അഗർത്തല: ത്രിപുരയിൽ കേരളവും ചർച്ചകളിൽ. കോൺഗ്രസിനേയും സിപിഎമ്മിനേയും കടന്നാക്രമിച്ച് ത്രിപുരയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുമ്പോഴാണ് കേരളവും ചർച്ചകളിൽ എത്തുന്നത്. ത്രിപുരയിൽ പഴയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത സിപിഎം. ആദ്യമത് ഭരണത്തിലുള്ള കേരളത്തിൽ നടപ്പാക്കി കാണിക്കട്ടേയെന്നും അദ്ദേഹം വെല്ലുവിളിച്ചു. പെട്രോൾ വില വർദ്ധനവ് അടക്കം ത്രിപുരയിൽ ചർച്ചയാക്കാൻ സിപിഎമ്മിന് കഴിയാത്ത സാഹചര്യമുണ്ട്. അത്തരം പ്രചരണത്തെ കേരളത്തിലെ പെട്രോൾ സെസ് ഉയർത്തി പ്രതിരോധിക്കാനാണ് ബിജെപി തീരുമാനം.

ഇതിനിടെയാണ് കേരളത്തിൽ പഴയ പെൻഷൻ നടപ്പാക്കാത്തവർ ത്രിപുരയിൽ പ്രഖ്യാപനം നടത്തുന്നതെന്ന് വിശദീകരിക്കുന്നത്. ത്രിപുരയിൽ ബിജെപി മുൻതൂക്കം പ്രതീക്ഷിക്കുന്നുണ്ട്. അറ്റകുറ്റപ്പണി നടത്താൻ കഴിയാത്തവിധം ഉപയോഗശൂന്യമായ സംഗീതോപകരണങ്ങളാണ് ഇരുപാർട്ടികളുമെന്ന് രാജ്നാഥ് സിങ് ആരോപിച്ചു. വെസ്റ്റ് അഗർത്തലയിൽ ബിജെപിയുടെ വിജയ് സങ്കൽപ്പ് യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ത്രിപുരയിലെ ഒരുപാർട്ടി ഓടക്കുഴലും മറ്റൊരു പാർട്ടി സിത്താറുമാണ്. കോൺഗ്രസ് നിറയെ തുളകൾ വീണ ഓടക്കുഴലാണ്. കമ്പി പൊട്ടിയ സിത്താറാണ് സിപിഎം. രണ്ടിലും സംഗീതമൊന്നും അവശേഷിക്കുന്നില്ല.'- രാജ്നാഥ് സിങ് പറഞ്ഞു.

സിപിഎം. ഭരണകാലത്ത് സംസ്ഥാനത്ത് ഭയവും പട്ടിണിയും അഴിമതിയും സർവസാധാരണമായിരുന്നു. ബിജെപി. അധികാരത്തിൽ വന്നതിന് ശേഷമാണ് നല്ലതിന് വേണ്ടിയുള്ള മാറ്റങ്ങളുണ്ടായത്. അഞ്ച് വർഷം അവസരം നൽകിയപ്പോൾ ത്രിപുരയുടെ മുഖച്ഛായ മാറ്റി. ഇനിയും അഞ്ച് വർഷം തന്നാൽ ഏറ്റവും മികച്ച സംസ്ഥാനമാക്കും. ഭരണത്തിലിരുന്നപ്പോൾ പാവപ്പെട്ടവരെ സിപിഎം. ചൂഷണം ചെയ്തെന്നും അദ്ദേഹം ആരോപിച്ചു. ഇന്റർനെറ്റിന്റെ സഹായത്തോടെ വടക്കുകിഴക്കൻ പ്രദേശങ്ങൾ ദ്രുതഗതിയിലുള്ള വികസനത്തിന് സാക്ഷ്യം വഹിക്കുന്നു. ത്രിപുര അക്ഷരാർത്ഥത്തിൽ സാമ്പത്തിക വികസനത്തിലേക്ക് കുതിക്കുകയാണ്.

സിപിഎം ഭരണകാലത്ത് ഇല്ലായിരുന്ന അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴുണ്ട്. വൈദ്യുതി, ജല കണക്ഷനുകൾ, റോഡുകൾ എന്നിവ ലഭ്യമാണ്. ബിജെപി ഭരണത്തിൽ സ്ത്രീകൾക്ക് ബഹുമാനവും ആനുകൂല്യങ്ങളും ലഭിക്കുന്നു. അക്രമം അവസാനിച്ചതിനാൽ ക്രമസമാധാനവും പുലരുന്നു.പാവപ്പെട്ടവരുടെ രക്ഷകരെന്ന് സ്വയം അവകാശപ്പെടുന്ന സിപിഎം പാവപ്പെട്ട ജനങ്ങളെ വർഷങ്ങളായി ചൂഷണം ചെയ്തവരാണ്. അവർക്കായി ഒന്നും ചെയ്തില്ല. ജനങ്ങളാണ് ത്രിപുരയിൽ ബിജെപിയെ പൂജ്യത്തിൽ നിന്ന് നായക പദവിയിലെത്തിച്ചത്-രാജ് നാഥ് സിങ് പറഞ്ഞു. മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബും റാലിയെ അഭിസംബോധന ചെയ്തു.

ത്രിപുരയിൽ മത്സരിക്കുന്ന 259 പേരിൽ 45 പേർ കോടിപതികളെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ട്. ഏറ്റവും കൂടുതൽ കോടിപതികളായ സ്ഥാനാർത്ഥികളുള്ള പാർട്ടി ഭരണകക്ഷിയായ ബിജെപിയാണ്. പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബർമ്മന്റെ തിപ്രമോത്തയുടെ ഒമ്പത് പേരും സിപിഎമ്മിൽ ഏഴ് പേരും കോടിപതികളാണ്. കോൺഗ്രസിൽ ആറുപേരും തൃണമൂൽ കോൺഗ്രസിൽ നാലുപേരും സ്വതന്ത്രരിൽ രണ്ടുപേരുമാണ് മറ്റ് അതിസമ്പന്നർ.

നിലവിലെ ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് ദേവ് വർമ്മയാണ് അതിസമ്പന്നരായ സ്ഥാനാർത്ഥികളിൽ ഒന്നാമൻ. 15.58 കോടിയുടെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. ബർദോവാലിയിൽ നിന്ന് ജനവിധി തേടുന്ന നിലവിലെ മുഖ്യമന്ത്രി മണിക് സാഹയുടെ ആകെ സമ്പാദ്യം 13.90 കോടി രൂപയുടേതാണ്. തിപ്രമോത്തയുടെ അഭിജിത്ത് സർക്കാരാണ് സമ്പന്നരിൽ മൂന്നാമൻ, 12.57 കോടിയുടെ സ്വത്തുക്കൾ.

ആകെ സ്ഥാനാർത്ഥികളിൽ 16 ശതമാനാണ് ക്രിമിനൽ കേസുകൾ ഉള്ളവർ. 2018ലെ തിരഞ്ഞെടുപ്പിൽ 297 ആകെ സ്ഥാനാർത്ഥികളിൽ 22 പേരായിരുന്നു ക്രിമിനൽ കേസ് പ്രതികൾ. ഇത്തവണയത് 41 ആണ്. ആകെ സ്ഥാനാർത്ഥികളുടെ എണ്ണം കുറഞ്ഞപ്പോൾ, ക്രിമിനൽ കേസ് ഉള്ളവരുടെ എണ്ണം വർധിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥികളിൽ 54 ശതമാനം പേർക്കും ക്രിമിനൽ കേസുകളുണ്ട്. ബിജെപിയുടെ 55 സ്ഥാനാർത്ഥികളിൽ ഒമ്പത് പേരാണ് ക്രിമിനൽ കേസ് പ്രതികൾ. 43 ഇടത് മുന്നണി സ്ഥാനാർത്ഥികളിൽ ഒമ്പത് പേരാണ് ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ളത്.

65 ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ളവരും 12-ാം ക്ലാസ് യോഗ്യതയുള്ള 55 പേരും പത്താം ക്ലാസ് യോഗ്യതയുള്ള 39 പേരും ഫെബ്രുവരി 16-ന് ജനവിധി തേടും. എട്ടാം ക്ലാസ് പാസായ 36 പേരും അഞ്ചാം ക്ലാസ് പാസായ ഒമ്പത് പേരും മത്സരരംഗത്തുണ്ട്.