- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹിച്ച സീറ്റ് വനിതാ സംവരണമായി മാറി; നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ് വിവാഹം കഴിച്ചു; ഭാര്യയെ എഎപി സ്ഥാനാർത്ഥിയാക്കി; കോൺഗ്രസ് നേതാവിന്റെ 'പ്രതികാരം' തിരിച്ചടിയായത് ബിജെപിക്ക്
രാംപുർ: തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാൻ വേണ്ടിയുള്ള പോരാട്ടങ്ങളും കുതികാൽവെട്ടും ഒക്കെ രാഷ്ട്രീയത്തിൽ സാധാരണ സംഭവങ്ങളാണ്. എന്നാൽ സ്ഥാനാർത്ഥിയാകാൻ വേണ്ടി നേതാക്കൾ വിവാഹം കഴിക്കുമോ? ഉത്തർ പ്രദേശിലെ രാംപുരിൽ മോഹിച്ച സീറ്റ് സ്ത്രീ സംവരണമായി മാറിയതോടെയാണ് കോൺഗ്രസ് നേതാവ് വിവാഹം കഴിച്ചതും ഒടുവിൽ ഭാര്യയെ മത്സരിപ്പിച്ച് വിജയിപ്പിച്ചതും.
സംവരണ സീറ്റിൽ ഭാര്യയെ മത്സരിപ്പിക്കാൻ നാമനിർദേശ പത്രിക നൽകുന്നതിന്റെ രണ്ട് ദിവസം മുമ്പാണ് കോൺഗ്രസ് നേതാവ് വിവാഹം കഴിച്ചത്. 36കാരിയെയാണ് 45കാരനായ കോൺഗ്രസ് നേതാവ് വിവാഹം കഴിച്ചത്. ഫലം വന്നപ്പോൾ ഭാര്യ വിജയിക്കുകയും ചെയ്തു.
45കാരനായ പ്രാദേശിക നേതാവ് മാമൂൻ ഷായാണ് 35കാരിയായ സനം ഖാനുത്തിനെ വിവാഹം ചെയ്തത്. കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് എഎപി ടിക്കറ്റിലാണ് ഭാര്യയെ മത്സരിപ്പിച്ചത്.
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ്, ഏപ്രിൽ 15നായിരുന്നു ഇവരുടെ വിവാഹം. രാംപുരിൽ മത്സരിക്കാൻ നേതാവ് തയ്യാറെടുക്കുന്നതിനിടെയാണ് സീറ്റ് വനിതാ സംവരണമാക്കിയത്. ചെയർമാൻ സീറ്റിലേക്ക് ബിജെപി സ്ഥാനാർത്ഥിയെ കൂറ്റൻ മാർജിനിൽ തോൽപ്പിച്ച് എഎപിക്കും രാംപുരിൽ അക്കൗണ്ട് തുറക്കാനും സനത്തിന് സാധിച്ചു. ഭർത്താവ് മാമൂൻ ഖാനും സന്തോഷത്തിലാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ചെയർമാൻ സ്ഥാനം എസ്‌പിക്കായിരുന്നു. എസ്‌പി നേതാവ് അസംഖാന്റെ ശക്തികേന്ദ്രമാണ് രാംപുർ. ബിജെപി സ്ഥാനാർത്ഥി 32,157 വോട്ടുകൾ നേടിയപ്പോൾ എസ്‌പിയുടെ ഫാത്തിമ സാബി 16,269 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 43115 വോട്ടുകളാണ് സന നേടിയത്.
കഴിഞ്ഞ 25 വർഷമായി കോൺഗ്രസ് തന്നെ അവഗണിക്കുകയാണെന്ന് മാമൂൻ ഖാൻ കുറ്റപ്പെടുത്തി. വർഷങ്ങളോളം ഞാൻ ഒരു സാമൂഹിക പ്രവർത്തകനെന്ന നിലയിൽ ആളുകൾക്കിടയിൽ കഠിനാധ്വാനം ചെയ്തു, ഇത്തവണ സജീവ രാഷ്ട്രീയത്തിലേക്ക് കടക്കാൻ തീരുമാനിച്ചു. എന്നാൽ അവസാന നിമിഷം, ഞാൻ ആഗ്രഹിച്ച സീറ്റ് സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടു.
സമയം കളയുന്നതിന് പകരം എത്രയും വേഗത്തിൽ വിവാഹം ചെയ്ത് ഭാര്യയെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചത്. എല്ലാം വളരെ പെട്ടെന്ന് സംഭവിച്ചു. എന്റെ പദ്ധതികൾക്കൊപ്പം ദൈവമുണ്ടായിരുന്നു. മനസ്സിനിണങ്ങിയ വധുവിനെ കണ്ടെത്തി. അവൾക്കൊരു സീറ്റ് ഒപ്പിക്കുക എന്നതായിരുന്നു അടുത്ത കടമ്പ.
കോൺഗ്രസ് സീറ്റ് നിഷേധിച്ചു. എന്നാൽ എഎപി പ്രാദേശിക നേതാക്കൾ സീറ്റ് വാഗ്ദാനം ചെയ്തു. വിജയം ഭർത്താവിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് സനയും പ്രതികരിച്ചു. ബിരുദാനന്തരബിരുദധാരിയാണ് സന.
മറുനാടന്‍ മലയാളി ബ്യൂറോ