമുന്നണിയിലെ കക്ഷികളുടെയും നേതാക്കളിൽ മിക്കവാറും പ്രചാരണത്തിൽ സജീവമായിരുന്നു.

ഏപ്രിൽ 11 മുതൽ മെയ് 19 വരെ നടന്ന 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം മെയ് 23-നാണ് പുറത്തുവന്നത്. പ്രധാനപ്പെട്ട ഏജൻസികളെല്ലാം നടത്തിയ എക്‌സിറ്റ് പോളുകൾ എൻഡിഎയുടെ വിജയം സുനിശ്ചിതമെന്ന് പ്രവചിച്ചിരുന്നു. 13 ഏജൻസികളുടെ എക്‌സിറ്റ് പോൾ ഫലങ്ങളുടെ ശരാശരി കണക്കെടുക്കുമ്പോൾ എൻഡിഎ സഖ്യത്തിന് 306 സീറ്റുകളും യുപിഎയ്ക്ക് 120 സീറ്റുകളുമായിരുന്നു പ്രവചിച്ചിരുന്നത്. എന്നാൽ, എക്‌സിറ്റിപോൾ പ്രവചനങ്ങൾക്കും മുകളിലായിരുന്നു എൻഡിഎക്കുണ്ടായ വിജയം. 303 സീറ്റുകൾ ബിജെപി മാത്രം നേടി എൻഡിഎ 352 സീറ്റുകൾ സ്വന്തമാക്കി.