കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലേറ്റ തോൽവിയിൽ ഏകപക്ഷീയമായ വിധിതിർപ്പിനില്ലെന്നും പുതുപ്പള്ളിയുടെ വികസനത്തിനായുള്ള രാഷ്ട്രീയ സമരങ്ങൾ തുടരുമെന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി. തോമസ്. ബിജെപിയുടെ വോട്ട് ആര് ചെയ്തു ആർക്ക് ചെയ്തുവെന്നതിൽ താൻ തീർപ്പുകൽപ്പിക്കുന്നില്ലെന്നും ജെയ്ക്ക് പറഞ്ഞു.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജെയ്ക്ക്.

ഇതുവരെയുള്ള ഉപതെരഞ്ഞെടുപ്പുകളുടെ ചരിത്രമെന്താണ് നമുക്കെല്ലാവർക്കുമറിയാം. അതിൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പ്രത്യേകത എന്താണെന്നുമറിയാം. ആദരണീയനായ മുൻ മുഖ്യമന്ത്രിയുടെ മരണാനന്തരം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് ഉപതെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വരുന്നത്. വോട്ടെടുപ്പ് നടക്കുന്നതിന്റെ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മരിച്ചിന്റെ 40ാം ദിവസം. ഇത്തരമൊരു അന്തരീക്ഷത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

തെരഞ്ഞെടുപ്പിൽ ജീവിത പ്രശ്‌നങ്ങളും വികസനവുമാണ് എൽ.ഡി.എഫ് മുന്നോട്ടുവെച്ചത്. പക്ഷേ പുതുപ്പള്ളിയുടെ വികസനവും ജീവിത പ്രശ്‌നങ്ങളുമൊക്കെ ചർച്ച ചെയ്യാൻ ഞങ്ങൾ തയ്യാറായപ്പോൾ അതിനോട് യു.ഡി.എഫ് മുഖംതിരിച്ചു. ചില പേരുകളെ സൃഷ്ടിച്ച് അതിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് ഉണ്ടാക്കുകയെന്നത് മാത്രമായിരുന്നു അവരുടെ ശ്രമം. തെരഞ്ഞെടുപ്പ് ഫലത്തിൽ ഏകപക്ഷീയമായ വിധതീർപ്പിനില്ല. പുതുപ്പള്ളിയുടെ മുന്നേറ്റത്തിനും വികസനത്തിനുമുള്ള രാഷ്ട്രീയ സമരങ്ങളും ശ്രമങ്ങളും ഇനിയും തുടരും- ജെയ്ക്ക് സി. തോമസ് പറഞ്ഞു.

ബിജെപിയുടെ വോട്ടുനില സംബന്ധിച്ച് മുൻപും വിശദീകരിച്ചതാണ്. കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ചൂണ്ടികാണിച്ചത്. 2019ൽ, 20911 വോട്ടുകളുള്ള പാർട്ടിയായിരുന്നു പുതുപ്പള്ളിയിൽ ബിജെപി. 2021ൽ അത് നേർ പകുതിയായി 10694 കുറഞ്ഞു . 2023ൽ 6447 ആയി. 50 ശതമാനത്തോളമാണ് ഇടിവ്. ബിജെപിയുടെ വോട്ട് ആര് ചെയ്തു ആർക്ക് ചെയ്തുവെന്നതിൽ ഞാൻ തീർപ്പുകൽപ്പിക്കുന്നില്ല. സമാന്യ യുക്തികൊണ്ട് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടാകും. എന്തുകൊണ്ട് ബിജെപിയുടെ വോട്ട് കൂപ്പുകുത്തിയതെന്നും ആർക്ക് വോട്ടു നൽകിയെന്നെല്ലാം പരിശോധിക്കപ്പെടട്ടെയെന്നും ജെയ്ക്ക് സി തോമസ് പറഞ്ഞു.

പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി. തോമസ് മൂന്നാമത്തെ പരാജയമാണ് നേരിട്ടത്. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ മകനും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ ചാണ്ടി ഉമ്മൻ 37719 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് 42,425 വോട്ടും പിടിച്ചു.

2016ലെ തെരഞ്ഞെടുപ്പിലാണ് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിക്കെതിരെ ആദ്യമായി ജെയ്ക് സി. തോമസ് ഇടത് സ്ഥാനാർത്ഥിയാകുന്നത്. ആ തെരഞ്ഞെടുപ്പിൽ 27,092 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ്മൻ ചാണ്ടി വിജയിക്കുന്നത്. ആകെ പോൾ ചെയ്ത 1,34,034 വോട്ടിൽ 71,597 വോട്ട് ഉമ്മൻ ചാണ്ടിയും 44,505 വോട്ട് ജെയ്ക് സി. തോമസും പിടിച്ചു.

2021ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്കെതിരെ ജെയ്കിനെ വീണ്ടും സ്ഥാനാർത്ഥിയാക്കി സിപിഎം. വാശിയേറിയ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി വിജയിച്ചെങ്കിലും ഭൂരിപക്ഷം കുറക്കാൻ ജെയ്കിന് സാധിച്ചു. മുൻ തെരഞ്ഞെടുപ്പിലെ 27,092ൽ നിന്നും ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 9,044 ആയാണ് കുറഞ്ഞത്. ആകെ പോൾ ചെയ്ത 1,31,797 വോട്ടിൽ ഉമ്മൻ ചാണ്ടി 63,372 വോട്ട് പിടിച്ചപ്പോൾ ജെയ്ക് 54,328 വോട്ട് നേടി.

ഇത്തവണ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ വൈകിയ സിപിഎം മൂന്നാം തവണയും ജെയ്കിനെ നിർത്തുകയായിരുന്നു. എട്ട് പഞ്ചായത്തിൽ പുതുപ്പള്ളി അടക്കം ആറിടത്ത് എൽ.ഡി.എഫ് ഭരണപിടിച്ചത് ചൂണ്ടിക്കാട്ടിയാണ് പുതുപ്പള്ളി മണ്ഡലത്തിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ഇതോടൊപ്പം പിണറായി സർക്കാറിന്റെ വികസനം വിഷയമാക്കി. എന്നാൽ, ഇടത് സർക്കാറിനെതിരെയുള്ള ഭരണവിരുദ്ധ വികാരവും ഉമ്മൻ ചാണ്ടിയുടെ മരണം ഉയർത്തിവിട്ട സഹതാവുമാണ് ജെയ്കിന് മൂന്നാം തവണ തിരിച്ചടിയായത്.