- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെങ്ങ് ചിഹ്നത്തിൽ അന്ന് ഉമ്മൻ ചാണ്ടി പിടിച്ചെടുത്ത പുതുപ്പള്ളി; പിതാവിന്റെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്ന് പിൻഗാമിയായി ചാണ്ടി ഉമ്മൻ; സത്യ പ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10 മണിക്ക്
തിരുവനന്തപുരം: പുതുപ്പള്ളി മണ്ഡലത്തെ 53 വർഷം നിയമസഭയിൽ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് മകൻ ചാണ്ടി ഉമ്മൻ നിയമസഭയിലേക്കെത്തുന്നത്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മൻ ജയിച്ചു കയറിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ചാണ്ടി ഉമ്മന്റെ സത്യ പ്രതിജ്ഞ തിയ്യതി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ് സത്യ പ്രതിജ്ഞ.
ഉമ്മൻ ചാണ്ടിയോടുള്ള വികാരത്തിനപ്പുറം ഭരണവിരുദ്ധ തരംഗം ആഞ്ഞുവീശിയെന്ന് കണക്കാക്കുന്ന തെരഞ്ഞെടുപ്പിൽ, മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടേത്. പോൾ ചെയ്ത വോട്ടുകളുടെ 61 ശതമാനവും വാരിക്കൂട്ടിയ ചാണ്ടി ഉമ്മൻ എതിർ സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെ അക്ഷരാർത്ഥത്തിൽ നിലംപരിശാക്കി. യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാൾ 14,726 വോട്ടുകൾ കൂടിയപ്പോൾ എൽഡിഎഫിന് 12,684 വോട്ടുകൾ കുറഞ്ഞു. വെറും 6447 വോട്ടുകൾ മാത്രം നേടാനായ ബിജെപി പുതുപ്പള്ളിയിലും നാണംകെട്ടു.
ഉമ്മൻ ചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ചാണ്ടി ഉമ്മൻ ബഹുദൂരം പിന്നിലാക്കി. 2011 തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സുജ സൂസൻ ജോർജിനെതിരെ 33255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മത്സരിച്ച 12 തെരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിൽ ഉമ്മൻ ചാണ്ടിയുടെ ഉയർന്ന ഭൂരിപക്ഷം. 2021ൽ ഉമ്മൻ ചാണ്ടിക്ക് 9044 വോട്ടിന്റെ ഭൂരിപക്ഷം നൽകിയാണ് പുതുപ്പള്ളി നിയമസഭയിലേക്ക് ടിക്കറ്റ് നൽകിയത്.
കേരള രാഷ്ട്രീയത്തിലെ അതികായനായ ഉമ്മൻ ചാണ്ടി കിതച്ച 2021ൽ നിന്ന് 2023ൽ എത്തുമ്പോൾ ചാണ്ടി ഉമ്മൻ തുടക്കം മുതൽ വ്യക്തമായ ലീഡ് നേടിയിരുന്നു. ഒരു ഘട്ടത്തിൽ പോലും ചാണ്ടിയെ മുന്നേറാൻ ജെയ്ക് സി തോമസിനായില്ലെന്നത് ശ്രദ്ധേയമാണ്.
തിരഞ്ഞെടുപ്പുകൾ മാറിമാറി വരുമ്പോഴെല്ലാം എല്ലാ മണ്ഡലങ്ങളിലും ആരാണ് സ്ഥാനാർത്ഥി എന്ന് ചർച്ചകളുയരും. എന്നാൽ പുതുപ്പള്ളിയിൽ ആരെന്ന കാര്യത്തിൽ ഒരിക്കലും ആർക്കും ഒരു തർക്കവുമുണ്ടായിരുന്നില്ല. അൻപത്തിമൂന്ന് വർഷം അജയ്യാനായി ഉമ്മൻ ചാണ്ടി വ്യക്തിമുദ്ര പതിപ്പിച്ച മണ്ണിൽ മിന്നും ജയത്തോടെയാണ് ചാണ്ടി ഉമ്മൻ യഥാർത്ഥ പിൻഗാമിയാകുന്നത്.
1970 മുതൽ ഇന്നേവരെ ഉമ്മൻ ചാണ്ടിയല്ലാതെ മറ്റൊരു നേതാവ് പുതുപ്പള്ളിയെ പ്രതിനീധീകരിച്ച് നിയമസഭയിലേക്ക് എത്തിയിട്ടില്ല. അതും വലിയ ഭൂരിപക്ഷങ്ങളിൽ. 1970-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു ഉമ്മൻ ചാണ്ടി. തെങ്ങ് ചിഹ്നത്തിലായിരുന്നു ആദ്യത്തെ മത്സരം. അന്ന് സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎ ആയിരുന്ന ഇ.എം ജോർജിനെ 7288 വോട്ടുകൾക്കാണ് ഉമ്മൻ ചാണ്ടി പരാജയപ്പെടുത്തിയത്. ഇന്ന് ചാണ്ടി ഉമ്മന്റെ ആദ്യ ജയമാകട്ടെ പുതുപ്പള്ളി മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിനും.
മറുനാടന് മലയാളി ബ്യൂറോ