- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആരാണ് ആ വിജയൻ?' മന്ത്രി വാസവൻ കൂടി അറിഞ്ഞാണ് ഓഡിയോ ക്ലിപ്പ് നിർമ്മിച്ചതെന്ന് സതീശൻ; എൽ.ഡി.എഫിന്റെ തലയിൽ കെട്ടിവേക്കേണ്ടെന്ന് വാസവൻ; അന്വേഷണത്തിന് തയ്യാറുണ്ടോയെന്ന് ജെയ്കും; വോട്ടെടുപ്പ് ദിവസവും വാക്പോര്
പുതുപ്പള്ളി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതായി പറയപ്പെടുന്ന ഓഡിയോ ക്ലിപ്പിനെച്ചൊല്ലി ഇരു മുന്നണികളും തമ്മിൽ വോട്ടെടുപ്പ് ദിവസവും വാക്പോര് തുടരുന്നു. മന്ത്രി വാസവൻ കൂടി അറിഞ്ഞാണ് ഓഡിയോ ക്ലിപ്പ് നിർമ്മിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. എന്നാൽ ക്ലിപ്പിന്റെ ഉത്തരവാദിത്വം എൽ.ഡി.എഫിന്റെ തലയിൽ കെട്ടിവേക്കേണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഓഡിയോ ക്ലിപ്പിനെക്കുറിച്ച് അന്വേഷണത്തിന് തയ്യാറുണ്ടോയെന്ന് പുതുപ്പള്ളിയിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി ജെയ്ക് സി. തോമസും വെല്ലുവിളിച്ചു.
എന്നാൽ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അദ്ദേഹം തന്നെ വ്യക്തമായി എഴുതിവെച്ചിട്ടുണ്ടെന്നും സമയമാവുമ്പോൾ പുറത്തുവിടാമെന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ മറുപടി. ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദത്തിൽ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിനെതിരെ പരാതി നൽകാൻ യുഡിഎഫ് തയാറാകാത്തത് എന്തുകൊണ്ടാണെന്നു ജെയ്ക് സി.തോമസ് ചോദിച്ചു. യുഡിഎഫ് നേതാക്കൾ സംസാരിക്കുന്ന ക്ലിപ് പുറത്തുവന്നത് യുഡിഎഫ് ക്യാംപിൽനിന്നാണ്. 'നമ്മുടെ വിജയനാണ്' എന്നതു മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്നത് തന്റെ അനുഭവത്തിലില്ലെന്നും ജെയ്ക് പറഞ്ഞു.
'ഓഡിയോ ക്ലിപ്പിന്റേയും വീഡിയോ ക്ലിപ്പിന്റേയും ഉത്തരവാദിത്തം ഞങ്ങളുടെ തലയിൽ കെട്ടിവെക്കണ്ട. രണ്ടുകോൺഗ്രസ് നേതാക്കൾ സംസാരിക്കുന്ന സംഭാഷണം പുറത്തുവന്നിട്ടുണ്ടെങ്കിൽ, അതിലെങ്ങനെ എൽ.ഡി.എഫ്. ഭാഗമാകും?. പള്ളിക്കത്തോടിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസിന്റെ ഡി.സി.സി. ഭാരവാഹികളിലൊരാളുമായ വിജയകുമാറുമാണ് സംഭാഷണത്തിന്റെ ഒരു തലയ്ക്കൽ. മറ്റൊന്ന് എം. മധുവാണ്. അന്വേഷിക്കാൻ യു.ഡി.എഫ്. പറഞ്ഞാൽ കൃത്യമായി സംഭവം പുറത്തുകൊണ്ടുവരാൻ കഴിയും. അതിന് തയ്യാറാവുമോ യു.ഡി.എഫ്?', വി.എൻ. വാസവൻ ചോദിച്ചു.
ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അദ്ദേഹം വ്യക്തമായി എഴുതിവെച്ചിട്ടുണ്ടെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. അദ്ദേഹത്തെ ഒമ്പതുവർഷം വേട്ടയാടി. അതുപോലെ വീണ്ടുംവേട്ടയാടൽ നടക്കും എന്ന് മനസിലാക്കിയതുകൊണ്ടാണ് ഒക്ടോബർ ആറിന് ഡയറിയിൽ എഴുതിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 'വളരെ യാദൃച്ഛികമായി അദ്ദേഹത്തിന്റെ ഡയറി ഞാൻ കണ്ടു. അദ്ദേഹം മുൻകൂട്ടി കണ്ട ആളായതുകൊണ്ട്, വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്.
ഒക്ടോബർ ആറ് എന്ന ഡേറ്റിൽ ആരോഗ്യസ്ഥിതിയെക്കുറിച്ചും നടന്നകാര്യങ്ങളെക്കുറിച്ചും. ചാണ്ടി നേതൃത്വം കൊടുത്തിട്ട് ദീർഘനേരം ഒരു അമേരിക്കയിലെ ഡോക്ടറുമായി സംസാരിച്ചുവെന്ന് അദ്ദേഹം എഴുതിവെച്ചിട്ടുണ്ട്. അടുത്ത ദിവസം പരിശോധന നടത്തിയപ്പോൾ നോർമലായിരുന്നു, ആശ്വാസമായി. ഭാരത് ജോഡോ യാത്രയിലെ സഹപ്രവർത്തകനായിരുന്ന ഡോ. ഹെന്റിയുമായി സംസാരിച്ചതിനെക്കുറിച്ചാണ് അതിൽ എഴുതിവെച്ചിരിക്കുന്നത്. മറ്റൊരു വശത്ത് ഹെൽത്ത് നോട്ടായി പ്രത്യേകമായി ചികിത്സാകാര്യങ്ങൾ എഴുതിവെച്ചിട്ടുണ്ട്. സമയമാവുമ്പോൾ കുറിപ്പുകൾ പുറത്തുവിടുമെന്നും ചാണ്ടി ഉമ്മൻ അറിയിച്ചു.
വളരെ തരംതാണ പ്രചാരണമാണ് നടക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം. 'സൈബർ ഇടങ്ങളിലാണ് സിപിഎം. ഏറ്റവും കൂടുതൽ വൃത്തികേട് കാണിക്കുന്നത്. ഹീനമായ തരത്തിലുള്ള പ്രചാരണമാണത്. വാസവന്റെ മറുപടി കേട്ടാൽ അദ്ദേഹം കൂടി അറിഞ്ഞുകൊണ്ടാണ് ഇത് ചെയ്തതെന്ന് മനസിലാവും. ക്ലിപ്പിങ്ങിനെക്കുറിച്ച് അന്വേഷിക്കണം', അദ്ദേഹം ആവശ്യപ്പെട്ടു.
'നമ്മുടെ വിജയൻ പറ്റിച്ച പണിയാണെന്നാണ് പറയുന്നത്. ഉദ്ദേശിച്ചത് പിണറായി വിജയനെക്കുറിച്ചാണോ എന്നറിയില്ല. യുഡിഎഫിന്റെ സമുന്നതനായ നേതാവ് സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് മറ്റാർക്ക് പുറത്തുവിടാൻ കഴിയും. ദൃശ്യങ്ങളും വാക്കുകളും വ്യാജമായി നിർമ്മിച്ചതാണെന്ന് വാദമുണ്ടോ? അതുണ്ടെങ്കിൽ അതിനും മറുപടിയുണ്ട്. പറഞ്ഞതും വിശദീകരിച്ചതും സംസാരിച്ചതുമൊക്കെ കോൺഗ്രസുകാരാണ്. ആ ദൃശ്യങ്ങളെ സംബന്ധിച്ചാണ് നിങ്ങളോട് സംസാരിച്ചത്. മറ്റുപല കാര്യങ്ങൾക്കും ശാസ്ത്രീയമായ അന്വേഷണത്തിന് പരാതികൊടുത്തു. ഇതിനും കൊടുക്കട്ടെ', എന്നായിരുന്നു ജെയ്കിന്റെ പ്രതികരണം
പാമ്പാടിയിൽനിന്നു പ്രവർത്തനമാരംഭിച്ച്, പുതുപ്പള്ളി നിയോജക മണ്ഡലത്തിലാകെ പ്രവർത്തിച്ചു പാരമ്പര്യമുള്ള, എന്നേക്കാളെല്ലാം മുതിർന്ന രാഷ്ട്രീയാനുഭവമുള്ള വ്യക്തി എന്താണ് മുൻ മുഖ്യമന്ത്രിയുടെ മകളോട് (അച്ചു ഉമ്മൻ) പറഞ്ഞത്? ഇതു നമ്മുടെ വിജയൻ പറ്റിച്ച പണിയാണ് എന്നതാണ്. ആദരണീയനായ കോൺഗ്രസ് നേതാവ് ഉദ്ദേശിച്ചത് പിണറായി വിജയനെയാണോ? എനിക്കറിയില്ല. പഞ്ചായത്തുതലം മുതൽ നേതൃപദവികൾ വഹിച്ച, ജില്ലയിലെ സമുന്നതനായ കോൺഗ്രസ് നേതാവിനെ സംബന്ധിച്ചാണോ?
ഇക്കാര്യത്തിൽ ഞാൻ തള്ളാനുമില്ല, കൊള്ളാനുമില്ല. ക്ലിപ്പുകളിൽ കണ്ടതും കേട്ടതും പരസ്പരം സംസാരിച്ചതുമെല്ലാം കോൺഗ്രസുകാരാണ്. മറ്റു പല കാര്യങ്ങളിലും ശാസ്ത്രീയമായ അന്വേഷണത്തിന് അവർ പരാതി കൊടുത്തല്ലോ. ഇക്കാര്യത്തിലും പരാതി കൊടുക്കട്ടെ.'' ജെയ്ക് മാധ്യമങ്ങളോടു പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ