- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് സർവേ ഫലം
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇക്കുറി മൂന്നോളം മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം കൊണ്ടം കെ മുരളീധരന്റെ എൻട്രികൊണ്ടും ശ്രദ്ധ നേടിയ തൃശ്ശൂരും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ എൻട്രിയോടെ ശ്രദ്ധ നേടിയ തിരുവനന്തപുരവും വി മുരളീധരൻ മത്സരിക്കുന്ന ആറ്റിങ്ങൽ മണ്ഡവുമാണ് ബിജെപി പ്രതീക്ഷ വെക്കുന്ന ഇടങ്ങൾ. പാലക്കാട്ടും കാസർകോടും ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളാണ് താനും. മോദിയുടെ ഗ്യാരണ്ടി മുദ്രാവാക്യമാക്കി കളത്തിലിറങ്ങിയ ബിജെപി സ്ഥാനാർത്ഥികൾക്ക് ഊർജ്ജം പകരുന്ന സർവേഫലമാണ് പുറത്തുവന്നത്.,
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ന്യൂസ് 18 നെറ്റ് വർക്കിന്റെ മെഗാ ഒപ്പീനിയൻ പോൾ ഫലമാണ് പ്രവചിക്കുന്നത്. എൻഡിഎ മുന്നണി 2 സീറ്റ് നേടുമെന്നാണ് സർവേ ഫലം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റ് നേടിയ യുഡിഎഫ് ഇത്തവണ 14 സീറ്റുകൾ നേടുമെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം തിരിച്ചടി നൽകുന്ന റിസൽട്ടാണ്. എൽഡിഎഫ് 4 സീറ്റിൽ ജയിക്കമെന്നും അഭിപ്രായ സർവേ ഫലം ചൂണ്ടിക്കാട്ടുന്നു. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ ആകെയുള്ള 20 സീറ്റിൽ ഒരു സീറ്റിൽ മാത്രമായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്.
കേരളത്തിൽ എൻഡിഎയ്ക്ക് 18 ശതമാനം വോട്ടുകൾ ലഭിക്കുമെന്ന് സർവേ ഫലത്തിൽ പറയുന്നു. യുഡിഎഫ് 47 ശതമാനം വോട്ടുകൾ നേടുമ്പോൾ സംസ്ഥാനത്തെ ഭരണകക്ഷിയായ എൽഡിഎഫ് 35 ശതമാനം വോട്ടുകളിൽ ഒതുങ്ങുമെന്നും ഫലം വ്യക്തമാക്കുന്നു. ാജ്യത്തെ 21 പ്രധാന സംസ്ഥാനങ്ങളിലെ 518 സീറ്റുകളിലെ സർവേ ഫലമാണ് രണ്ട് ദിവസങ്ങളിലായി ന്യൂസ് 18 പുറത്തുവിടുന്നത്.
രാജ്യത്തെ 1,18,616-ൽ അധികം പേരിൽ നടത്തിയ സർവേ ആധാരമാക്കിയാണ് ഫലം തയ്യാറാക്കിയിരിക്കുന്നതെന്നാണ് ന്യൂസ് 18 അവകാശപ്പെടുന്നത്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും ഏതെല്ലാം മണ്ഡലമായിരിക്കുമെന്നത് സംബന്ധിച്ച വിവരം ഇല്ല. കഴിഞ്ഞ ദിവസം പുറത്തുവന്ന എ.ബി.പി ന്യൂസ് സി വോട്ടർ അഭിപ്രായ സർവേയിൽ യു.ഡി.എഫ് 20 സീറ്റും നേടുമെന്നായിരുന്നു പ്രവചനം. ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനാവില്ലെന്നും ഈ സർവേ പ്രവചിച്ചിരുന്നു. യു.ഡി.എഫ് 44.5 ശതമാനം വോട്ട് നേടുമ്പോൾ എൽ.ഡി.എഫിന് 31.4 ശതമാനം വോട്ട് ലഭിക്കുമെന്നും എൻ.ഡി.എയ്ക്ക് 18 ശതമാനം വോട്ട് ലഭിക്കുമെന്നുമായിരുന്നു പ്രവചനം.
അതേസമയം ന്യൂസ് 18 സർവേയിൽ ഉത്തർപ്രദേശിലെ ഫലവും പുറത്തുവിട്ടിട്ടുണ്ട്. 80 ലോക്‌സഭാ അംഗങ്ങളാണ് യുപിയിലുള്ളത്. അതുകൊണ്ടുതന്നെ യുപി പിടിക്കുന്നവർ രാജ്യം ഭരിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. മെഗാ ഒപ്പീനിയൻ പോൾ പ്രകാരം 80 സീറ്റുകളിൽ 77 ഉം നേടി ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സംഖ്യം വിജയക്കൊടി പാറിക്കുമെന്നാണ് പ്രവചനം.
സമാജ് വാദി പാർട്ടിയും കോൺഗ്രസും അടങ്ങിയ ഇൻഡി സഖ്യം 2 സീറ്റുകളിൽ ഒതുങ്ങുമെന്നും ഒറ്റയ്ക്ക് മത്സരിക്കുന്ന ബിഎസ്‌പിക്ക് ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്നും സർവേ ഫലം ചൂണ്ടിക്കാട്ടുന്നു. അഭിപ്രായ വോട്ടെടുപ്പ് അനുസരിച്ച്, ബിജെപി നേതൃത്വത്തിലുള്ള സഖ്യം സംസ്ഥാനത്ത് 57% വോട്ടുകൾ നേടിയേക്കാം, അതേസമയം ഇൻഡി സഖ്യം 26%, ബിഎസ്‌പി 9%, മറ്റുള്ളവർ 8% വോട്ടുകൾ നേടിയേക്കാം.
രാജ്യത്തെ അടുത്ത പ്രധാനമന്ത്രിയാകാൻ ഏറ്റവും യോഗ്യതയുള്ള വ്യക്തി നരേന്ദ്ര മോദിയാണെന്നും സർവേയിൽ പറയുന്നു. 21 സംസ്ഥാനങ്ങളിലെ 518 ലോക്‌സഭാ മണ്ഡലങ്ങളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഫലം പുറത്ത് വന്നിരിക്കുന്നത്. മൂന്നാം തവണയും മോദി തന്നെ ഇന്ത്യയുടെ പ്രധാനമന്ത്രിയാവണമെന്നാണ് സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. സർവേയിൽ പങ്കെടുത്ത 59 ശതമാനം പേരും രാജ്യത്തെ ഏറ്റവും കരുത്തുറ്റ നേതാവായി കണക്കാക്കുന്നത് നരേന്ദ്ര മോദിയെയാണ്.
നരേന്ദ്ര മോദിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ്.ഇന്ത്യ സഖ്യത്തിന്റെ മുഖമായ രാഹുൽ ഗാന്ധി പക്ഷേ വളരെ പിന്നിലാണെന്നാണ് സർവേഫലം സൂചിപ്പിക്കുന്നത്. 21 ശതമാനം പേർ മാത്രമാണ് രാഹുൽ അടുത്ത പ്രധാനമന്ത്രിയാവാൻ യോഗ്യനാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. തൃണമുൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയാണ് മൂന്നാം സ്ഥാനത്തുള്ളത്. ആം ആംദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും മമതക്കൊപ്പം മൂന്നാം സ്ഥാനം പങ്കുവെക്കുന്നു. ഇരുവർക്കും 9 ശതമാനം പേരുടെ മാത്രം പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. പ്രതിപക്ഷ മുന്നണിയായ ഇൻഡി സഖ്യത്തിന്റെ നേതാക്കളാണ് മമതയും കെജ്രിവാളും.