- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓർത്ത്‌ഡോക്‌സ് യാക്കോബായ വോട്ടിൽ കുറവുണ്ടായി; പുതുപ്പള്ളിയിൽ സഭകൾ കൈവിട്ടെന്ന് സിപിഐ; ഇടതുപക്ഷ വോട്ട് അടിത്തറ നിലനിർത്തി; ഭരണ വിരുദ്ധ വികാരം അല്ലെന്നും വിലയിരുത്തൽ; ജില്ലയിൽ മുന്നണിയിലെ രണ്ടാമനാരെന്ന തർക്കം മുറുകും
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നിൽ ഭരണ വിരുദ്ധ വികാരം അല്ലെന്ന് വിലയിരുത്തി എൽ.ഡി.എഫ് ഘടകകക്ഷിയായ സിപിഐ. സഭകൾ കൈവിട്ടു. പുതുപ്പള്ളിയിൽ വൈകാരികത യു.ഡി.എഫിന് തുണയായി. 2021 ൽ കിട്ടിയ ഓർത്ത്‌ഡോക്‌സ് യാക്കോബായ വോട്ടിൽ കുറവുണ്ടായി. മുന്നണി വോട്ടിൽ കുറവുണ്ടായിട്ടില്ലെന്നും പാർട്ടി വിലയിരുത്തി.
പുതുപ്പള്ളിയിലെ തോൽവിയെക്കുറിച്ച് മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗം വി എൻ വാസവനും രംഗത്തെത്തി. ഇതിനേക്കാൾ വലിയ തോൽവി നേരെത്തെ നേരിട്ടിട്ടുണ്ട്. തോൽവിയിൽ ഞെട്ടലില്ല. സഹതാപ തരംഗം ആണ് പുതുപ്പള്ളിയിൽ ഉണ്ടായത്. തെരഞ്ഞെടുപ്പു നേരെത്തെ പ്രഖ്യാപിച്ചത് സംശയാസ്പദമാണ്. ബിജെപി കോൺഗ്രസ് ധാരണ ഇക്കാര്യത്തിൽ ഉണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബിജെപിക്ക് വോട്ട് കുറഞ്ഞതും ചേർത്ത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു .
സിപിഎം വോട്ട് എവിടെയും ചോർന്നിട്ടില്ല. കാലങ്ങളായി ലഭിച്ച വോട്ട് കിട്ടി. തന്റെ ബൂത്തിൽ മാത്രം അല്ല എല്ലാ സ്ഥലത്തും വോട്ട് കുറഞ്ഞുവെന്നും വാസവൻ പറഞ്ഞു. മാസപ്പടി മറുപടി അർഹിക്കാത്ത വിഷയമാണ്. പുതുപ്പള്ളിയിൽ അതൊന്നും ബാധിച്ചില്ല. സർക്കാർ വിരുദ്ധ വികാരവും ഉണ്ടായില്ല.
വ്യക്തിഹത്യ നടത്തിയെന്ന ചാണ്ടി ഉമ്മന്റെ ആരോപണം തെറ്റാണ്. വ്യക്തിഹത്യ തുടങ്ങിയത് കോൺഗ്രസ് പ്രവർത്തകരാണ്. ജെയ്ക്കിന്റെ ഭാര്യയ്ക്ക് നേരെ ആരോപണം ഉയർത്തി. ആരോടും അത് പാടില്ല എന്നാണ് നിലപാട്. സർക്കാർ എല്ലാ മണ്ഡലത്തിനും നൽകുന്ന പരിഗണന പുതുപ്പള്ളിക്കും നൽകും. വികസന കാര്യത്തിൽ രാഷ്ട്രീയം കലർത്തില്ലെന്നും അദ്ദേഹം പറഞ്ഞു
പുതുപ്പള്ളിയിൽ വൈകാരികത യു.ഡി.എഫിന് തുണയായെന്ന് സിപിഐ കോട്ടയം ജില്ല സെക്രട്ടറി വി.ബി ബിനു പ്രതികരിച്ചു. ഇടതുപക്ഷം വോട്ട് അടിത്തറ നിലനിർത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാറിന്റെ പോരായ്മകൾ, തിരുത്തലുകൾ, ശൈലി എന്നിവ തെരഞ്ഞെടുപ്പ് ഫലം മുൻനിർത്തി പരിശോധിക്കും. തെരഞ്ഞെടുപ്പിൽ ചിട്ടയായ പ്രവർത്തനം കാഴ്ചവെച്ചെന്നും ഘടകകക്ഷികൾ മികച്ച പ്രവർത്തനം നടത്തിയെന്നും വി.ബി ബിനു വ്യക്തമാക്കി.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എൽ ഡി എഫ് പ്രചാരണത്തിലെ വീഴ്ച വന്നതായി സിപിഐ നേതൃത്വം വിമർശനം ഉയർത്തിയിരുന്നു. സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ കോട്ടയം ജില്ലാ നേതൃത്വമാണ് ഇത്തരമൊരു റിപ്പോർട്ട് സമർപ്പിച്ചത്. യു ഡി എഫ് തുടക്കം മുതൽ തന്നെ പ്രചരണത്തിൽ ഏറെ മുന്നിലായിരുന്നു. എല്ലാ ജില്ലകളിൽ നിന്നുമുള്ള നേതാക്കളും പ്രവർത്തകരും ചാണ്ടി ഉമ്മന്റെ പ്രചരണത്തിനായി പുതുപ്പള്ളിയിലേക്ക് എത്തി.
മുതിർന്ന യു ഡി എഫ് നേതാക്കൾ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. തൃക്കാക്കര ശൈലയിൽ തന്നെയായിരുന്നു യു ഡി എഫ് പ്രചരണം. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടക്കുന്ന ഒരു തിരഞ്ഞെടുപ്പ് ആയതിനാൽ തന്നെ യു ഡി എഫ് പാളത്തിൽ ഇത്തവണ അഭിപ്രായ വ്യത്യാസങ്ങളും കുറവായിരുന്നു. പ്രചരണ പരിപാടികളെല്ലാം തന്നെ കൃത്യമായി നടത്താൻ യു ഡി എഫിന് സാധിച്ചെന്നും സിപിഐ ചൂണ്ടിക്കാട്ടിയിരുന്നു.
എൽ ഡി എഫ് പ്രചരണത്തിൽ പല പഞ്ചായത്തുകളിലും വീഴ്ചയുണ്ടായി. പഞ്ചായത്ത് തലത്തിൽ കൃത്യമായ ഏകോപനമുണ്ടായില്ല. ബൂത്ത് യോഗങ്ങൾ, കുടുംബ യോഗങ്ങൾ, ഭവനസന്ദർശനങ്ങളും കാര്യമായി നടന്നില്ല, നേരത്തെ തന്നെ തോൽവി ഉറപ്പിച്ച രീതിയിലായിരുന്നു ചില നേതാക്കളുടെ പ്രവർത്തനമെന്നും സിപിഐ കോട്ടയം ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിയെ അറിയിച്ചിരുന്നു.
അതേ സമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം സിപിഐ ആയുധമാക്കുമോ എന്നാണ് ഇനി അറിയേണ്ടത്. കേരള കോൺഗ്രസ് (എം) എൽഡിഎഫ് മുന്നണിയിൽ എത്തിയ ശേഷം കോട്ടയം ജില്ലയിൽ ആരാണ് രണ്ടാമൻ എന്ന തർക്കം തുടക്കം മുതൽ ഉണ്ടായിരുന്നു. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ കേരള കോൺഗ്രസ് (എം) സ്വാധീന മേഖലകളിൽ എൽഡിഎഫ് കുതിക്കുമെന്നായിരുന്നു കണക്കു കൂട്ടൽ.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് മുന്നണിയിലേക്ക് എത്തിയ കേരള കോൺഗ്രസിനു (എം) മധുവിധു കാലമായിരുന്നെന്നും ഇത്തവണ പക്വതയോടെ വോട്ടുകൾ എല്ലാം എൽഡിഎഫിന്റെ പെട്ടിയിൽ വീഴുമെന്നുമായിരുന്നു സിപിഎമ്മിന്റെ ആത്മ വിശ്വാസം. പ്രതീക്ഷകൾ എല്ലാം അസ്ഥാനത്തായെന്നാണ് ഇത്തവണത്തെ വോട്ട് നില വ്യക്തമാക്കുന്നത്. സ്വാധീന മേഖലയായ അയർക്കുന്നത്തും അകലക്കുന്നത്തും കേരള കോൺഗ്രസ്, സിപിഎമ്മിനെ കൈവിട്ടുവെന്നാണ് വോട്ടുനില സൂചിപ്പിക്കുന്നത്. ഇവിടങ്ങളിൽ ഉമ്മൻ ചാണ്ടിക്ക് ലഭിച്ചതിനെക്കാൾ നാലിരട്ടിവരെ വോട്ടുകൾ ചാണ്ടി ഉമ്മനു ലഭിച്ചു.
അനവസരത്തിൽ പോലും കേരള കോൺഗ്രസിനെ സിപിഎം പ്രീണിപ്പിക്കുന്നുവെന്ന പരാതി ഏറെ നാളായി സിപിഐ കോട്ടയം ജില്ലാ ഘടകത്തിനുണ്ടായിരുന്നു. കേരള കോൺഗ്രസിനെ ഒപ്പം നിർത്തി കോട്ടയം ജില്ലയിൽ സിപിഎം, കടന്നാക്രമിക്കാൻ തുടങ്ങിയിട്ടു നാളേറെയായെന്നു സിപിഐയുടെ പരാതി. മന്ത്രിയും സിപിഎം മുൻ ജില്ലാ സെക്രട്ടറിയുമായ വി.എൻ.വാസവന്റെ ഇടയ്ക്കിടയ്ക്കുള്ള പ്രസ്താവനകളും സിപിഐയെ ചൊടിപ്പിച്ചിരുന്നു.
ജില്ലയിൽ രണ്ടാം സ്ഥാനത്തുള്ള പാർട്ടി കേരള കോൺഗ്രസ് (എം) ആണെന്നു മന്ത്രി പലവട്ടം പറഞ്ഞിരുന്നു. സിപിഐയുടെ പക്കലുണ്ടായിരുന്ന ജില്ലയിലെ ഏക നിയമസഭാ മണ്ഡലം കൈവിടേണ്ടി വന്നതു സിപിഐയ്ക്ക് ഇനിയും മാനസികമായി അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല.
അടുത്തിടെ കുട്ടനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സിപിഎം വിട്ട 222 പേർക്ക് അംഗത്വം നൽകാൻ സിപിഐ മണ്ഡലം കമ്മിറ്റി ധൈര്യം കാട്ടിയതോടെ 'വല്യേട്ടനു' മുൻപിൽ പഞ്ചപുച്ഛമടക്കി നിൽക്കേണ്ടെന്ന വികാരമാണ് സിപിഐയുടെ പൊതുവികാരമായി കണ്ടത്. എൽഡിഎഫിലെ 'ജന്മി - കുടിയാൻ' ബന്ധത്തിനു കടിഞ്ഞാണിടാൻ സിപിഐ തയ്യാറെടുത്തതിന്റെ സൂചന കൂടിയാണ് കുട്ടനാട് സംഭവം. കുട്ടനാട്ടിലെ സിപിഎമ്മിൽ ഉണ്ടായ വിഭാഗീയതയാണ് സിപിഐ മുതലെടുത്തത്. 2 ഏരിയ കമ്മിറ്റി അംഗങ്ങളും 19 ലോക്കൽ കമ്മിറ്റിഅംഗങ്ങളുമാണ് സിപിഎം വിട്ടത്.
മന്ത്രി വാസവനെതിരെയുള്ള പടയൊരുക്കത്തിനു കിട്ടുന്ന അവസരങ്ങൾ ജില്ലയിലെ സിപിഐക്കാർ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു. സഹകരണ വകുപ്പിനെതിരെ സമരവുമായി സിപിഐ യൂണിയൻ രംഗത്തിറങ്ങിയതും ഇതിനു ഉദാഹരണമാണ്. സംസ്ഥാന സഹകരണ വകുപ്പിനെതിരെ സിപിഐ ട്രേഡ് യൂണിയൻ തെക്കൻ കേരളത്തിൽ സമര പ്രചാരണ ജാഥ നടത്തുകയും ചെയ്തിരുന്നു.
സഹകരണ മേഖലയെ സംരക്ഷിക്കുക, സംഘം ജീവനക്കാരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (കെസിഇസി) ഉന്നയിച്ചത്. എഐടിയുസി സംസ്ഥാന കൗൺസിലിന്റെ സഹകരണത്തോടെയായിരുന്നു മേഖല ജാഥകൾ സംഘടിപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ