- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുപ്പള്ളിയിലെ ആദ്യ ട്രെൻഡ് എട്ടരയോടെ വ്യക്തമാകും; ജയം ആർക്കെന്ന് ഒൻപത് മണിക്ക് ഉറപ്പിക്കാം; അന്തിമ ഫലം പത്തു മണിയോടെയെന്നും വിലയിരുത്തൽ; എല്ലാ കണ്ണും പുതുപ്പള്ളിയിലേക്ക്; ചാണ്ടി ഉമ്മൻ ജയിക്കുമെന്ന് ഉറച്ചു വിശ്വസിച്ച് കോൺഗ്രസ്; അട്ടിമറി പ്രതീക്ഷയിൽ ജെയ്കും സിപിഎമ്മും; വോട്ട് കുറയില്ലെന്ന പ്രതീക്ഷയിൽ ബിജെപി; മറുനാടനിലും വിപുലമായ ഒരുക്കങ്ങൾ
കോട്ടയം: പുതുപ്പള്ളിയുടെ ജനപ്രതിനിധിയെ വെള്ളിയാഴ്ച അറിയാം. ബസേലിയസ് കോളേജിൽ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. ആദ്യ ഫലസൂചനകൾ എട്ടരയോടെ അറിയാം. ആരു ജയിക്കുമെന്ന വ്യക്തമായ നില ഒൻപതുമണിയോടെ ലഭിക്കും. 53 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ വേർപാടിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. ചാണ്ടി ഉമ്മൻ (യു.ഡി.എഫ്.), ജെയ്ക് സി. തോമസ് (എൽ.ഡി.എഫ്.), ലിജിൻലാൽ (എൻ.ഡി.എ.) എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ. തൽസമയ ഫലം എത്തിക്കാൻ വിപുലമായ ഒരുക്കങ്ങൾ മറുനാടനും ചെയ്തിട്ടുണ്ട്. മറുനാടൻ ടിവിയിലും തൽസമയ വിശകലനവും ഫലവും ലഭ്യമാകും.
25,000-32,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നാണ് ഐക്യമുന്നണി ക്യാമ്പിന്റെ വിലയിരുത്തൽ. 5,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അട്ടിമറിജയം ലഭിക്കുമെന്നാണ് ഇടതുമുന്നണി കരുതുന്നത്. വോട്ട് കൂടുമെന്ന് ബിജെപി.യും പ്രതീക്ഷിക്കുന്നു. ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നു രാവിലെ 8നു കോട്ടയം ബസേലിയസ് കോളജിൽ ആരംഭിക്കും. ആദ്യ ഫലസൂചന ഒൻപതോടെ ലഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. പിന്നാലെ എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. പത്തോടെ ഫലം പൂർണ്ണമായും പുറത്തു വരും.
1970 മുതൽ 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത് ഉമ്മൻ ചാണ്ടിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽക്കാലം എംഎൽഎ ആയിരുന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്. ജൂലൈ 18നാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്. ആദ്യ മണിക്കൂറിൽ തന്നെ പുതുപ്പള്ളിയുടെ മനസ് എങ്ങോട്ടേക്കാണെന്ന വ്യക്തമായ സൂചന ലഭിച്ചേക്കും. 72.86 ശതമാനം പോളിംഗോടെയാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിധിയെഴുത്ത് പൂർത്തിയായത്.
വലിയ ഭൂരിപക്ഷം കണക്കുകൂട്ടി യു ഡി എഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ ചെറിയ ഭൂരിപക്ഷമായാലും ജയിക്കുമെന്ന പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് എൽ ഡി എഫ്. പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിൽ യു ഡി എഫിന് മികച്ച ജയമുണ്ടാകുമെന്നാണ് എക്‌സിറ്റ് പോളുകൾ പറയുന്നത്. ആകെ പോൾ ചെയ്തതിന്റെ 53 ശതമാനം വോട്ട് നേടി ചാണ്ടി ഉമ്മൻ ജയിക്കുമന്നതടക്കമുള്ള എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ എക്‌സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്നാണ് എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് പ്രതികരിച്ചത്. ജനങ്ങളിലാണ് വിശ്വാസമെന്നും എക്‌സിറ്റ് പോളുകളെ മുഖവിലക്കെടുക്കുന്നില്ലെന്നും ജെയ്ക് സി തോമസ് പറഞ്ഞു.
രാവിലെ എട്ട് മണിക്കാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കോട്ടയം ബസേലിയസ് കോളേജിൽ ആരംഭിക്കുക. മണ്ഡലത്തിൽ ആകെയുള്ള 182 ബൂത്തുകളിലെ വോട്ടുകൾ 20 മേശകളിലായി സൂഷ്മമായി എണ്ണും. ഇതിലെ 14 മേശകൾ വോട്ടിങ് മെഷിനീൽ നിന്നുള്ള കണക്കുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിന് വേണ്ടിയാണ് സജ്ജീകരിച്ചിരിക്കുന്നത്. തപാൽ വോട്ടുകൾ എണ്ണാൻ അഞ്ച് മേശകൾ ഒരുക്കിയിരിക്കുമ്പോൾ അവശേഷിക്കുന്ന ഒരു ടേബിളിൽ സർവീസ് വോട്ടുകൾ എണ്ണും.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ 13 റൗണ്ടുകളിലായാണ് എണ്ണാനായി മേശയിലേക്ക് വരിക. മണ്ഡലത്തിൽ ആകെയുള്ള 182 ബൂത്തുകളിൽ ഒന്ന് മുതൽ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടിൽ എണ്ണാനായി എടുക്കുക. രണ്ടാം റൗണ്ടിൽ 15 മുതൽ 28 വരെയുള്ള ബൂത്തുകളിലെ എണ്ണും. ഇങ്ങനെ തുടർച്ചയായി 13 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ പുരോഗമിക്കുക. കനത്ത സുരക്ഷയിലാണ് ബസേലിയോസ് കോളേജിൽ വോട്ടെണ്ണൽ നടക്കുക.
മറുനാടന് മലയാളി ബ്യൂറോ